Thursday 04 March 2021 04:29 PM IST

‘അകത്തളത്തിൽ അനുഭവിച്ചറിയാം എന്റെ സഖാവിന്റെ സാന്നിദ്ധ്യം’: മകൻ കൃഷ്ണകുമാറിന്റെ ഫ്ലാറ്റിലെത്തിയ ശാരദ ടീച്ചർ കണ്ടത്

Sona Thampi

Senior Editorial Coordinator

nayanar new 1

ശാരദാംബരം എന്നു പേരിട്ട ഫ്ലാറ്റിന്റെ വാതിൽ തുറക്കുമ്പോൾ ആദ്യം കണ്ണിൽപ്പെടുന്നത് കണ്ണൂർ സ്റ്റേഡിയം കോർണറിൽ ആയിരക്കണക്കിന് അണികളുടെ ആവേശമായി പ്രസംഗിക്കുന്ന സഖാവ് നായനാരുടെ ബ്ലാക് ആൻഡ് വൈറ്റ് ചിത്രം. ഒരു നിമിഷം ആരുമൊന്നു നോക്കി നിന്നു പോകും.നായനാരുടെ മകനും കെറ്റിഡിസി ‍ഡയറക്ടറുമായ കൃഷ്ണകുമാറിന്റെ തിരുവനന്തപുരം ഗൗരീശപട്ടത്തുള്ള പുതിയ ഫ്ലാറ്റിൽ സഖാവിന്റെ സാന്നിധ്യം തൊട്ടടുത്തു തോന്നും. പോരാത്തതിന്, മകന്റെ പുതിയ ഫ്ലാറ്റിലെത്തിയ ശാരദ ടീച്ചറും സന്തോഷത്തോടെ സ്വാഗതം ചെയ്യും. അമ്മയും അംബരവും ചേർന്ന ശാരദാംബരത്തിന് ‘തെളിഞ്ഞ ആകാശം’ എന്നാണ് അർഥമെന്ന് കൃഷ്ണകുമാർ പറയുമ്പോൾ തെളിഞ്ഞ മുഖത്തോടെ ശാരദ ടീച്ചർ മകനെ നോക്കുന്നു.കുട്ടികളൊക്കെ മുതിർന്നപ്പോൾ കൂടുതൽ സൗകര്യവും സ്ഥലവുമുള്ള ഫ്ലാറ്റ് വാങ്ങുകയായിരുന്നു കൃഷ്ണകുമാർ.

nayanar new 2

മിതമായ അലങ്കാരങ്ങൾ മാത്രമുള്ള ഫ്ലാറ്റിന്റെ ഇന്റീരിയർ വർക്കിൽ എല്ലായിടത്തും കൃഷ്ണകുമാറിന്റെ കൈയൊപ്പ് കാണാം. പല സ്ഥലങ്ങളിൽ നിന്നു പലപ്പോഴായി ശേഖരിച്ച ബുദ്ധന്റെ പ്രതിമകളാണ് ഇവിടുത്തെ അലങ്കാരത്തിന്റെ ഭൂരിഭാഗവും. പിന്നെയുള്ളത്, ഒാർമകൾ ഒാളം വെട്ടുന്ന ഫോട്ടോകളുടെ കൊളാഷുകളാണ്. എല്ലാ മുറിയിലും കുറഞ്ഞത് ഒരു ചുമരിലെങ്കിലും കൊളാഷ് നിർബന്ധം.1500 ചതുരശ്രയടിയുള്ള ഫ്ലാറ്റിൽ മൂന്ന് അറ്റാച്ഡ് കിടപ്പുമുറികളാണുള്ളത്. ഫ്ലാറ്റിന്റെ ഇന്റീരിയറിനെപ്പറ്റി ചിന്തിക്കുന്ന സമയത്താണ് മ‍ഞ്ചേരിയിലെ യുഗ ഇന്റീരിയേഴ്സിനെപ്പറ്റി കൃഷ്ണകുമാർ അറിയാനിടയായത്.അവരെ തിരഞ്ഞെടുക്കാനുള്ള കൃഷ്ണകുമാറിന്റെ കാരണവും രസകരമാണ്: ‘‘ഞാൻ അന്വേഷിച്ചത് അവരുടെ വയസ്സാണ്. ചെറുപ്പക്കാരാണെന്ന് മനസ്സിലായി. പുതിയ ചിന്താഗതികളും ആശയങ്ങളുമൊക്കെ അവർക്ക് കാണും,’’ കൃഷ്ണകുമാർ പറയുന്നു. പിന്നീട് അവർ ചെയ്ത ചില ഇന്റീരിയർ വർക്കുകളും പോയി കണ്ട് തൃപ്തനായി.ടീച്ചർക്കാണെങ്കിൽ മറ്റൊരു കാലഘട്ടത്തിന്റെ ചിന്തയാണ്. ചിരിച്ചുകൊണ്ട് ടീച്ചർ അതു പറയും. ‘‘ഞാനിവനോടു ചോദിക്കും, എന്തിനാടാ ഇന്റീരിയർ ഒക്കെ ചെയ്യുന്നതെന്ന്... പണ്ടൊക്കെ നമ്മൾ വീടു പണിത് സാധനങ്ങൾ ഒക്കെ അതിലിടുകയല്ലേ ചെയ്യുന്നത്, ഇന്റീരിയർ ഒന്നുമല്ലല്ലോ...’’ ആ നിഷ്കളങ്ക ചിരിയിൽ കൂടെയുള്ളവർ കൂടെ കുലുങ്ങിച്ചിരിക്കും.

