Wednesday 31 March 2021 05:11 PM IST : By സ്വന്തം ലേഖകൻ

‘കുഞ്ഞുകാര്യങ്ങളുടെ തമ്പുരാട്ടിയാണ് നമിത, ഈ വീട്ടിലും അതു കാണാം’: മെയിന്റെയ്ൻ ചെയ്യാൻ ബുദ്ധിമുട്ടുള്ള നമിതയുടെ വീങ്ങനെ മെയിന്റെയ്ൻ ചെയ്യും?’

1

വെൺമേഘച്ചിന്തു പോലെയാണ് നമിതയുടെ കൊച്ചി കലൂരിലെ പുതിയ കൂടാരം. ഒട്ടുമിക്ക ചുമരും ഫർണിച്ചറും എന്തിന് നിലം പോലും തൂവെള്ളനിറത്തിൽ. അതിനുള്ളിൽ പേസ്റ്റൽ നിറക്കൂട്ടിലുള്ള സോഫ്ട് ഫർണിഷിങ്ങും അലങ്കാരവസ്തുക്കളുമെല്ലാം ഇരട്ടി പ്രസരിപ്പിൽ പുഞ്ചിരിക്കുന്നു.
പുതിയ ഫ്ലാറ്റ് വൈറ്റ് കളർ തീമിൽ മതിയെന്ന് നമിത പണ്ടേ തീരുമാനിച്ചിരുന്നതാണ്. ഫ്ലാറ്റ് വാങ്ങുന്നതിനു മുൻപു തന്നെ പല സാധനങ്ങളും വാങ്ങി സൂക്ഷിച്ചിരുന്നു.
‘‘വൈറ്റ് ഇന്റീരിയർ എന്നു കേൾക്കുമ്പോഴേ എല്ലാവരുടേയും മുഖത്ത് ഭാവവ്യത്യാസം വരും. പക്ഷേ, കുഴപ്പമാകില്ല എന്ന് ഉറപ്പുണ്ടായിരുന്നു. കാരണം ക്ലീനിങ്ങിന്റെ കാര്യത്തിൽ ഞങ്ങളെ തോൽപ്പിക്കാൻ അധികമാരും ഉണ്ടാകില്ല. രാവിലെ എണ്ണീറ്റാലുടൻ വീട് ക്ലീൻ ചെയ്യും. ഉച്ചയ്ക്ക് ഭക്ഷണം കഴിഞ്ഞ് വീണ്ടും ക്ലീനിങ്. അതാണ് ഇവിടെ പണ്ടു മുതലേയുള്ള ശീലം,’’ നമിത പറയുന്നു. ‘‘അമ്മയാണ് ക്ലീനിങ്ങിന്റെ മേൽനോട്ടക്കാരി. മുത്തച്ഛനിൽനിന്ന് അമ്മയ്ക്കു കിട്ടിയതാണിത്. ഫർണിച്ചറിന്റെ സ്ഥാനം അൽപമൊന്ന് മാറ്റാനോ കട്ടിലിൽ തുണിയിടാനോ ഒന്നും മുത്തച്ഛൻ സമ്മതിക്കുമായിരുന്നില്ല. ആ ഒരു ജീൻ ഞങ്ങളിലുമുണ്ടെന്നു തോന്നുന്നു.
ഈ ക്ലീനിങ്ങിനൊക്കെ ഒരു പരിധി ഇല്ലേ എന്ന് ചെറുപ്പത്തിൽ ചോദിച്ചിട്ടുണ്ട്. എന്തായാലും ഇപ്പോൾ അതു ശീലമായി. അതുകാരണം വെള്ളനിറം ഞങ്ങൾക്ക് ഒരു പ്രശ്നമേ അല്ല.’’
ഇന്റീരിയർ ഡിസൈനറായ റോമി റോക്കിയും വെള്ളനിറം നൽകിയാലുണ്ടാകാവുന്ന പ്രയാസങ്ങൾ സൂചിപ്പിച്ചിരുന്നു. വീട്ടുകാരോട് വിശദമായി സംസാരിച്ചതോടെ റോമിക്ക് ധൈര്യമായി. റോമി തനിച്ച് ഇന്റീരിയർ ചെയ്യുന്ന ആദ്യ പ്രോജക്ടാണിത്.

