Friday 22 February 2019 11:25 AM IST : By സ്വന്തം ലേഖകൻ

മരം പ്രകൃതിക്ക് അലുമിനിയം നിർമിതിക്ക്; നിർമാണ രംഗത്തെ തടിയുടെ പ്രതാപം പഴയകഥ, അലുമിനിയമാണ് താരം

al

നിർമാണ മേഖലയിൽ അലുമിനിയം ശക്തി പ്രാപിക്കുകയാണ്. തടി പ്രകൃതിക്കും അലുമിനിയം നിർമാണത്തിനും എന്നതാണ് പുതിയ മുദ്രാവാക്യം. പരിസ്ഥിതി സൗഹാർദം, ഭാരക്കുറവ്, ബലക്കൂടുതൽ എന്നീ ഗുണങ്ങള്‍ അലുമിനിയത്തെ ജനപ്രിയമാക്കുന്നു. 

കേരളം അഭിമുഖീകരിച്ച മഹാപ്രളയത്തിൽ അലുമിനിയം നിർമിതികൾ കേടുപാടുകളെ അതിജീവിച്ചുവെന്ന വസ്തുത അലുമിനിയത്തിന്റെ പ്രസക്തി ബോധ്യപ്പെടുത്തുന്നു. വീടുകളിലായാലും വാണിജ്യസ്ഥാപനങ്ങളിലായാലും നിർമാണത്തിന്റെ എല്ലാ മേഖലകളിലും ഇന്ന് അലുമിനിയം ഉപയോഗിച്ചുവരുന്നു. അലുമിനിയത്തിന്റെ പുതിയ സാധ്യതകൾ അനുദിനം വർധിച്ചുകൊണ്ടിരിക്കുകയാണ്.

അലുമിനിയത്തിന് പൗഡർ കോട്ടിങ് വഴി ഇഷ്ടമുള്ള നിറം നൽകാം. ഏതു തടിയുടെയും ഫിനിഷ് നൽകാൻ വുഡ് ഫിനിഷ് കോട്ടിങ് ഉണ്ട്. അലുമിനിയത്തിന്റെ സ്വാഭാവിക ഭംഗി നൽകാൻ അനൊഡൈസിങ് ചെയ്യാം. മനസ്സിൽ കാണുന്ന നിറവും ഫിനിഷുമൊക്കെ ലഭ്യമാണെന്നു ചുരുക്കം.

വീടുനിർമാണത്തിൽ അലുമിനിയത്തിന്റെ ഉപയോഗങ്ങൾ എന്തൊക്കെയെന്ന് അറിയാം.

al4

1. ഭിത്തി

കട്ടകൊണ്ടുള്ള ചുമരിനു പകരം അലുമിനിയം വിൻഡോ പാനൽ കൊണ്ട് ഭിത്തി നിർമിക്കാം. എളുപ്പത്തിൽ പണിയാൻ സാധിക്കും. ഉൾഭാഗത്ത് ജിപ്സം, സിമന്റ് ബോർഡ് തുടങ്ങിയവ നൽകാം. പുറമേക്ക് ഗ്ലാസ്, എസിപി എന്നിവ നൽകി ഭംഗിയേകാം. കനം കുറവാണെന്നതും പ്രത്യേകതയാണ്. ഇത് വിപണിയിലെത്തിയിട്ടേയുള്ളൂ.

2. കിച്ചൻ കാബിനറ്റ്

അലുമിനിയം –ഹൈലം ഷീറ്റ് കോംബിനേഷൻ കിച്ചൻ കാബിനറ്റിനുള്ള ചെലവു കുറഞ്ഞ മാർഗമാണ്. അലുമിനിയം കോംപസിറ്റ് പാനൽ കൊണ്ടുള്ള കാബിനറ്റ് ഷട്ടറുകളും ഉപയോഗിച്ചു വരുന്നുണ്ട്. അലുമിനിയം ഫ്രെയിമുകളിൽ ഗ്ലാസ് പോലെയുള്ള മറ്റ് നിർമാണസാമഗ്രികള്‍ പിടിപ്പിച്ച് കാബിനറ്റ് നിർമിക്കുന്നതും സർവസാധാരണമാണ്.