nayanar new6

അങ്ങനെയാണ് കന്റെംപ്രറി ലുക്കിലുള്ള ഇന്റീരിയർ തയാറായത്. ഒലിവ് ഗ്രീൻ മുതൽ ഗ്രേ വരെയുള്ള പല ഷേഡുകളാണ് ഭിത്തികളിൽ ഉപയോഗിച്ചിരിക്കുന്നത്. ലിവിങ്ÐകംÐഡൈനിങ് ഹാളിന്റെ ഭാഗമായാണ് ടിവി യൂണിറ്റ്. ഡൈനിങ്ങിൽ നിന്ന് പുറത്തേക്കുള്ള ബാൽക്കണിയുടെ സ്ലൈഡിങ് ഡോർ മാറ്റി ആ ഭാഗം കൂടെ അകത്തേക്ക് എടുത്തതാണ് ബുദ്ധിപരമായ നീക്കം. ആ കോർണർ ഏരിയ ഇപ്പോൾ റീഡിങ് സ്പേസ് ആണ്. ആ ഭിത്തിയിലെ മുഴുനീള ജനാലയിലൂടെ കാണുന്നത് അങ്ങ് ശംഖുമുഖം കടപ്പുറവും എയർപോർട്ടുമൊക്കെയാണ്. ‘‘രാത്രിയായാൽ ഇതിലൂടെ കാണാൻ രസമാണ്... ൈലറ്റൊക്കെയിട്ട്...’’ ടീച്ചറും ഫ്ലാറ്റിലെ രസികൻ കാഴ്ചകളെക്കുറിച്ച് വാചാലയായി. റീഡിങ് സ്പേസിന്റെ ഭിത്തി മുഴുവനും വെർട്ടിക്കൽ ഗാർഡൻ ആണ്. മറുഭിത്തിയിൽ പൂജാ സ്പേസും. ‘‘അമ്മ രാവിലെ എണീറ്റ് ഇവിടെ ഇരിക്കുമ്പോൾ വെർട്ടിക്കൽ ഗാർഡനിലെ ഇലകളിലൂടെ കയ്യോടിക്കും,’’കൃഷ്ണകുമാറിന്റെ സന്തോഷം. ‘‘ഞാൻ ആദ്യം ഒാർത്തു, ഇതിലൂടെ വെള്ളം ഒഴുകുന്നുണ്ടെന്ന്, ’’ ഭിത്തിയിലെ പച്ചപ്പ് തലോടി ശാരദ ടീച്ചർ ചിരിച്ചു...

