Wednesday 17 October 2018 02:56 PM IST : By സ്വന്തം ലേഖകൻ

പഴമയുടെ പ്രൗഢിയിൽ പുതുമയുടെ കൈയ്യൊപ്പ്; ഫ്ലാറ്റിനെ മോഡേണാക്കിയെടുക്കാം–ചിത്രങ്ങൾ

flat

ബംഗളൂരു ഹൊരമാവ് റോഡിലെ പുതിയ ഫ്ലാറ്റിലേക്ക് താമസം മാറ്റുമ്പോൾ അമിത് സെബാസ്റ്റ്യൻ കുറെ ഒാർമകളും കൂടെക്കരുതിയിരുന്നു. പഴയ വീട്ടിലെ ഫർണിച്ചറിന്റെയും അലമാരയുടെയുമെല്ലാം രൂപത്തിലുള്ള ആ ഒാർമകളെ പുതിയ ഫ്ലാറ്റിന്റെ ശൈലിയിലേക്ക് ഇണക്കിയെടുക്കുക എന്നതായിരുന്നു ആർക്കിടെക്ട് രാഹുൽ മേനോന്റെയും സംഘത്തിന്റെയും ആദ്യ കടമ്പ. ഇതിനായി ഒാരോ ഫർണിച്ചറിനെയും പഠനവിധേയമാക്കി, അതിനനുസരിച്ചുള്ള ചുറ്റുപാടുകളാണ് ഫ്ലാറ്റിൽ സജ്ജീകരിച്ചത്. കാര്യമായി ഹോംവർക്ക് ചെയ്തതിന്റെ ഫലം കാണാനുണ്ട്!

ലിവിങ് ഏരിയ

നീല വോൾപേപ്പർ പതിച്ച ഭിത്തിയിലെ ‘മെറ്റൽ മരം’ സന്ദർശകന്റെ ശ്രദ്ധ കവർന്നില്ലെങ്കിലേ അദ്ഭുതമുള്ളൂ. ‘ട്രീ ഒാഫ് ലൈഫ്’ എന്ന് പേരുള്ള ഈ മരം പിത്തളയിലാണ് പണി തീർത്തത്. പഴയ ഫർണിച്ചറിൽ ചിലത് രൂപമാറ്റത്തോടെ ഇടംപിടിച്ചിരിക്കുന്നു. കൈകൊണ്ടു നിർമിച്ച ആത്തംകുടി ടൈലുകൾ കളം വാഴുന്നു. ചെമ്പ് കൊണ്ടുള്ളൊരു സ്ക്രീൻ ആണ് മറ്റിടങ്ങളിൽ നിന്നുള്ള കാഴ്ച ഭാഗികമായി മറയ്ക്കുന്നത്.

flat-2

ഡൈനിങ് സ്പേസ്

മൈക്രോസിമന്റ് ഫ്ലോറിങ്ങിന് നടുവിലായ് ബ്രൗൺ നിറത്തിലുള്ള കാർപെറ്റിലാണ് ‍ൈഡനിങ് സ്പേസ്. പഴയ ഫർണിച്ചർ മാറ്റമില്ലാതെ ഇവിടെക്കാണാം. വെർട്ടിക്കൽ ഗാർഡൻ ഉള്ള ബാൽക്കണിയാണ് ഫ്ലാറ്റിനെ ജീവസ്സുറ്റതാക്കുന്നത്. പഴയൊരു അലമാരയ്ക്ക് പുതുജീവൻ പകർന്നത് കാ‍ഞ്ചീവരം സിൽക്ക് കൊണ്ടുള്ള മേക്ഒാവറിലൂടെയാണ്. വെളിച്ചത്തിന് മിഴിവേകാൻ ജിപ്സം ഫോൾസ് സീലിങ്. ചുവരുകളിൽ ബുദ്ധനും യേശുവും.

