Thursday 14 March 2019 03:34 PM IST : By സ്വന്തം ലേഖകൻ

ഓഫീസിലിരുന്ന് വീട് ലോക്ക് ചെയ്യാം, മൊബൈൽ ഫോൺ വഴി ലൈറ്റ് തെളിക്കാം; വീടിനെ സ്മാർട്ടാക്കും അഞ്ച് ഉകരണങ്ങൾ

smart

ഡിജിറ്റൽ വിപ്ലവം നമ്മുടെ വീടിനുള്ളിലേക്കും എത്തിക്കഴിഞ്ഞു. ഡിജിറ്റൽ സാങ്കേതികവിദ്യ വഴി നിയന്ത്രിക്കാവുന്ന ഉപകരണങ്ങളുടെ എണ്ണം അനുദിനം കൂടുകയാണ്. ശബ്ദവും ആംഗ്യവുമൊക്കെ പിന്നിട്ട് സ്മാർട് ഫോണിലെ വിരലനക്കംകൊണ്ട് ഉപകരണങ്ങളെയാകെ നിയന്ത്രിക്കുന്നതിലെത്തി നിൽക്കുന്നു കാര്യങ്ങൾ. വീട്ടിലിരുന്നു മാത്രമല്ല, ലോകത്തെവിടെയിരുന്നും ഇതു സാധ്യമാകുമെന്നതാണ് കൗതുകകരം. കേന്ദ്രീകൃത നിയന്ത്രണം സാധ്യമാകുന്ന ‘സ്മാർട് ഹബ്’ ടിവിയും ഫ്രിജുമൊക്കെ പോലെ നമ്മുടെ വീടിന്റെ ഭാഗമാകുന്ന കാലം ഒട്ടും അകലെയല്ല. വീട്ടകം കൂടുതൽ ‘ഫ്ലെക്സിബിൾ’ ആക്കി മാറ്റുന്നു എന്നതാണ് സ്മാർട് ടെക്നോളജിയുടെ മെച്ചം. സ്വാഭാവികമായും ജീവിതം കൂടുതൽ അനായാസമാകുന്നു. സാങ്കേതികവിദ്യുടെ മാറ്റങ്ങൾ സ്വീകരിക്കാൻ നമ്മുടെ വീടിനെയും പ്രാപ്തമാക്കാം. അതിവേഗം പ്രചാരത്തിലാകുന്ന അഞ്ച് ഉകരണങ്ങൾ പരിചയപ്പെടാം.

വീടിനെ സ്മാർട് ആക്കും പ്രധാന വാതിലിലെ സ്മാർട് ലോക്ക്

താക്കോലിന്റെ സഹായമില്ലാതെ തന്നെ ലോകത്തെവിടെയിരുന്നും വീടിന്റെ വാതിൽ തുറക്കുകയും അടയ്ക്കുകയുമൊക്കെ ചെയ്യാൻ സഹായിക്കുന്ന സംവിധാനമാണ് ‘സ്മാർട് ലോക്ക്.’ നിലവിലുള്ള വാതിൽപ്പൂട്ടിലും ഇതു പിടിപ്പിക്കാമെന്നതാണ് സവിശേഷത. സ്മാർട് ലോക്ക് പിടിപ്പിച്ച ശേഷം ഇതുമായി ബന്ധപ്പെട്ട ആപ്പ് ഇൻസ്റ്റാൾ ചെയ്താൽ വാതിൽക്കൽ ആരെങ്കിലും എത്തിയാലുടൻ സ്മാർട് ഫോണിൽ അറിയിപ്പ് കിട്ടും. വാതിൽ തുറക്കണമെങ്കിൽ അതിനുള്ള നിർദേശം ഫോൺ വഴി നൽകാം. സ്മാർട് ലോക്കിലുള്ള ക്യാമറ വഴി ദൃശ്യങ്ങൾ റെക്കോർഡ് ചെയ്യുമെന്നതിനാൽ വീട്ടിൽ ആരെല്ലാമെത്തിയെന്ന് പിന്നീട് വേണമെങ്കിലും മനസ്സിലാക്കാനാകും. 19,500 രൂപ മുതലാണ് സ്മാർട് ലോക്കിന്റെ വില.

smart-2

താപനില നിയന്ത്രിക്കും തെർമോസ്റ്റാറ്റ്

വീ ട്ടുകാർക്ക് ഏറ്റവും ഇഷ്ടപ്പെട്ട താപനില ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സഹായത്താൽ മനസ്സിലാക്കി അതനുസരിച്ച് എയർ കണ്ടീഷനറുകളെ നിയന്ത്രിക്കുന്ന ഉപകരണമാണ് തെർമോസ്റ്റാറ്റ്. റിമോട്ട് ഉപയോഗിച്ച് തണുപ്പിന്റെ അളവ് കൂട്ടുകയും കുറയ്ക്കുകയുമൊന്നും വേണ്ട. സ്മാർട് ഫോൺ വഴിയോ ലാപ്ടോപ്പ് വഴിയോ വീട്ടിലെ മുഴുവൻ എസിയുടെയും പ്രവർത്തനവും നിയന്ത്രിക്കാൻ കഴിയും. അലക്സ വോയ്സ് കൺട്രോൾ വഴിയും നിയന്ത്രണം സാധ്യമാകും. വീട്ടിൽ ആരും ഇല്ലാത്തപ്പോൾ എയർ കണ്ടീഷനറുകൾ സ്ലീപ്പിങ് മോഡിലാക്കി വൈദ്യുതി ലാഭിക്കാനും ഇവ സഹായിക്കും. പല മുറികളിലെ എസി വെവ്വേറെ താപനിലയിൽ പ്രവർത്തിക്കണം എന്നുണ്ടെങ്കിൽ അതും സെറ്റ് ചെയ്യാനാകും. 25,000 രൂപ മുതലാണ് വില.