nayanar new 5

ഡൈനിങ് ടേബിൾ ആണ് ഫ്ലാറ്റിന്റെ ശ്രദ്ധാ കേന്ദ്രം. നാനോവൈറ്റ് ടോപ്പ് ആണ് ടേബിളിന്. കസേരകളും ന്യൂജെൻ. ശാരദ ടീച്ചർക്ക് അതിലിത്തിരി പരിഭവമില്ലാതില്ല, ‘കസേരയായാൽ ഇത്തിരി ബലവും തടിയുമൊക്കെ വേണ’മെന്നാണ് ടീച്ചർക്ക്. അതുകൊണ്ട് അമ്മയ്ക്കു വേണ്ടി ഒരു തടി കസേര തന്നെ വാങ്ങിച്ചിട്ടുണ്ട് കൃഷ്ണകുമാർ.ഡൈനിങ് ടേബിളിലെ നാനോവൈറ്റ് തന്നെയാണ് കിച്ചനിലെ കൗണ്ടറിനും. ‘‘നാനാൈവറ്റിൽ മഞ്ഞളോ മറ്റു കറയോ ആയാലും പേടിക്കേണ്ടതില്ല. വെള്ളം തൊട്ടു തുടച്ചാൽ മുഴുവനായും പോവും,’’ വീട്ടുകാരിയും ബാങ്ക് ഉദ്യോഗസ്ഥയുമായ മേഘ്നയ്ക്ക് 100 ശതമാനം സംതൃപ്തി. അടുക്കളയുടെ ഒരു ഇഞ്ച് പോലും കളയാതെ സ്റ്റോറേജ് സ്പേസ് ഒരുക്കിയിട്ടുണ്ട്. ഫ്ലാറ്റിന്റെ മാസ്റ്റർ പ്ലാനിൽ ഉണ്ടായിരുന്ന വർക്ഏരിയ മാറ്റി അടുക്കള നീട്ടിയെടുത്തു. അവിടെ വാഷിങ്മെഷീനും സ്ഥലം കിട്ടി. ഫ്രിഡ്ജും അവ്നുമെല്ലാം ഇൻബിൽറ്റ് സ്പേസ് കൈയടക്കിയിരിക്കുന്നു. നല്ല പൊക്കത്തിലുള്ള ബ്രേക്ഫാസ്റ്റ് ടേബിളും അവിടെയുള്ള ഫിലമെന്റ് ബൾബുകളും ആ ഏരിയയ്ക്ക് ഒരു റസ്റ്ററൻറ് ഫീൽ കൊടുക്കുന്നുണ്ട്.

nayanar new 3

ഒന്നും പുറത്തുകാണാതെ, കഴിവതും എല്ലാ സാധനങ്ങളും സ്റ്റോറേജ് സ്പേസിനകത്ത് വേണമെന്ന കൃഷ്ണകുമാറിന്റെ നിർബന്ധം കിച്ചനിൽ മാത്രമല്ല, കിടപ്പുമുറികളിലും കാണാം. മുഷിഞ്ഞ വേഷങ്ങൾ, ഒരു പ്രാവശ്യം ഇട്ടു മാറ്റിവയ്ക്കുന്ന വേഷങ്ങൾ, അലക്കിത്തേച്ച വസ്ത്രങ്ങൾ എന്നിവയ്ക്ക് പ്രത്യേകം പ്രത്യേകം സ്റ്റോറേജ് സ്പേസ് ഒരുക്കിയത് കൃഷ്ണകുമാറിന്റെ മിടുക്ക്. ആഡംബരത്തേക്കാൾ പ്രാധാന്യം ഇവിടെ സ്ഥലസൗകര്യത്തിനാണ്.കിടപ്പുമുറികളിലൊഴികെ, ബാക്കിയെല്ലായിടത്തും ഫ്ലോറിങ് തടി ഫിനിഷിലുള്ള ടൈലുകൾ കൊണ്ടാണ്. അത് ശാരദ ടീച്ചർക്ക് ശരിക്കും ഇഷ്ടപ്പെട്ടു, ആ തടിയുടെ ടച്ച്. ഡൈനിങ് ടേബിൾ, ലിവിങ് സോഫകൾ, സെന്റർ ടേബിൾ, സ്റ്റോറേജ് ഉള്ള കട്ടിലുകൾ എന്നിവ പണിയിപ്പിച്ചെടുത്തു.

nayanar new3

ക്യാമൽ സ്റ്റാൻഡ്, അറബിക് ക്ലോക്ക് മുതലായ ശേഖരങ്ങളും ഫ്ലാറ്റിന് കൗതുകം പകരുന്നു. അതിലുപരി, എല്ലാ മുറിയിലും നിറഞ്ഞുനിൽക്കുന്ന നായനാരുടെ സാന്നിധ്യം തെളിഞ്ഞ ആകാശം പേലെ നിറഞ്ഞു തുളുമ്പുന്നു.ഫാമിലി ഫോട്ടോയ്ക്ക് പോസ് ചെയ്യാനിരുന്നപ്പോൾ ടീച്ചർ കൊച്ചുമക്കളോട് കഥ പറയാൻ തുടങ്ങി. കഥകളുടെ ഭാണ്ഡക്കെട്ട് പൊട്ടിച്ചിതറിയ പോലെ... ഒരിക്കലും വറ്റാത്ത കഥകളുടെ അക്ഷയച്ചെപ്പ്. സഖാവിന്റെ ഫോട്ടായ്ക്കു താഴെ കുടുംബം ഫോട്ടോയ്ക്ക് ഒത്തുകൂടി. ഫൊട്ടോഗ്രഫറുെട ക്ലിക്കുകളുടെ എണ്ണം കൂടിയപ്പോൾ പിറകിൽ നിന്ന് സഖാവ് ചോദിക്കുന്ന പോലെ തോന്നി: ‘എന്താടോ, ശരിയായില്ലേ?’

nayanar new 4

1.