2


‘‘ഫ്ലാറ്റ് വാങ്ങിയതറിഞ്ഞ് സുഹൃത്തുക്കളായ കുറേ ഡിസൈനർമാർ വിളിച്ചിരുന്നു. വളരെ തിരക്കുളളവരാണ് എല്ലാവരും. പക്ഷേ, തുടക്കക്കാരനായ ഒരാളെ ജോലി ഏൽപിക്കണം എന്നായിരുന്നു ഞങ്ങളുടെ ആഗ്രഹം. അതാകുമ്പോൾ നമ്മുടെ ആവശ്യങ്ങൾക്കു പരിഗണന കിട്ടും. ആൾ സീനിയർ ആണെങ്കിൽ അവരുടെ ശൈലിക്കായിരിക്കും മേധാവിത്തം,’’ ഡിസൈനറെ കണ്ടെത്തിയ വഴി നമിതയുടെ അച്ഛൻ പ്രമോദ് പറയുന്നു. വാങ്ങിയപ്പോൾ ചുമരുകൾക്ക് ഐവറി നിറമായിരുന്നു. അതു മാറ്റി. തറയിലെ ടൈലും മാറി. അടുക്കള അൽപം ഇരുണ്ട നിറത്തിലായിരുന്നു. അതിനു പകരം ഇളം ചാരനിറത്തിന്റെ പ്രസരിപ്പിലേക്ക് അടുക്കളയെയും എത്തിച്ചു.

3

ലിവിങ് റൂമിലെ ടെക്സ്ചർ പെയിന്റ്, സോഫയുടെ ഫാബ്രിക്, കിടപ്പുമുറിയിലെ വോൾപേപ്പർ, കിച്ചൻ കാബിനറ്റ് എന്നിവയുടെ എല്ലാം നിറം നിശ്ചയിച്ചത് നമിതയും സഹോദരി അകിതയും ചേർന്നാണ്. ഗ്രേ, പേസ്റ്റൽ നിറങ്ങളായിരുന്നു ഇരുവർക്കും താൽപര്യം.
‘‘ഗ്രേ തന്നെ ആയിരത്തഞ്ഞൂറ് ഷേഡ് കാണും. നമ്മൾ മനസ്സിൽ കാണുന്നതു തന്നെ കിട്ടാൻ ഇത്തിരി പാടാണ്,’’ ഇഷ്ടനിറങ്ങൾക്കായുള്ള അന്വേഷണം നമിത ഓർത്തെടുക്കുന്നു.
‘‘ഞങ്ങൾ ആരും ‘തടി ഫാൻസ്’ അല്ല. കണ്ടുമടുത്ത വുഡ് ഫിനിഷ് പൂർണമായും ഒഴിവാക്കി. ഓക്ക്‌വുഡ് ഫിനിഷിലുള്ള ടൈലാണ് ലിവിങ് റൂമിൽ. ഇതു കിട്ടാൻ കുറേ കഷ്ടപ്പെടേണ്ടി വന്നു.’’

4


ഒന്നും അനക്കാൻ കഴിയാത്ത ‘മെഷീൻ ഫിറ്റ്’ രീതിയിലാകരുത് മുറികൾ എന്ന് ഡിസൈനറോട് പ്രത്യേകം ആവശ്യപ്പെട്ടിരുന്നു.
‘‘ഞങ്ങൾ ഇടയ്ക്കിടയ്ക്ക് സാധനങ്ങളുടെ സ്ഥാനം മാറ്റിക്കൊണ്ടിരിക്കും. ഇവിടെ നിന്നെടുത്ത് അവിടെ വച്ച് വീണ്ടും ഇവിടെ വച്ച്... അങ്ങനെയങ്ങനെ. ഇതിന് പ്രത്യേകിച്ച് കാരണമൊന്നുമില്ല. അമ്മ രാവിലെ എഴുന്നേറ്റു വരുന്നതു തന്നെ ഇന്ന് എന്തു പരീക്ഷണം നടത്തണം എന്നാലോചിച്ചാണ്. പിന്നെ എല്ലാവരും അതിനൊപ്പം കൂടും.
ഇവിടെ എത്തിയതിൽ പിന്നെ ചെടികൾ മാറ്റി വയ്ക്കലായിരുന്നു പ്രധാന പരിപാടി. എല്ലാംകഴിഞ്ഞ് ഭക്ഷണം കഴിക്കാറാകുമ്പോൾ സമയം പത്തര ആയിട്ടുണ്ടാകും.’’

