Saturday 12 September 2020 04:49 PM IST : By സ്വന്തം ലേഖകൻ

സ്ഥലം ഒട്ടും പാഴാക്കിയില്ല, സൗകര്യത്തിനും സൗന്ദര്യത്തിനും കുറവില്ല; ബുദ്ധിപൂർവം ഇന്റീരിയർ ഒരുക്കിയ ഫ്ലാറ്റിന്റെ വിശേഷങ്ങൾ...

1

 തിക്കും തിരക്കുമില്ലാതെ, പ്രസരിപ്പു പകരുന്ന അന്തരീക്ഷം വേണം പുതിയ ഫ്ലാറ്റിൽ എന്നായിരുന്നു വീട്ടുകാരായ സലിമിന്റെയും കുടുംബത്തിന്റെയും ആഗ്രഹം. സ്ഥലം ഒട്ടും പാഴാക്കാതെയും ഭംഗി കുറയാതെയും ഇന്റീരിയർ ഒരുക്കിയാണ് ഡിസൈനർ വിപിൻ പ്രേംരാധും കൂട്ടരും വീട്ടുകാരുടെ ഇഷ്ടം നിറവേറ്റിയത്. 1400 ചതുരശ്രയടി വലുപ്പമുള്ള രണ്ട് കിടപ്പുമുറി ഫ്ലാറ്റിന്റെ പെയിന്റിങ്, ഫർണിച്ചർ, സോഫ്ട് ഫർണിഷിങ്, ലൈറ്റ് ഫിക്സ്ചർ, അലങ്കാരപ്പണികൾ എന്നിവയ്ക്കെല്ലാം കൂടി 11 ലക്ഷം രൂപയിൽ താഴെ മാത്രമാണ് ചെലവായത്. അടുക്കളയുടെ ചുമര് മാറ്റി ഓപൻ രീതിയിൽ ആക്കിയതിന്റെയും ടൈൽ മാറ്റി പുതിയത് ഒട്ടിച്ചതിന്റെയും ചെലവ് ഉൾപ്പെടെയാണിത്.

2

ഗ്രേ - ബ്രൗൺ - വൈറ്റ് കളർ കോംബിനേഷനിലാണ് ഇന്റീരിയർ. ചുമരിലോ സീലിങ്ങിലോ ഫോക്കൽ പോയ്ന്റ് നൽകി ഓരോ മുറിക്കും അതിന്റേതായ ഐഡന്റിറ്റി നൽകിയിട്ടുണ്ട്. മറൈൻ പ്ലൈയിൽ ഹൈ ഗ്ലോസി ലാമിനേറ്റ് പതിപ്പിച്ച് ഒരുക്കിയ ടിവി യൂണിറ്റും അതിനു പിന്നിലെ അലങ്കാരങ്ങളുമാണ് ലിവിങ് റൂമിന്റെ ഹൈലൈറ്റ്. ടെക്സ്ചർ പെയിന്റും ത്രീഡി ക്ലാഡിങ് ടൈലും നൽകിയാണ് ഇവിടം മോടിപിടിപ്പിച്ചത്. എൽ ഷെയ്പ്പിലുള്ള ഫാബ്രിക് സോഫ സ്ഥലം ഒട്ടും നഷ്ടപ്പെടുത്താതെ ഇന്റീരിയറിനോട് ഇഴുകിച്ചേരുന്നു.

3

ലിവിങ്ങിനോട് ചേർന്നുള്ള ബാൽക്കണിയിൽ നിന്ന് പുറത്തെ കാഴ്ചകൾ ആസ്വദിക്കാം. ഇവിടെ ഒരു ചുമരിൽ മുഴുവനായി വെർട്ടിക്കൽ ഗാർഡൻ നൽകി പച്ചപ്പ് നിറച്ചു.ഉള്ളതിൽ കൂടുതൽ സ്ഥലം തോന്നിപ്പിക്കുന്നതിൽ സുപ്രധാന പങ്കു വഹിക്കുന്ന രീതിയിൽ ഓപൻ സ്റ്റൈലിലാണ് അടുക്കളയുടെ ക്രമീകരണം. വെള്ള നിറത്തിലുള്ള നാനോ വൈറ്റ് കൊണ്ടാണ് കൗണ്ടർടോപ്പ്. പ്ലൈ, വെനീർ എന്നിവ കൊണ്ടുള്ള ചെറിയ ബ്രേക്ക്ഫാസ്റ്റ് കൗണ്ടർ അടുക്കളയുടെ ഉപയോഗക്ഷമത കൂട്ടുന്നു.

4

സൗന്ദര്യവും സൗകര്യവും ഒത്തു ചേരുന്ന രീതിയിലാണ് രണ്ട് കിടപ്പുമുറിയുടെയും ഇന്റീരിയർ. കിഡ്സ് റൂം ആയാണ് ഇതിലൊരെണ്ണം ക്രമീകരിച്ചത്. ആവശ്യത്തിനു സ്റ്റോറേജ് സൗകര്യമുള്ള വാഡ്രോ ബ്, ഡ്രസിങ് ഏരിയ, റീഡിങ് സ്പേസ് എന്നിവ എല്ലാ കിടപ്പുമുറികളിലുമുണ്ട്. മാസ്റ്റർ ബെഡ്റൂമിൽ ടിവി യുണിറ്റിനും സ്ഥലം കണ്ടെത്തി. സുരക്ഷിതത്വത്തിനൊപ്പം വീട്ടിലേതു പോലെയുള്ള സൗകര്യങ്ങളും ലഭിച്ചതിന്റെ സന്തോഷത്തിലാണ് വീട്ടുകാർ.  

5

ഡിസൈൻ: വിപിൻ പ്രേംരാധ്, തച്ചൻസ് ആർക്കിടെക്ട്സ് ആൻഡ് ഇൻറീരിയേഴ്സ്, കോഴിക്കോട്