മുഴുവനായും അലുമിനിയം കൊണ്ടുള്ള മോഡുലർ കിച്ചൻകാബിനറ്റുകൾ വിപണിയിലെത്തിയിട്ടുണ്ട്. ചതുരശ്രയടിക്ക് 1,400 രൂപയാണ് ചെലവ്. മൊഡ്യൂളുകളായാണ് പിടിപ്പിക്കുന്നത്. പണി എളുപ്പം തീർക്കാനാവുമെന്നതാണ് മറ്റൊരു ഗുണം. സ്ലാബിന്റെ ആവശ്യമില്ല. കൗണ്ടർടോപ് മാത്രം മതി. വൃത്തിയാക്കാൻ എളുപ്പമാണ്. പോറൽ വീഴാനുള്ള സാധ്യത ഉണ്ട്. അങ്ങനെ സംഭവിച്ചാൽ പോളിഷ് ചെയ്യാം.

al-9

3. പാർട്ടീഷൻ

മുറികളോ ഇടങ്ങളോ തമ്മിൽ വേർതിരിക്കാൻ അലുമിനിയം പാർട്ടീഷൻ ഉപയോഗിക്കാം. അലുമിനിയം പാനലുകൾ ഉപയോഗിച്ചോ അലുമിനിയം ഫ്രെയിമിൽ മറ്റു നിർമാണസാമഗ്രികൾ പിടിപ്പിച്ചോ പാർട്ടീഷൻ നിർമിക്കാം.

4. ക്ലാഡിങ്

ക്ലാഡിങ്ങിന് അലുമിനിയം കോംപസിറ്റ് പാനലാണ് (എസിപി) കൂടുതലായും ഉപയോഗിക്കുന്നത്. വീടുകളുടെയും വാണിജ്യസ്ഥാപനങ്ങളുടെയും അകത്തെയും പുറത്തെയും ചുമരുകൾ ക്ലാഡ് ചെയ്യാൻ എസിപിയെ കൂട്ടുപിടിക്കാം. എസിപി ക്ലാഡിങ് ചെയ്താൽ ചുമരുകൾ പുട്ടിയിട്ട് പെയിന്റ് ചെയ്യേണ്ട ആവശ്യമില്ല, ടൈൽ ഒട്ടിക്കുന്നതിലും എളുപ്പം ചെയ്യാം എന്നീ ഗുണങ്ങളുണ്ട്. നനഞ്ഞാലും വെയിലടിച്ചാലും പ്രശ്നമില്ല, ഭാരം കുറവ് എന്നിവയും എസിപിയുടെ മെച്ചമാണ്.

al-8

8x4, 10x4, 12x4 അടി അളവുകളിൽ എസിപി ലഭിക്കുന്നു. മൂന്ന്–നാല് എംഎം കനമുള്ള പാനൽ ഉപയോഗിക്കാൻ ശ്രദ്ധിക്കണം. തടിയുടെ ഏതൊക്കെ നിറങ്ങളുണ്ടോ അതിലൊക്കെ ലഭ്യമാണ്.

പല നിറങ്ങളിലും തടി, മാർബിൾ, ഗ്രാനൈറ്റ്, സിൽവർ തുടങ്ങിയ ഫിനിഷുകളിലും എസിപി ലഭിക്കും. സാദാ ഫിനിഷുകൾക്ക് ചതുരശ്രയടിക്ക് 80 രൂപ വില വരുമ്പോൾ പ്രീമിയം ഫിനിഷുകൾക്ക് 135–150 രൂപ വിലയുണ്ട്. കിച്ചൻ കാബിനറ്റ്, വാഡ്രോബുകൾ എന്നിവയുടെ ഷട്ടറുകളിലും എസിപി നൽകാറുണ്ട്. അലുമിനിയം ഫ്രെയിമിൽ ഇവ പിടിപ്പിക്കുകയാണ് ചെയ്യുന്നത്.

ഇതേ ആവശ്യങ്ങൾക്ക് അലുമിനിയം പാർട്ടീഷൻ പാനലും (എപിപി) ഉപയോഗിക്കാം. ചതുരശ്രയടിക്ക് 50–55 രൂപയാണ് വില. പക്ഷേ, ഗുണനിലവാരം കൂടുതൽ എസിപിക്കാണ്.