flat-4

സ്വിങ്ങിങ് ബെഡ്

വീട്ടുകാരന്റെ വളരെ നാളത്തെ മോഹമായിരുന്നു ഇന്റീരിയറിലൊരു ആട്ടുകട്ടിൽ. എന്തായാലും പുതിയ ഫ്ലാറ്റിലത് സാധ്യമായി. സമീപത്തൊരു ഭീമൻ ചുവന്ന സെറാമിക് ജാർ വച്ചതോടെ ഫ്രെയിമിന് ഭംഗി കൂടിയതേയുള്ളൂ.

flat-3

കിച്ചൺ

വെളളയും വോൾനട്ട് ഷെയ്ഡുമാണ് അടുക്കളയിലെ പ്രധാന നിറങ്ങൾ. ഇഷ്ടിക പുറമെ കാണുന്ന രീതിയിലാണ് ഇവിടത്തെ ബ്രേക്ഫാസ്റ്റ് കൗണ്ടറുകൾ. ഒാപൻ ശൈലിയിലുള്ള അടുക്കളയ്ക്ക് ജിപ്സം ഫോൾസ് സീലിങ്ങും നൽകിയിട്ടുണ്ട്. മൾട്ടിവുഡ് കൊണ്ടാണ് കബോർഡുകൾ.

സ്റ്റഡി ഏരിയ

പ്രധാനവാതിൽ തുറന്നാൽ വലതുവശത്തായി സ്റ്റഡി ഏരിയ കാണാം. 25 വർഷത്തിലധികം പഴക്കമുള്ളൊരു കസേരയാണ് ഇവിടുത്തെ ഏക ഇരിപ്പിടം. തറയിൽ വുഡൻ ഫ്ലോറിങ് നൽകി.

3---study-room

എന്റെർടൈൻമെന്റ് ഏരിയ

കുട്ടികൾക്കും ഒരു മുറി വേണമല്ലോ! അങ്ങനെ ഒരു കിടപ്പുമുറിയെ അതിനായ് മാറ്റിയെടുത്തു. പഴയ കട്ടിലുകൾക്ക് ചില്ലറ മേക്ഒാവർ നടത്തി കിടിലൻ രണ്ട് സോഫകളായി മാറ്റിയെടുത്തു. അതിഥികളുണ്ടെങ്കിൽ ഇവ ചേർത്തിട്ട് വീണ്ടും കട്ടിലാക്കും. സൂപ്പർഹീറോകളുടെ ചിത്രങ്ങളാൽ അലംകൃതമാണ് ഭിത്തികൾ. ഹോംതിയേറ്റർ സംവിധാനവും ഇവിടെത്തന്നെ.

flat-1

ബെഡ്റൂംസ്

രണ്ട് കിടപ്പുമുറികളാണിവിടെയുള്ളത്. മാസ്റ്റർ ബെഡ്റൂമിന്റെ ഒരു ഭിത്തിയിൽ ഇഷ്ടികകൾ എക്സ്പോസ് ചെയ്തിട്ടുണ്ട്. തടി ഫ്ലോറിങ്ങിന്റെ പാറ്റേൺ കാബിനറ്റിലേക്കും ഹെഡ്ബോർഡിലേക്കുമെല്ലാം പടർന്നിട്ടുണ്ട്. പുതുക്കിയെടുത്തൊരു ചാരുകസേര അമ്മയുടെ കിടപ്പുമുറിയിൽ ഇടം നേടിയിട്ടുണ്ട്. ■

flat-5

Project Facts

Area: 2000 sqft

Architect:

രാഹുൽ മേനോൻ
പ്രിൻസിപ്പൽ ആർക്കിടെക്ട്
സ്റ്റുഡിയോ ടാബ്, മുംബൈ, tab.rahul@gmail.com

Location:
ഹൊരമാവ്, ബംഗളൂരു

Year of completion:
സെപ്റ്റംബർ, 2016