Saturday 18 April 2020 04:45 PM IST : By സിനു ചെറിയാൻ

വീടു പണിയാൻ പദ്ധതിയുണ്ടോ... എങ്കിൽ ഡ്രീം ഹോം ജേണൽ തയാറാക്കി തുടങ്ങാം

Veedu

എന്താണ് ഡ്രീം ഹോം ജേണൽ എന്നല്ലേ...? വെഡിങ് ജേണലിന്റെ വകയിലൊരു അനിയനായിട്ടു വരും കക്ഷി. കല്ല്യാണത്തിന്റെ പ്ലാനും പദ്ധതികളുമെല്ലാം അക്കമിട്ടു രേഖപ്പെടുത്തുന്ന ഡയറി അഥവാ പ്ലാനർ ആണ് വെഡിങ് ജേണൽ. മാസങ്ങൾക്കു മുൻപേ ഈ പരിപാടി തുടങ്ങും. വിവാഹ വേഷം, ഭക്ഷണം തുടങ്ങി സകലമാന കാര്യങ്ങളുടെയും വിശദാംശങ്ങൾ ഇതിലുണ്ടാകും. ഇതു നോക്കിയാണ് തീരുമാനങ്ങളും വിലയിരുത്തലുകളുമൊക്കെ നടക്കുക.

വെഡിങ് ജേണലിൽ കല്ല്യാണത്തിന്റെ വിവരങ്ങൾ രേഖപ്പെടുത്തുന്നതു പോലെ വീടിനെപ്പറ്റിയുള്ള സങ്കൽപങ്ങളും ഇഷ്ടങ്ങളുമാണ് ഡ്രീം ഹോം ജേണലിൽ ഉൾപ്പെടുത്തേണ്ടത്.  വീട് എന്ന സ്വപ്നം മനസ്സിലിട്ടു താലോലിച്ചു നടക്കുമ്പോൾ തന്നെ ഇതു തയാറാക്കി തുടങ്ങണം.  മാസികകളിലും മറ്റും കാണുന്ന വീടുകളുടെ ചിത്രങ്ങൾ, ഫർണിച്ചറിന്റെയും കബോർഡിന്റെയുമൊക്കെ ഡിസൈൻ തുടങ്ങിയവയെല്ലാം ഇതിൽ ഒട്ടിച്ചു സൂക്ഷിക്കാം. വീടുനിർമാണവുമായി ബന്ധപ്പെട്ട അറിവു പകരുന്ന ലേഖനങ്ങൾ, ആർക്കിടെക്ടുമാരുടെയും ഡിസൈനർമാരുടെയും വിലാസം, ഇഷ്ടപ്പെട്ട സാധനങ്ങൾ ലഭിക്കുന്ന കടകളുടെയും സ്ഥലങ്ങളുടെയും വിവരം തുടങ്ങിയവയും ജേണലിൽ ഉൾക്കൊള്ളിക്കാം.

പലയിടത്തായി കണ്ട് ഇഷ്ടപ്പെടുന്ന കാര്യങ്ങൾ എളുപ്പത്തിൽ സൂക്ഷിച്ചു വയ്ക്കാനാകും എന്നതാണ് ഡ്രീം ഹോം ജേണൽ കൊണ്ടുള്ള പ്രധാന പ്രയോജനം. ആവശ്യം വരുമ്പോൾ പെട്ടെന്ന് കണ്ടുപിടിക്കാനാകും.വീടിന്റെ എക്സ്റ്റീരിയർ, പ്ലാൻ, ഇന്റീരിയർ, ഫർണിച്ചർ, കടകൾ, ആർക്കിടെക്ടുമാരുടെ വിലാസം തുടങ്ങി പല വിഭാഗങ്ങളായി തിരിച്ച് വിവരങ്ങൾ ശേഖരിക്കുന്നത് കാര്യങ്ങൾ എളുപ്പമാക്കും. ഓരോരുത്തരുടെയും അഭിരുചിക്കനുസരിച്ച് ഇഷ്ടമുള്ള വിഭാഗങ്ങൾ തിരഞ്ഞെടുക്കാം.

ഡ്രീം ഹോം ജേണലിനായി വലിയ നോട്ട് ബുക്കോ ഡയറിയോ ഉപയോഗിക്കാം. താൽപര്യമുള്ളവർക്ക് ഹാൻഡ്മെയ്ഡ് പേപ്പർ വാങ്ങി സ്വയം ജേണൽ  നിർമിക്കുകയും ചെയ്യാം. ഓൺലൈൻ സൈറ്റുകളിൽ ഡ്രീം ഹോം ജേണൽ വാങ്ങാനും ലഭിക്കും. പുതിയ വീടിനായി ആർക്കിടെക്ടിനെ സമീപിക്കുമ്പോൾ പറയേണ്ട കാര്യങ്ങളെല്ലാം ഡ്രീം ഹോം ജേണലിൽ ഉണ്ടാകണം. അപ്പോൾ കാര്യങ്ങൾ എളുപ്പമാകും.

വിവരങ്ങൾക്കു കടപ്പാട്: മരിയ ജിജി, ആർക്കിടെക്ട്, തൃപ്പൂണിത്തുറ

ഡ്രീം ഹോം ജേണൽ തയാറാക്കുന്നതിന്റെ വീഡിയോ കാണാം;