ചുമരുകളില്‍ അലുമിനിയം പാനലിങ് ചെയ്യാൻ സാധിക്കും. 100 എംഎം വീതിയും അഞ്ച് എംഎം കനവും 15 അടി നീളവുമുള്ള പാനലുകളെ ആവശ്യാനുസരണം പിടിപ്പിക്കാം. തടിയുടെ ഫിനിഷുള്ള ഇവ കണ്ടാൽ തടിയല്ലെന്ന് തോന്നുകയേയില്ല. ചതുരശ്രയടിക്ക് 200 രൂപയാണ് വില. ഭിത്തിയിൽ ഫ്രെയിം വച്ച് അതിലേക്ക് പിടിപ്പിക്കുകയാണ് ചെയ്യുന്നത്. വീടു മാറുമ്പോൾ ഊരിയെടുത്ത് വീണ്ടും ഉപയോഗിക്കുകയും ചെയ്യാം.

al-7

5. ഫർണിച്ചർ

അലുമിനിയം ഫർണിച്ചറും ട്രെൻഡ് ആവുകയാണ്. കാഴ്ചയ്ക്ക് അതിമനോഹരമായ ഫർണിച്ചർ ഉപയോഗക്ഷമതയിലും മുന്നിലാണ്. കൂടുതൽ ബലം, ഭാരം കുറവ് എന്നിവയാണ് അലുമിനിയം ഫർണിച്ചറിന്റെ പ്രധാനഗുണം. തുരുമ്പെടുക്കില്ല, ചിതലരിക്കില്ല, ദ്രവിക്കില്ല തുടങ്ങി മേന്മകൾ വേറെയും.

മരങ്ങൾ വെട്ടി മുറിക്കാതെ തടിയുടെ ഫിനിഷിലുള്ള ഫർണിച്ചർ ലഭിക്കുന്നു. ട്രെൻഡ് മാറുമ്പോൾ പേടിക്കേണ്ട, ഫർണിച്ചർ പുനരുപയോഗിക്കാൻ സാധിക്കും. വാഡ്രോബ്, സോഫ, സ്റ്റഡി ടേബിൾ, ഷൂറാക്ക്, ടിവി യൂണിറ്റ്, ഡൈനിങ് ടേബിൾ തുടങ്ങി എല്ലാ തരം ഫർണിച്ചറും അലുമിനിയത്തിൽ ലഭിക്കും. റെഡിമെയ്ഡും കസ്റ്റംമെയ്ഡുമുണ്ട്. മുഴുവനായും അലുമിനിയത്തിലുള്ളതു കൂടാതെ അലുമിനിയം ഫ്രെയിമിൽ മൾട്ടിവുഡ്, പ്ലൈവുഡ് തുടങ്ങിയവ നൽകിയും ഫർണിച്ചർ പണിയാം. അലുമിനിയം കൊണ്ടുള്ള റെഡിമെയ്ഡ് വാഷ് കൗണ്ടറും സ്റ്റോറേജ് യൂണിറ്റും വിപണിയിൽ ലഭിക്കും. വാഷ്ബേസിനും സ്റ്റോറേജും അടങ്ങുന്ന യൂണിറ്റിന് 15,500 രൂപയാണ് വില.

തേക്ക്, മഹാഗണി തുടങ്ങി തടിയുടെ ഫിനിഷുകൾ, പല നിറങ്ങൾ എന്നിങ്ങനെ ഫർണിച്ചർ ലഭിക്കും.

al-5

6. വാതിലുകൾ, ജനലുകൾ

ബാത്റൂമുകൾക്ക് അലുമിനിയം വാതിലുകൾ നൽകുന്നത് സാധാരണമാണ്. എന്നാൽ അലുമിനിയത്തിലുള്ള പ്രധാന വാതിലുകളും ഇപ്പോള്‍ ട്രെൻഡ് ആയി മാറിയിട്ടുണ്ട്. തടി പോലെതന്നെ തോന്നിക്കുന്ന വാതിലുകളുണ്ട്. അതല്ല, അലുമിനിയവും ഗ്ലാസും ചേർന്ന വാതിലുകൾ വേണമെന്നുള്ളവർക്ക് അതുമുണ്ട്. ഒരു പാളിയായോ രണ്ടു പാളിയായോ വാതിലുകൾ പണിയാം. കസ്റ്റംമെയ്ഡ് ആയി പണിതു കിട്ടും. ലൂവർ ഡിസൈൻ വാതിലുകളും ജനലുകളും അലുമിനിയത്തിൽ ചെയ്യാൻ സാധിക്കും. ഫ്രെയിം, കൈപ്പിടികൾ ഉൾപ്പെടെ മുഴുവനായും അലുമിനിയം കൊണ്ടുള്ള വാതിലുകളുമുണ്ട്. അലുമിനിയം വാതിലുകൾ 10,000 രൂപ മുതൽ വിലയ്ക്കു ലഭിക്കും. അളവിനും ഡിസൈനും അനുസരിച്ച് വിലയിൽ വ്യത്യാസം വരും.

