Wednesday 18 December 2019 03:59 PM IST : By സ്വന്തം ലേഖകൻ

സ്വീകരണ മുറി മുതൽ അടുക്കള വരെ; ക്രിസ്മസിന് ചെലവു കുറച്ച് വീട് അലങ്കരിക്കാം; 5 പൊടിക്കൈകൾ

decor

ക്രിസ്മസിന് ഇനി വെറും ഒരാഴ്ചയേയുള്ളൂ. ക്രിസ്മസിന് സ്വന്തമായി വീട് അലങ്കരിക്കുന്നത് സന്തോഷമുള്ള കാര്യമല്ല? ക്രിസ്മസിന് വീടിനെ അണിയിച്ചൊരുക്കാൻ പാലാക്കാരി പുഷ്പറാണിയുടെ ചില പൊടിക്കൈകൾ...

ക്രിസ്മസ് സ്വീകരണമുറിയിൽ എത്തുമ്പോൾ

വെള്ള, ചുവപ്പ്, പച്ച, സിൽവർ നിറങ്ങൾ ക്രിസ്മസിനു ചേരും. ക്രിസ്മസ് മോട്ടിഫ് ഉള്ള ടേബിൾ ക്ലോത്തും കുഷൻ കവറും റണ്ണറുമൊക്കെ നേരത്തേ വാങ്ങിവയ്ക്കാം. സ്വീകരണമുറിയുടെ ഒരു മൂലയിൽ ക്രിസ്മസ് ട്രീ സെറ്റ് ചെയ്യാം. ക്രിസ്മസ് മോട്ടിഫ് ഉള്ള കുഷൻ കവറുകൾ സോഫയ്ക്കു ചേരും. ടീപോയ്ക്കുമുണ്ട് ക്രിസ്മസ് റണ്ണർ.

ക്രിസ്മസ് മണികൾ പല നിറങ്ങളിലുള്ളവ വീടിനകത്ത് തൂക്കിയിടാം. സാന്റയുടെ പടമുള്ള കാലുറകൾ അങ്ങിങ്ങായി തൂക്കിയിടാം. അതിൽ കുട്ടികൾക്കായി സമ്മാനങ്ങൾ ഒളിപ്പിച്ചു വച്ചാൽ ക്രിസ്മസ് കൗതുകത്തിനു മാറ്റു കൂടും.

ഡൈനിങ്ങിലെ ക്രിസ്മസ്

വിരുന്നുകളുടെയും കൂടിച്ചേരലുകളുടെയും മേളമാണ് ക്രിസ്മസ് കാലം. അവിടെ ഡൈനിങ് ടേബിളിന് വലിയൊരു സ്ഥാനമുണ്ട്. മേശയ്ക്കു ചേരുന്ന ടേബിൾ ക്ലോത്ത് ക്രിസ്മസ് തീമിലാക്കാം. ടേബിളിനു മുകളിലെ റണ്ണർ, മാറ്റ്, നാപ്കിൻ ബോക്സ് എന്നിവയും ക്രിസ്മസ് തീമിലാക്കാം.

കിടപ്പുമുറിയിലുമെത്തും ക്രിസ്മസ്

ഡിസംബർ മാസത്തേക്കുവേണ്ടി ബെഡ്ഷീറ്റുകൾ മാറ്റിവയ്ക്കാം. ക്രിസ്മസ് മോട്ടിഫുകൾ ഉള്ള ഷീറ്റിനു ചുറ്റും പച്ചത്തുണി തയ്ച്ചു ചേർത്ത് ഷീറ്റിന്റെ വലുപ്പവും ഭംഗിയും കൂട്ടാം. ഇണങ്ങുന്ന തലയിണക്കവറും വേണം. ക്രിസ്മസ് തീമിലുള്ള റണ്ണറുകൾ ബെഡ്ഷീറ്റിന്റെ ഭംഗി കൂട്ടും.

ബാത്റൂമിനെയും വിടേണ്ട

ഈർപ്പമുള്ള കാലാവസ്ഥ ഓർക്കിഡിന് വലിയ ഇഷ്ടമാണ്. അതുകൊണ്ട് ബാത്റൂമിൽ വയ്ക്കാൻ ഓർക്കിഡുകൾ തിരഞ്ഞെടുക്കാം. നേരിട്ട് സൂര്യപ്രകാശം അടിക്കുന്ന, ബാത്റൂമിന്റെ ജനൽപ്പടിയിലോ മറ്റോ വച്ചാൽ ഓർക്കിഡ് നന്നായി വളരും.

അടുക്കളയിലെ കൊതിയേറും ക്രിസ്മസ്

കൈ തുടയ്ക്കാനുള്ള ടവൽ, കർട്ടൻ എല്ലാം ക്രിസ്മസ് തീമിലാക്കി അടുക്കളയിലെ ക്രിസ്മസിനു രുചി കൂട്ടാം. ചെടികൾ വച്ച് അടുക്കളയും മാറ്റുകൂട്ടാം. എല്ലാറ്റിലുമുപരി, കേക്കിന്റെ മണം കൂടിയാകുമ്പോൾ അടുക്കള ക്രിസ്മസ് ആഘോഷം തുടങ്ങിയിരിക്കും.