ts

വളരെയെളുപ്പം പിടിപ്പിക്കാം വൈ–ഫൈ സ്മാർട് പ്ലഗ്

നിലവിലുള്ള പ്ലഗ് പോയ്ന്റിനെ പരിഷ്കരിക്കാനുള്ള എളുപ്പവഴിയാണ് വൈ–ഫൈ സ്മാർട് പ്ലഗിലേക്കുള്ള ചുവടുമാറ്റം. നിലവിലെ സോക്കറ്റിൽ തന്നെ നിഷ്പ്രയാസം സ്മാർട് പ്ലഗ് പിടിപ്പിക്കാം. ആവശ്യമില്ലാത്തപ്പോൾ ഊരിമാറ്റുകയുമാകാം. സ്മാർട് പ്ലഗ് വഴി പ്രവർത്തിക്കുന്ന ടിവി, ലാപ്ടോപ്പ്, സ്മാർട് ഫോൺ എന്നിവയെല്ലാം എവിടെയിരുന്നും നിയന്ത്രിക്കാനാകും എന്നതാണ് പ്രത്യേകത. സ്മാർട് പ്ലഗിലെ ‘ഹബ്’ വൈ–ഫൈ വഴി ഇന്റർനെറ്റ് കണക്‌ഷനുമായി ബന്ധപ്പെടുത്തിയാണ് ഇതു സാധ്യമാകുന്നത്, 7,000 രൂപ മുതലാണ് വില. ഓൺലൈൻ വഴിയും വാങ്ങാനാകും.

smart-3

എവിടെയിരുന്നും നിയന്ത്രിക്കാം സ്മാർട് ബൾബ്

ഫോൺ വഴി എവിടെയിരുന്നും നിയന്ത്രിക്കാമെന്നതാണ് സ്മാർട് ബൾബിന്റെ സവിശേഷത. ലൈറ്റ് തെളിക്കുകയും അണയ്ക്കുകയും മാത്രമല്ല, നിറം മാറ്റാനും വെളിച്ചത്തിന്റെ തീവ്രത കൂട്ടാനും കുറയ്ക്കാനുമൊക്കെ കഴിയും. ആമസോൺ അലക്സ, ഗൂഗിൾ വോയ്സ് അസിസ്റ്റന്റ് തുടങ്ങിയ സംവിധാനങ്ങൾ വഴി വോയ്സ് കൺട്രോളും സാധ്യമാണ്. സ്മാർട് ബൾബിനോടൊപ്പം ഡിമ്മർ, മോഷൻ സെൻസർ എന്നിവയൊക്കെ ബന്ധിപ്പിക്കുകയും ചെയ്യാം. നിലവിലുള്ള ഹോൾഡറിൽ തന്നെ സ്മാർട് ബൾബ് പിടിപ്പിക്കാനാകും. 25,000 മണിക്കൂർ അല്ലെങ്കിൽ 23 വർഷമാണ് സ്മാർട് ബൾബിന്റെ ആയുസ്സായി കമ്പനികൾ അവകാശപ്പെടുന്നത്. രണ്ട് ബൾബും ഹബും അടങ്ങുന്ന സ്റ്റാർട്ടർ കിറ്റിന് 9,000 രൂപ മുതലാണ് വില.

smart-4

മുഴുവൻ ഉപകരണങ്ങളും നിയന്ത്രിക്കാൻ സ്മാർട് സ്വിച്ച്

വൈദ്യുതോപകരണങ്ങളും ഹോം ഓട്ടമേഷൻ സംവിധാനങ്ങളും നിയന്ത്രിക്കാനുള്ള കേന്ദ്രീകൃത സംവിധാനമാണ് സ്മാർട് സ്വിച്ച്. ആംബർ സ്വിച്ച്, ഹബ് എന്നിവയാണ് ഇതിന്റെ ഭാഗങ്ങൾ. നിലവിലുള്ള വയറിങ്ങിൽ ചില മാറ്റങ്ങൾ വരുത്തിയൽ പഴയ വീടുകളിലും ഇവ പിടിപ്പിക്കാം. സാധാരണ മുറിയിലേക്ക് ഒരു ആംബർ മതിയാകും. ലൈറ്റ്, ടിവി, സിസിടിവി ക്യാമറ എന്നു തുടങ്ങി റിമോട്ട് കൺട്രോൾ ഗെയ്റ്റ് വരെ നീളുന്ന എട്ട് ഉപകരണങ്ങൾ ഇതുമായി ബന്ധിപ്പിക്കാം. ഇരുപത് ആംബറുകൾ വരെ നിയന്ത്രിക്കാൻ ഒരു ഹബ് മതിയാകും. ഹബ് വഴിയാണ് വിദൂരത്തിരുന്നുള്ള നിയന്ത്രണം സാധ്യമാകുന്നത്. മൂന്ന് കിടപ്പുമുറികളുള്ള വീട്ടിൽ സ്മാർട് സ്വിച്ച് സംവിധാനം ഏർപ്പെടുത്താൻ ഒന്നര ലക്ഷം രൂപ മുതലാണ് ചെലവ്. ■

ss