al-3

മുഴുവനായും അലുമിനിയം കൊണ്ടുള്ള ജനലുകൾ ഇപ്പോൾ ലഭ്യമാണ്. ഫ്രെയിമും ഗ്രില്ലും കൂടി ചതുരശ്രയടിക്ക് 400 രൂപ ചെലവു വരും. കൂടാതെ, അലുമിനിയം ഫ്രെയിമിൽ യുപിവിസി പോലെയുള്ള മറ്റു നിർമാണ സാമഗ്രികൾ കൊണ്ടു ഷട്ടറുകൾ നൽകുന്ന രീതിയും നിലവിലുണ്ട്. ജനലിന്റെ സ്റ്റീൽ കമ്പികൾ മികച്ച ഫിനിഷിനായി അലുമിനിയം കൊണ്ടു പൊതിഞ്ഞും ചിലർ നൽകാറുണ്ട്. ഇത് റെഡിമെയ്ഡ് ആയും കിട്ടും.

7. ഗോവണി

മിക്ക വീടുകളുടെയും ഭാഗമാണ് അലുമിനിയം ലാഡർ. സീലിങ്ങും ഫാനും വൃത്തിയാക്കാൻ, ഉയരത്തിൽ സാധനങ്ങൾ വയ്ക്കാനും എടുക്കാനും തുടങ്ങി പല ആവശ്യങ്ങൾക്ക് ഉപയോഗപ്പെടും. അലുമിനിയത്തിന്റെ നിറത്തിലുള്ള ഗോവണികള്‍ മാത്രമല്ല, പല നിറങ്ങളിലുള്ളവ ലഭ്യമാണ്. നാല് അടിയുള്ള ലാഡറിന് 1,700 രൂപ വില വരും. 11 അടി ഉയരമുള്ള മൾട്ടിഫോൾഡർ ലാഡറിന് 6,400 രൂപയാണ്. മൂന്ന് മുതൽ 24 അടി വരെയുള്ള ഗോവണികൾ ലഭിക്കും.

al-1

8. സീലിങ്

സീലിങ്ങിനും അലുമിനിയത്തിന്റെ ഭംഗി പകരാം. അലുമിനിയം ചാനലിൽ മൾട്ടിവുഡ് പോലെയുള്ള ബോർഡുകൾ നൽകി ഫോൾസ് സീലിങ് ചെയ്യുന്നത് ചെലവു കുറഞ്ഞ മാർഗമാണ്. അലുമിനിയം പാനലുകൾ മാത്രം നൽകി ഫോൾസ് സീലിങ് ചെയ്യുന്നതും ഇപ്പോള്‍ ട്രെൻഡ് ആയി വരുന്നു. 100 എംഎം വീതിയും അഞ്ച് എംഎം കനവും 15 അടി നീളവുമുള്ള പാനലുകളെ ആവശ്യാനുസരണം പിടിപ്പിക്കാം. ചതുരശ്രയടിക്ക് 250 രൂപയാണ് ചെലവ്.

9. മേൽക്കൂര

അലുമിനിയം മേൽക്കൂരകൾ ചെലവു കുറഞ്ഞതും ഭാരം കുറഞ്ഞതുമാണ്. ജിെഎ ഷീറ്റിന് മേൽ അലുമിനിയം കോട്ടിങ് ഉള്ള ഗാൽവാല്യും ഷീറ്റുകളും വിപണിയിൽ ചലനമുണ്ടാക്കുന്നുണ്ട്. 0.40 എംഎം, 0.46 എംഎം, 0.56 എംഎം എന്നീ കനത്തിലാണ് അലുമിനിയം ഷീറ്റുകൾ മേൽക്കൂരയ്ക്കായി പുറത്തിറക്കുന്നത്. ചതുരശ്രയടിക്ക് 35 രൂപ മുതലാണ് വില. എളുപ്പം ചൂടാകുന്ന അലുമിനിയം പെട്ടെന്ന് തണുക്കുകയും ചെയ്യും. പിന്നീട് ഷീറ്റ് വിറ്റാലും മോശമല്ലാത്ത വില ലഭിക്കും. അലുമിനിയം സിങ്ക് കോട്ടഡ് സ്റ്റീൽ ഷീറ്റിൽ വോൾക്കാനിക് നാച്വറൽ സ്റ്റോൺ ഗ്രാന്യൂൾസ് പതിപ്പിച്ച, ഇറക്കുമതി ചെയ്ത റൂഫിങ് ഷീറ്റും വിപണിയിലുണ്ട്.

