Monday 26 April 2021 12:50 PM IST

ഒരറ്റത്തു നിന്ന് മറ്റേ അറ്റത്തേക്ക് പോണമെങ്കിൽ ഓട്ടോ പിടിക്കണം; കണ്ണൂരിലെ എസ് കെ വില്ലയുടെ ഗംഭീര ഇൻ്റീരിയർ വിശേഷങ്ങൾ

Sona Thampi

Senior Editorial Coordinator

auto1

38 സെൻ്റിൽ ചതുരക്കളങ്ങൾ പോലെ കാണപ്പെടുന്ന വീട് ഷാമിലയുടെയും അബ്ദുൾ ഖാദറിൻ്റെയുമാണ്. ഓരോ പ്രോജക്ടും അടിമുടി വൈവിധ്യത്തിൽ ഒരുക്കുന്ന ആർക്കിടെക്ട് ആസിഫ് അഹമ്മദാണ് ഈ ഡിസൈനിൻ്റെ സ്രഷ്ടാവ്.

auto 4

പ്രധാന നിരത്തിൽ നിന്ന് 20 മീറ്റർ അകത്തോട്ട് മാറിയാണ് വീടിരിക്കുന്നത്. പക്കാ കൻ്റെംപ്രറി സ്റ്റൈലിലാണ് ഡിസൈൻ. സ്ഥലമുണ്ടെങ്കിൽ ഒറ്റനില മതിയെന്നു വിശ്വസിക്കുന്നതിനാൽ ഈ 7000 ചതുരശ്രയടി വീട് ഒറ്റനില ആയാണ് ആസിഫ് ഒരുക്കിയത്. മെസനിൻ ഫ്ളോർ എന്ന ഒരു തട്ടുകൂടി ഉള്ളതിനാൽ അവിടെ ജിമ്മും ഡ്രൈവർമാരുടെ മുറിയും ഒരുക്കി.

auto 2

ചുറ്റുവട്ടത്തെ പ്ലോട്ടുകളിലെ മരങ്ങൾ കാരണം നട്ടുച്ചയ്ക്കും  സൂര്യപ്രകാശത്തിൻ്റെ തീവ്രത ഈ വീടിനെ ബാധിക്കുന്നില്ല. രണ്ടാം നില ഉണ്ടായിരുന്നെങ്കിൽ ചൂട് കൂടിയേനെ എന്ന് ആർക്കിടെക്ട് ബുദ്ധി. ടഫൻഡ് ഗ്ലാസ്സിട്ട വലിയ ജനാലകളാണ് വീടിൻ്റെ പ്രത്യേകത. ഇരട്ടിപ്പൊക്കത്തിലുള്ള രണ്ട് കോർട് യാർഡുകളാണ് അകത്ത് വിലസുന്നത്. 6 x 6 മീറ്റർ വിസ്തീർണമുള്ള നടുമുറ്റത്തിനു ചുറ്റുമാണ് മുറികൾ കിടക്കുന്നത്‌.

auto 3

നടുമുറ്റത്താണെങ്കിൽ നിറയെ മരങ്ങളും. പച്ചപ്പ് കണ്ടിരിക്കാൻ പാർക്കിലൊന്നും പോകണ്ട; നടുമുറ്റത്ത് ഇരിക്കാനും സ്ഥലമുണ്ട്‌. നടുമുറ്റത്തിനു ചുറ്റുമുള്ള ജനാല മടക്കി മടക്കി ഒരു മീറ്റർ വീതിയുള്ള ജനലായി മാറ്റാം. ഓരോ മുറിക്കും നടുമുറ്റവുമായി ബന്ധമുണ്ടുതാനും. നടുമുറ്റത്തെ കാഴ്ചകളൊക്കെ കണ്ടു കണ്ടു നടക്കുമ്പോഴാണ് കിടപ്പുമുറികളിലേക്ക് എത്തുന്നത്; ഒരു ഓട്ടോ പിടിച്ചു പോകാമെന്നു പറയുന്നതുപോലെ. രാവിലത്തെ നടപ്പിനുള്ള സ്ഥലം കൂടി ഇൻറീരിയറിലെ നടുമുറ്റത്തിൻ്റെ വശങ്ങളിലുണ്ട് എന്നതാണ് കൗതുകകരം.

auto 5

കിടപ്പുമുറികളിൽ ഹോട്ടൽ മുറികളേക്കാൾ സൗകര്യമുണ്ട്.  8 X 4 മീറ്റർ വിസ്തീർണമുണ്ട് നാലു കിടപ്പുമുറികളിൽ ഓരോന്നിനും. കൂടാതെ 4x4 മീ വിസ്തീർണമുള്ള ടോയ്ലറ്റുകളും. ലിവിങ്, ഡൈനിങ് എന്നിവയോട് ചേർന്നാണ് ഓപൻ കിച്ചൻ. ഡൈനിങ്ങിൽ നിന്നും പുറത്തേക്ക് വലിയ ജനാലകളുണ്ട്. സ്വകാര്യതയ്ക്കായി വെർട്ടിക്കൽ ഗാർഡനും കൊടുത്തിട്ടുണ്ട്. ടോയ്ലറ്റിനുള്ളിൽ വരെ വെർട്ടിക്കൽ ഗാർഡൻ്റെ പച്ചപ്പ് ഉണ്ട്! ബെഡ് റൂമിൻ്റെ വാതിൽ തുറക്കുന്നത് മരങ്ങളുടെ പച്ചപ്പിലേക്കാണ്. 

auto 6

മുന്നിൽ നിന്നു കണ്ടാൽ ചിന്തിക്കാൻ പറ്റാത്തതുപോലെയാണ് ഇൻറീരിയർ. ലാൻഡ്സ്കേപ് സൃഷ്ടിച്ചിരിക്കുന്നതിലും ഒരു സർപ്രൈസ് ഉണ്ട്. ലാൻഡ്സ്കേപ്പിലെ മരത്തിലെ പേപ്പർ ലാംപുകൾ ശ്രദ്ധിച്ചോ? വീട്ടിൽ ഒരു ഫങ്ഷൻ നടന്നാലും വേറെ ലൈറ്റ് അറേഞ്ച്മെൻ്റ് ചെയ്യേണ്ട ആവശ്യമില്ല. 

auto 7

മുകളിൽ വച്ചിരിക്കുന്ന സോളർ പാനലുകളോ വാട്ടർടാങ്കോ മറ്റു പൈപ്പുകളോ ഒന്നും പുറമേക്ക് കാണാത്ത രീതിയിലാണ് ഭിത്തികളുടെ ഡിസൈൻ. വെർട്ടിക്കൽ പോറോതേം കട്ടകളാണ് ഭിത്തി പണിയാൻ ഉപയോഗിച്ചത്.7000 ചതുരശ്രയടി വീടിൻ്റെ അകത്ത്  ഇരട്ടി വലുപ്പം തോന്നുന്ന രീതിയിലാണ് മുറികളുടെ ഡിസൈൻ. വീടിൻ്റെ കണ്ടു ശീലിച്ച രീതികളിൽ നിന്ന് പാടേ വ്യത്യസ്തമാണ് എസ് കെ വില്ല. അദ്ഭുതങ്ങളുടെ ഒരു കൂടാണിത്.

Tags:
  • Vanitha Veedu