Tuesday 11 May 2021 04:29 PM IST : By സ്വന്തം ലേഖകൻ

ജനാലയില്ലാത്ത വീട് എന്ന് കളിയാക്കിയവർ പിന്നീട് ആരണ്യകയുടെ ആരാധകരായി മാറി. അറിയാം, വെറൈറ്റി വീടിന്റെ കഥ

aranya-cover

വീടു പണി നടക്കുമ്പോൾ ബന്ധുക്കളും നാട്ടുകാരും ജനലില്ലാത്ത വീട് എന്ന് കളിയാക്കിയപ്പോൾ വീട്ടുകാരൻ പ്രമോദും ഡിസൈനർ അരുണും നിശബ്ദരായിരുന്നതേയുള്ളൂ. ഇതേ ആളുകൾ ഗൃഹപ്രവേശത്തിനെത്തിയപ്പോൾ വീടിന്റെ ആരാധകരായി മാറി. 

സംഭവം സത്യമാണ്! മുന്നിൽ നിന്നു നോക്കിയാൽ ഒരൊറ്റ ജനലേ കാണാനുള്ളൂ. പാശ്ചാത്യ ശൈലിയിൽ ബോക്സ് ടൈപ്പ് ഡിസൈനാണ് എലിവേഷന്. മുന്നിലെ ലിവിങ് റൂമിനാണ് ആകെയുള്ള ജനൽ. മുകളിൽ ഹോം തിയറ്ററാണ്. അതിന് ജനൽ നൽകാനാവില്ല. വലതു വശത്ത് ടോയ്ലറ്റുകൾ വരുന്നതിനാൽ ചെറിയ വെന്റിലേഷനേ അവിടെ നൽകാൻ സാധിക്കുകയുള്ളൂ.

ഇൻഡയറക്ട് ആയി പ്രകാശ സ്രോതസ്സുകൾ നൽകിയാണ് അരുൺ ഈ പ്രതിസന്ധി തരണം ചെയ്തത്. വശങ്ങളിൽ നിന്നും മുകളിൽ നിന്നും വെളിച്ചത്തെ ഉള്ളിലേക്കാവാഹിച്ചു. 

മറ്റൊരു കാര്യം കൂടി അരുണിനു തുണയായി. പ്ലോട്ടിനു രണ്ടു വശത്തും വഴികളായതിനാൽ അവിടെ പ്രകാശം തടസ്സപ്പെടുത്താൻ കെട്ടിടങ്ങളൊന്നുമില്ല. ഈ സാധ്യതയും മുതലെടുത്തു.

aranya-6

തിരുവനന്തപുരം വട്ടിയൂർക്കാവിനടുത്ത് വെള്ളായിക്കടവിലാണ് 1950 ചതുരശ്രയടിയുള്ള ആരണ്യക എന്ന ഈ വീട്. സോഫ്റ്റ് വെയർ എൻജിനീയർ ആയ പ്രമോദിന്റെ ആവശ്യം ആ പ്രദേശത്ത് അധികം കാണാനിടയില്ലാത്ത തരം വീട് വേണമെന്നതായിരുന്നു. കന്റെംപ്രറി ശൈലിയിലുള്ള വീടൊരുക്കിയാണ് അരുൺ പ്രമോദിന്റെ ആഗ്രഹം സാധിച്ചു നൽകിയത്. മൂന്ന് കിടപ്പുമുറികൾ വേണം, ഹോം തിയറ്റർ വേണം, പുറത്തേക്ക് ഇറങ്ങിയിരിക്കാനുള്ള സ്പേസ് വേണം എന്നതും പ്രമോദിന്റെ ആഗ്രഹങ്ങളുടെ പട്ടികയിലുണ്ടായിരുന്നു.  ജി ഐയും ഗ്ലാസും കൊണ്ട് ചെലവു കുറച്ചാണ് കാർപോർച്ച് നിർമിച്ചത്.

aranya-3
aranya-2

സിറ്റ് ഔട്ടിനോടു ചേർന്ന് കോർട് യാർഡുണ്ട്. ലിവിങ് റൂമിൽ എൽ ഷേപ് സോഫയും ടിവി യൂണിറ്റും നൽകി. ടിവി യൂണിറ്റിനു പിന്നിൽ പൂജാ സ്പേസ് ഒരുക്കി. ഗ്രിൽ വർക് ചെയ്ത് ഇൻഡോർ പ്ലാന്റ്സ് വച്ചാണ് ഈ പാർട്ടീഷൻ ഒരുക്കിയത്. പരിചരിക്കാൻ എളുപ്പമുള്ള, സക്കുലന്റ്സ് ആണ് ഇവിടേക്ക് തിരഞ്ഞെടുത്തത്. 

