Friday 26 March 2021 04:04 PM IST

സ്വന്തം വീട് സ‌റ്റൈൽ ആക്കിയപ്പോൾ കിട്ടിയത് കലക്കൻ ബിസിനസ് ഐഡിയ, പ്ലാൻഡർ നിർമിച്ചു കാശുണ്ടാക്കുയാണ് മിറാൻഡ

Sunitha Nair

Sr. Subeditor, Vanitha veedu

hoby 1

മുപ്പത് വർഷമായി തടി ബിസിനസ് ചെയ്യുന്നയാളാണ് മിറാൻഡയുടെ പിതാവ്. എന്നാൽ താനും ആ വഴി പിന്തുടരുമെന്ന് തൃശൂർ ഒല്ലൂർ സ്വദേശി മിറാൻഡ ചെറുപ്പത്തിൽ ചിന്തിച്ചിരുന്നില്ല. സിവിൽ എൻജിനീയറിങ് ബിരുദം നേടി വിദേശത്തുനിന്ന് ഉന്നതപഠനവും കഴിഞ്ഞ് വിവാഹശേഷം കുട്ടിയൊക്കെയായപ്പോഴാണ് മിറാൻഡയ്ക്ക് സ്വന്തമായി എന്തെങ്കിലും തുടങ്ങണമെന്ന ആഗ്രഹം ഉടലെടുക്കുന്നത്.

hoby 2

ഹോം ഡെക്കറിലുള്ള താൽപര്യം മൂലം മിറാൻഡ സ്വന്തം വീട്ടിലേക്ക് തടി കൊണ്ടുള്ള പ്ലാന്ററുകൾ ഡിസൈൻ ചെയ്തിരുന്നു. അതു കണ്ട ബന്ധുക്കളും സുഹൃത്തുക്കളും ഇത് ബിസിനസ് ആക്കാൻ ഉപദേശിച്ചപ്പോഴാണ് മിറാൻഡയും അതേക്കുറിച്ച് ആലോചിക്കുന്നത്. കുറച്ച് പ്ലാന്ററുകൾ ഉണ്ടാക്കി എക്സിബിഷനുകളിൽ പങ്കെടുത്തു. അ പ്പോഴും വിൽപന തു‍ടങ്ങിയില്ല. പ്രദർശനങ്ങളിലെ സന്ദർശകരുടെ അഭിപ്രായമറിഞ്ഞപ്പോൾ മിറാൻഡയ്ക്ക് ആത്മവിശ്വാസമായി. അതോടെ ധൈര്യമായി ബിസിനസിലേക്ക് ഇറങ്ങി.

hoby 3

ട്രീറ്റഡ് മഹാഗണി കൊണ്ടുള്ള പ്ലാന്റർ ബോക്സുകളാണ് ‘മിറാൻഡ ഹോം ഡെക്കറി’ന്റെ ഹൈലൈറ്റ്. ഇന്റീരിയറിന് ഭംഗിയേകാൻ ചെടിയേക്കാൾ മികച്ചതായി മറ്റെന്തുണ്ട് എന്നാണ് മിറാൻഡയുടെ ചോദ്യം. ‘‘പച്ചപ്പ് നൽകുന്ന സന്തോഷം വേറെത്തന്നെയാണ്. വെറുതെ ചെടി വയ്ക്കുന്നതിനേക്കാൾ മുറിയുടെ ലുക്ക് മാറുന്നത് നല്ലൊരു പ്ലാന്റർ കൂടി വരുമ്പോഴാണ്.’’

hoby 5

ക്ലയന്റ് നിര്‍ദേശിക്കുന്ന ഡിസൈനിൽ അവർ ആവശ്യപ്പെടുന്ന തടി കൊണ്ട് കസ്റ്റമൈസ്ഡ് പ്ലാന്ററുകളും തയാറാക്കി നൽകും. സാധാരണക്കാർക്കും വാങ്ങാൻ കഴിയുന്നതാവണം തന്റെ ഉൽപന്നങ്ങൾ എന്ന് മിറാൻഡയ്ക്കു നിർബന്ധമുണ്ട്. അതിനാൽ 250 രൂപ മുതലാണ് പ്ലാന്ററുകളുടെ വില. വില കുറവാണെന്നു കരുതി ഗുണനിലവാരത്തിൽ ഒരു കുറവുമില്ലെന്ന് മിറാൻഡ ഉറപ്പു നൽകുന്നു. പ്ലാന്ററും പോട്ടും ചെടിയും കൂടി 500 രൂപ മുതൽ ലഭ്യമാണ്. ടേബിൾ ടോപ് പ്ലാന്ററുകളുമുണ്ട്. വിശേഷാവസരങ്ങളിൽ സമ്മാനം നൽകാനും ഈ പ്ലാന്ററുകൾ അനുയോജ്യമാണ്.

hoby 4

മഹാഗണി തടിയിൽ തേക്ക്, റോസ്‌വുഡ്, വാൽനട്ട്, വെള്ള തുടങ്ങിയ നിറങ്ങളിലാണ് പ്ലാന്റർ ഡിസൈൻ ചെയ്യുന്നത്. ഇതു കൂടാതെ ഫർണിച്ചർ, ഷെൽഫുകൾ, തടി ഫ്രെയിമിലുള്ള കളർ ഗ്ലാസ്/കണ്ണാടി എന്നിവയും മിറാൻഡ ഡിസൈൻ ചെയ്യുന്നുണ്ട്. ഇവയെല്ലാം ആവശ്യക്കാർക്ക് ചെയ്തുകൊടുക്കുകയാണ് മിറാൻഡയുടെ രീതി. ഇതിനായി സ്ഥാപനമൊന്നുമില്ല. ഒരു വർഷം മുൻപ് തുടങ്ങിയ ബിസിനസിനെ ഓൺലൈൻ ആക്കി വികസിപ്പിച്ചു. കേരളത്തിനകത്തും പുറത്തും ഉൽപന്നങ്ങൾ എത്തിക്കും. അച്ഛൻ ജോൺ ആണ് വഴികാട്ടി. പിന്തുണയുമായി ഭർത്താവ് ഡോ. എബിന്‍ അഗസ്റ്റിനും ഒപ്പമുണ്ട്.