5


ചെടി വളർത്തൽ ആയിരുന്നു നമിതയുടെ അമ്മ ഇന്ദുവിന്റെ പ്രധാന ഹോബി. പലതരത്തിലുള്ള ഇൻഡോർ പ്ലാന്റ്സിന്റെ വൻ ശേഖരം ഉണ്ടായിരുന്നു. പുതിയ ഫ്ലാറ്റിലേക്ക് ചെടികൾ മാറ്റിയപ്പോൾ വളമിട്ടതിലുണ്ടായ അപാകത കാരണം കുറെയേറെ ചെടികൾ അഴുകിപ്പോയി. അമ്മ സഹായത്തിനു വിളിച്ച ആൾക്ക് മുൻപ് തെങ്ങിനു വളമിടുന്ന ജോലി ആയിരുന്നെന്നും ആ രീതിയിൽ നടത്തിയ വളപ്രയോഗമാണ് ചെടി ഉണങ്ങാൻ കാരണം എന്നുമാണ് മക്കളുടെ കണ്ടെത്തൽ!
ചെറിയ ചെറിയ കാര്യങ്ങളുടെ തമ്പുരാട്ടിയാണ് നമിത. കുഞ്ഞു പൂപ്പാത്രങ്ങളിലും ചുമരിൽ തൂക്കിയിരിക്കുന്ന ചിത്രങ്ങളിലുമെല്ലാം ആ കയ്യൊപ്പ് കാണാം.
നമിതയ്ക്ക് ഏറ്റവും പ്രിയപ്പെട്ട ‘പോപ്പോ’ എന്ന നായക്കുട്ടിക്കു കിടക്കാനുള്ള ഇടം മുതൽ നിലം തുടയ്ക്കുന്ന സാധനങ്ങൾ എവിടെ വയ്ക്കുമെന്നതു വരെ നേരത്തേ പ്ലാൻ ചെയ്തിരുന്നു.

6


അടുക്കളയുടെ ഒരു ചുമര് മുഴുവനായി കബോർഡ് നൽകുകയും അടിയിൽ സ്റ്റോറേജ് സൗകര്യമുള്ള കട്ടിൽ തിരഞ്ഞെടുക്കുകയും ചെയ്തതിനാൽ പാത്രങ്ങളും വലിയ പെട്ടികളുമൊക്കെ വയ്ക്കാൻ ഇഷ്ടംപോലെ സ്ഥലമായി. അടുക്കളയോടു ചേർന്നുള്ള ബാൽക്കണിയിൽ അടുപ്പ് സഹിതം ജോലിക്കാരിക്കായി ഒരു യൂട്ടിലിറ്റി കിച്ചൻ ഒരുക്കിയതും നമിതയുടെ ഐഡിയ തന്നെ.

7


‘‘നായികയ്ക്കു സൗന്ദര്യം മാത്രം പോരാ, അഭിനയമികവും വേണം എന്നു പറയുന്നതുപോലെയാണ് വീടിന്റെ കാര്യവും. ഭംഗി മാത്രം ഉണ്ടായിട്ടു കാര്യമില്ല; സൗകര്യങ്ങളും വേണം,’’ ഇതാണ് നമിതയുടെ പോളിസി.
പതിനേഴ് നിലകളുള്ള ഫ്ലാറ്റിലെ ആദ്യ താമസക്കാരിയാണ് നമിത. കർക്കടകത്തിനു മുൻപ് താമസം തുടങ്ങണം എന്ന ആഗ്രഹത്തിൽ ജൂലൈ 12 ന് പാലുകാച്ചൽ  നടത്തുകയായിരുന്നു. മറ്റ് അപ്പാർട്മെന്റുകളിലെ താമസക്കാർ കഴിഞ്ഞ ഓണത്തിനു മുൻപ് എത്തി.


പുതിയ കൂടാരത്തിൽ ഏറ്റവും ഇഷ്ടപ്പെട്ടത് എന്താണെന്ന ചോദ്യത്തിന് നമിതയുടെ മറുപടി ഇങ്ങനെ–
‘‘ലിവിങ് റൂമിലേക്ക് കയറുമ്പോൾ മനസ്സിനുണ്ടാകുന്ന  സന്തോഷം. ചില്ലുവാതിലിലൂടെ നഗരക്കാഴ്ചകൾ കണ്ട് വർത്തമാനം പറഞ്ഞിരിക്കുന്നതിന്റെ സന്തോഷം പറഞ്ഞറിയിക്കാനാകില്ല.’’