10. പർഗോള

കോർട്‌യാർഡ്, സിറ്റ്ഔട്ട് തുടങ്ങിയ ഇടങ്ങളിൽ പർഗോള നൽകുന്നത് പതിവാണ്. കോൺക്രീറ്റിനു പകരം അലുമിനിയം പർഗോള നൽകാം. ചെലവും ഭാരവും കുറവാണ്.

11. റെയ്‌ലിങ്, ഗെയ്റ്റ്

ബാൽക്കണി, സ്റ്റെയർകെയ്സ് തുടങ്ങിയ ഇടങ്ങളിലൊക്കെ ഈയടുത്ത കാലം വരെ അലുമിനിയം റെയ്‍‌ലിങ്ങുകൾ സർവ സാധാരണമായിരുന്നു. എന്നാൽ നല്ല പണിക്കാരെ കിട്ടാതായതോടെ റെയ്‌ലിങ്ങുകൾക്ക് കേടുപാടുകൾ വരികയും അങ്ങനെ അവയോടുള്ള ജനപ്രീതി കുറയുകയും ചെയ്തു. എന്നാൽ ഇപ്പോൾ അലുമിനിയം ശക്തമായ സാന്നിധ്യമായി മാറുന്ന സാഹചര്യത്തിൽ റെയ്‌ലിങ്ങുകളും തിരിച്ചുവരവിനൊരുങ്ങുകയാണ്.

ഇടക്കാലത്ത് അലുമിനിയം ഗെയ്റ്റിനോടുള്ള താൽപര്യം കുറഞ്ഞിരുന്നെങ്കിലും ഇപ്പോൾ ഗെയ്റ്റും പൂർവാധികം ശക്തിയോടെ തിരിച്ചെത്തിയിട്ടുണ്ട്. സ്റ്റീൽ ഫ്രെയിമിൽ പണിയുന്ന അലുമിനിയം ഗെയ്റ്റുകൾക്ക് ഭാരം കുറവാണ്. കൂടാതെ, സ്റ്റീൽ ഗെയ്റ്റിൽ അലുമിനിയം കൊണ്ടുള്ള അലങ്കാരപ്പണികൾ ചെയ്യാറുമുണ്ട്.

12. മിറർ, ഫോട്ടോ ഫ്രെയിം

കണ്ണാടി, പെയിന്റിങ്ങുകൾ, ഫോട്ടോ, ലാംപ് തുടങ്ങിയവയുടെ ഫ്രെയിമിനും അലുമിനിയം ഉപയോഗിക്കാം. ഇഷ്ട ഫിനിഷ് നൽകുകയും ചെയ്യാം.

13. ഗ്രിൽ, കൊതുകുവല

വർക്ഏരിയ, ബാൽക്കണി പോലെയുള്ള ഇടങ്ങളിലേക്ക് അലുമിനിയം ഗ്രിൽ വളരെ അനുയോജ്യമാണ്. വില: ചതുരശ്രയടിക്ക് 70 രൂപ. ജനലിലും വാതിലിലും പിടിപ്പിക്കാൻ അലുമിനിയം കൊണ്ടുള്ള കൊതുകുവലകളും സുലഭമാണ്. വില: ചതുരശ്രയടിക്ക് 16 രൂപ.

14. കൈപ്പിടി, ടവർ ബോൾട്ട്

വാതിൽ, കാബിനറ്റ്, വാഡ്രോബ് എന്നിവയ്ക്കെല്ലാം ചെലവു കുറഞ്ഞ അലുമിനിയം ഹാൻഡിലുകൾ നൽകാം. ഒന്നിന് ഒൻപത്–11 രൂപ വരെയാണ് വില. അമേരിക്കൻ അലുമിനിയം കൈപ്പിടിക്ക് 40–42 രൂപ വിലയുണ്ട്.

