Saturday 11 April 2020 12:49 PM IST : By സിനു ചെറിയാൻ

അങ്ങനെയൊന്നും തോൽപ്പിക്കാനാകില്ല... കാൻവാസും ഡ്രോയിങ് പേപ്പറും തീർന്നപ്പോൾ ബൾബും കുപ്പിയും ആയുധമാക്കി ചിത്രകാരി

Res1

കാലിക്കുപ്പിയും ഫ്യൂസ് ആയ ബൾബുമെല്ലാം കലക്കൻ അലങ്കാര വസ്തുക്കളായി മാറ്റുകയാണ് വീട്ടമ്മയും ചിത്രകാരിയുമായ രശ്മി അജേഷ്. ഹോം ക്വാറന്റീൻ ദിനങ്ങളിൽ ഒട്ടും ബോറടി ഇല്ലെന്നു മാത്രമല്ല, നാട്ടിലെ വീട്ടകം മനോഹരമാക്കാൻ ഇഷ്ടം പോലെ സാധനങ്ങൾ ലഭിക്കുന്നുമുണ്ട്. ഇതു കാണുന്ന വീട്ടുകാരുടെ മുഖത്തും സന്തോഷപ്പൂച്ചിരി വിടരുന്നു.

Res2

21-നാണ് ബെംഗളൂരുവിൽ നിന്നു രശ്മിയും കുടുംബവും തൊടുപുഴ നേടിയ ശാലയിലെ വീട്ടിലെത്തിയത്. 14 ദിവസത്തേക്ക് ക്വാറന്റീനിൽ കഴിയണമെന്ന ആരോഗ്യ വകുപ്പ് അധികൃതരുടെ നിർദേശമെത്തിയതോടെ രശ്മി വര തുടങ്ങി. കൈയിലുണ്ടായിരുന്ന കാൻവാസും ഡ്രോയിങ് ഷീറ്റുമൊക്കെ തീർന്നപ്പോഴും വര നിർത്താൻ മനസ്സു വന്നില്ല. പഴയ കുപ്പിയും ബൾബുമൊക്കെ തപ്പിയെടുത്ത് അതിനു നിറം നൽകാൻ തുടങ്ങി. ഒപ്പം ചുമരും കാൻവാസാക്കി. ഭർത്താവ് അജേഷും മകൻ ദ്രുപദും വരയ്ക്കുന്ന കൂട്ടത്തിലാണ്‌. ഇവരും സഹായത്തിനെത്തിയതോടെ ക്വാറന്റീൻ ഫാമിലി ഹാപ്പി ഫാമിലി ആയി.

Res3

മുൻപ് നൂറുദിന വരകൾ എന്ന ചിത്രരചനാ പരമ്പര രശ്മി പൂർത്തിയാക്കിയിരുന്നു. അക്രിലിക് പെയിന്റ് ഉപയോഗിച്ചാണ് കുപ്പിയിലും ബൾബിലും നിറം നൽകുന്നത്. ഇതിന്റെ ചിത്രങ്ങൾ ഫെയ്സ് ബുക്കിലും ഇൻസ്റ്റഗ്രാമിലും ഇട്ടതോടെ ധാരാളം ഓർഡറുകൾ ലഭിക്കുകയും ചെയ്തു. എല്ലാവർക്കും ചിത്രം വരച്ചു നൽകാൻ ക്വാറന്റീൻ കാലം തികയുമോ എന്ന സംശയത്തിലാണ് രശ്മി.