പൂജാസ്പേസിൽ കാറ്റാടിക്കഴ കൊണ്ട് ഫ്രെയിംവർക് ഉണ്ടാക്കി അതിൽ ഓം, വിഘ്നേശ്വര മന്ത്രം എന്നിവ ആലേഖനം ചെയ്തു. വോൾപേപ്പർ ഒട്ടിച്ച് വെട്ടുകല്ല്‌, തടി എന്നിവയുടെ ടെക്സ്ചർ നൽകി. സി എൻസി കട്ടിങ് ചെയ്ത് മുകളിൽ നിന്ന് സൂര്യപ്രകാശം ഇവിടേക്ക് എത്താനുള്ള സംവിധാനം ഒരുക്കിയിട്ടുണ്ട്. ഇത് ഈയിടത്തിന് ആത്മീയ ചൈതന്യം നൽകുന്നു. ചട്ടികളിൽ ചെടി വച്ച് പൂജായിടം മനോഹരമാക്കി. 

aranya-44

ഡൈനിങ് - അടുക്കള എന്നിവ ഓപൻ ആണ്. അടുക്കളയിലെ ബ്രേക്ഫാസ്റ്റ് കൗണ്ടറിൽ ഉയരം കൂടിയ കസേരകളാണല്ലോ സാധാരണ നൽകാറുള്ളത്. അതിനു പകരം ഇവിടെ ബ്രേക്ഫാസ്റ്റ് കൗണ്ടറിന്റെ ഫ്ലോർ അൽപം ഉയർത്തി നൽകി. ഇതാണ് ഗോവണിയുടെ ആദ്യപടിയായി വരുന്നത്.

aranya-7

ഡൈനിങ്ങിനോടു ചേർന്നാണ് പൂജാ സ്പേസും ഗോവണിയും. ഈ രണ്ടിടങ്ങളിലെയും സ്കൈ ലൈറ്റുകളിൽ നിന്നുള്ള വെളിച്ചം വീടിനുള്ളിൽ നിറയെ പ്രകാശമെത്തിക്കുന്നു. ജനലില്ലാത്ത വീട്ടിൽ പകൽ ലൈറ്റിടേണ്ട ആവശ്യം വരുന്നില്ല!

പൂജായിടത്തിൽ നിന്ന് പുറത്തേക്ക് പാഷ്യോ നൽകി. ബുദ്ധ രൂപവും ചെറിയ വാട്ടർ ബോഡിയും ഇരിപ്പിടവും ചെടികളുമായി ഇവിടം ആകർഷകമാക്കി. വാം ലൈറ്റിങ്ങ് രാത്രിയിൽ ഈയിടത്തിന് പ്രത്യേക ഭംഗിയേകുന്നു. വീടിനുള്ളിൽ കോർട് യാർഡ് ഇല്ലാത്തതിന്റെ പോരായ്മ തീർക്കുന്നത് ഈ പാഷ്യോയാണ്. അകത്തിരുന്നും ഇതിന്റെ ഭംഗി ആസ്വദിക്കാം.

aranya-5

സ്വകാര്യത ഉറപ്പാക്കാൻ കിടപ്പുമുറികൾ അടുത്തടുത്ത് നൽകിയില്ല.മുകളിലെ നിലയിൽ ഹോം തിയറ്ററും ഒരു കിടപ്പുമുറിയുമാണുള്ളത്. 

aranya

മുറികളിലെല്ലാം ജിപ്സം ബോർഡ് കൊണ്ട് ഫോൾസ് സീലിങ് ചെയ്തു. വോൾപേപ്പർ ഒട്ടിച്ച് ഫോൾസ് സീലിങ്ങിന് തടിയുടെ ഫിനിഷ് നൽകി. ടിവി യൂണിറ്റിലും കിട്ടലുകളുടെ ഹെഡ്ബോർഡുകളിലും വോൾപേപ്പർ ഒട്ടിച്ച് മോടികൂട്ടി.

വിട്രിഫൈഡ് ടൈൽ കൊണ്ടാണ് ഫ്ലോറിങ്. കിച്ചൻ കാബിനറ്റുകൾ ലാമിനേറ്റഡ് മറൈൻ പ്ലൈ കൊണ്ടാണ്. എർത്തി നിറങ്ങളാണ് വീടിനുള്ളിൽ. 

കടപ്പാട്:

ടി.ജി. അരുൺ

ദ് ഗ്രാഫൈറ്റ് ഡിവൈൻ ഹോംസ്

തിരുവനന്തപുരം

ph: 98959 55955

ചിത്രങ്ങൾ: എൻ. രാജേഷ്