വാതിലിന്റെയും ജനലിന്റെയും ടവർബോൾട്ടുകൾക്ക് 20–25 രൂപയാണ് വില.

15. റിവറ്റ്

റിവറ്റ്, പൈപ്പ് തുടങ്ങിയ അലുമിനിയം ഹാർഡ്‌വെയർ ഉൽപന്നങ്ങളും വിപണിയിലുണ്ട്. 500 എണ്ണത്തിന്റെ റിവറ്റ് പാക്കറ്റിന് 210 രൂപയാണ് വില.■

al

എന്തുകൊണ്ട് അലുമിനിയം?

പരിസ്ഥിതി സൗഹാർദം, ഭാരക്കുറവ്, ബലക്കൂടുതൽ എന്നിവയാണ് അലുമിനിയത്തിന്റെ പ്രധാന ഗുണങ്ങൾ. മറ്റു ലോഹങ്ങളെ അപേക്ഷിച്ച് അലുമിനിയത്തിന് മേന്മകൾ പലതാണ്. സ്റ്റീലിനു പകരം ഭാരം കുറഞ്ഞ അലുമിനിയം ഉപയോഗിക്കുന്നത് വലിയ ആഴത്തിലുള്ള ഫൗണ്ടേഷൻ ഒഴിവാക്കുന്നതിന് സഹായിക്കും. വളരെ വേഗത്തിലും ഭംഗിയിലും നിർമിക്കാമെന്നതും അലുമിനിയത്തിന്റെ മേന്മയാണ്.

100 ശതമാനം പുനരുപയോഗിക്കാൻ കഴിയുന്നു. ഇഷ്ട ഡിസൈനും ഇഷ്ട നിറവും നൽകാൻ സാധിക്കും. നിർമാണത്തിലെ ലാളിത്യവും ചെലവു കുറവും മെയിന്റനൻസ് കുറവും എടുത്തു പറയേണ്ടതാണ്.

80 വർഷത്തിനു മുകളിൽ ആയുസ്സുള്ളവയാണ് അലുമിനിയം രൂപകൽപനകൾ. ഏതു കാലാവസ്ഥയെയും അതിജീവിക്കാൻ കഴിയുമെന്നതും പ്രധാന സവിശേഷതയാണ്. –80 ഡിഗ്രി സെൽഷ്യസിനും +300 ഡിഗ്രി സെൽഷ്യസിനും ഇടയിലുള്ള താപനിലയിൽ ഇത് നശിക്കുന്നില്ല. തണുക്കുമ്പോൾ ശക്തമാകുന്നതിനാൽ തണുത്ത പ്രദേശങ്ങളിലെ നിർമാണത്തിലെ അവിഭാജ്യ ഘടകമാണ്.

ഉപയോഗശേഷം വിറ്റാൽ വാങ്ങിയതിന്റെ 50–60% വില ലഭിക്കുമെന്നതും അലുമിനിയത്തിന്റെ പ്രത്യേകതയാണ്. അബുദാബിയിലെ ഫെരാരി വേൾഡ്, സോളിലെ ജിടി സെന്റർ, മാഞ്ചെസ്റ്ററിലെ കോ–ഓപറേറ്റിവ് ബിൽഡിങ്, ലണ്ടനിലെ ആദ്യത്തെ പരിസ്ഥിതി സൗഹാർദ കെട്ടിടമായ സെന്റ് മേരീസ് ആക്സെ, ദ് സേജ് ഗേറ്റ്ഷെഡ്, ‍റഷ്യയിലെ ഒളിംപിക് സ്റ്റേഡിയം തുടങ്ങി ലോകത്തിലെ പല വൻകിട കെട്ടിടങ്ങളും നിർമിച്ചിരിക്കുന്നത് അലുമിനിയത്തിലാണ്.

വിവരങ്ങൾക്ക് കടപ്പാട്:

അലുമിനിയം ആൻഡ് അലൈഡ് സെന്റർ,

രാമൻചിറ, തിരുവല്ല. aac.tvla@gmail.com

ഭവനം അലുമിനിയം ഫർണിച്ചർ, കാക്കനാട്, കൊച്ചി.

www.bavanam.com

ജെ ആൻഡ് ജെ ട്രേഡേഴ്സ്, കൂനമ്മാവ്, കൊച്ചി

jandjekm@gmail.com

മലബാർ ട്രേഡിങ്, മലപ്പുറം. www.alutuff.in