Wednesday 19 September 2018 03:33 PM IST : By സ്വന്തം ലേഖകൻ

അടുക്കളയെ സ്മാർട്ട് ആക്കുന്ന കൗണ്ടർ ടോപ്പുകൾ; കിച്ചൺ ടോപിനെ മികവുറ്റതാക്കാൻ ഏഴ് മാർഗങ്ങൾ

kitchen കിച്ചൻ കൗണ്ടർടോപ് നിർമിക്കാൻ ഉപയോഗിക്കാവുന്ന നിർമാണവസ്തുക്കളും അവയുടെ പ്രത്യേകതകളും

വീടിന്റെ എൻജിൻ റൂമാണ് അടുക്കളയെങ്കിൽ അതിന്റെ മൈലേജ് നിശ്ചയിക്കുന്ന പ്രധാന ഘടകമാണ് ‘കൗണ്ടർടോപ്’ അഥവാ പാതകം. ഒന്നല്ല, ഒരുപാട് കാര്യങ്ങൾ പരിഗണിച്ചുവേണം കൗണ്ടർടോപ്പ് മെറ്റീരിയൽ തിരഞ്ഞെടുക്കാൻ. ഈട്, വൃത്തിയാക്കാനുള്ള സൗകര്യം, ഭംഗി എന്നിവയെല്ലാം ഒത്തുവരുന്ന കൗണ്ടർടോപ് ഉണ്ടെങ്കിലേ അടുക്കള സ്മാർട് ആകൂ.

കോൺക്രീറ്റ് സ്ലാബ് ആയിരുന്നു അടുക്കളയിലെ ആദ്യകാല കൗണ്ടർടോപ്. പിന്നീട് അതിൽ ടൈൽ ഒട്ടിച്ച് മനോഹരമാക്കുന്ന രീതി വന്നു. ഏതായാലും മോഡുലാർ കിച്ചന്റെ വരവോടെ ഇതൊക്കെ പഴഞ്ചനായി. ഭിത്തിയോട് ചേർന്ന് സ്ലാബ് വാർക്കാതെ കാബിനറ്റിന് മുകളിൽ പിടിപ്പിക്കുന്ന രീതിയിൽ കൗണ്ടർടോപ്പ് തയാറാക്കുന്നതാണ് ഇപ്പോഴത്തെ രീതി. നാചുറൽ സ്റ്റോൺ, ആർട്ടിഫിഷ്യൽ സ്റ്റോൺ, സോളിഡ് സർഫസ്, ഗ്ലാസ്, ലാമിനേറ്റ്സ്, ടൈൽ എന്നിങ്ങനെ ഇഷ്ടംപോലെ മാർഗങ്ങളുണ്ട് മുന്നിൽ. അടുക്കളയുടെ ഇന്റീരിയർ സ്റ്റൈൽ, പോക്കറ്റിന്റെ കനം എന്നിവയ്ക്കനുസരിച്ച് ഇഷ്ടമുള്ളത് തിരഞ്ഞടുക്കാം.

1. സോളിഡ് സർഫസ്

ഒരിടത്തുപോലും ജോയിന്റ് കാണാത്ത വിധത്തിൽ കൗണ്ടർടോപ്പും സിങ്കുമെല്ലാം ഒരുക്കാം, നൂറ്റിയൻപതിലധികം നിറങ്ങളിൽ ഇഷ്ടമുള്ളത് തിരഞ്ഞെടുക്കാം, പെട്ടെന്നൊന്നും കറ പിടിക്കില്ല, പോറൽ വീണാലും സാൻഡിങ് പ്രൊസസ് വഴി കുട്ടപ്പനാക്കിയെടുക്കാം. ന്യൂ ജനറേഷന്റെ പ്രതീക്ഷകൾക്കൊത്ത് കളംവാഴുന്ന മെറ്റീരിയലാണ് സോളിഡ് സർഫസ്. ഡ്യുപോണ്ട് കമ്പനി പുറത്തിറക്കുന്ന ‘കൊറിയൻ സ്റ്റോൺ’ എന്ന ഉൽപന്നമാണ് ഇതിൽ ഏറെ ജനപ്രിയം.

അക്രിലിക് പോളിമർ, അലുമിനാ ‍ട്രൈഹൈഡ്രേറ്റ് എന്നിവ പ്രത്യേക മിശ്രിതങ്ങളോടൊപ്പം ചേർത്താണ് കൊറിയൻ സ്റ്റോൺ നിർമിക്കുന്നത്. ആറ് എംഎം, 19 എംഎം കനത്തിലും ലഭിക്കുമെങ്കിലും 12 എംഎം കനത്തിലുള്ള ഷീറ്റ് ആണ് കൗണ്ടർടോപ്പിന് അനുയോജ്യം. 12 x 2.5 അടി അളവിലുള്ള ഷീറ്റ് ആയാണ് ഇത് ലഭിക്കുക. ഒരു സ്ക്വയർഫീറ്റ് ഷീറ്റിന് രണ്ട് കിലോ ഭാരം ഉണ്ടാകും.

ചൂടാക്കിയാൽ ഏത് ആകൃതിയിലേക്കും വളച്ചെടുക്കാമെന്നതാണ് കൊറിയൻ സ്റ്റോണിന്റെ മുഖ്യ സവിശേഷത. ഒരു ഷീറ്റ് ഉപയോഗിച്ച് ബാക്ക്സ്പ്ലാഷും (കൗണ്ടർടോപ്പിനോട് ചേർന്നുള്ള ചുവരിന്റെ ഭാഗം) കൗണ്ടർടോപ്പും നിർമിക്കാനൊക്കെ നിസ്സാരമായി കഴിയും. സിങ്ക് നിർമിക്കാനും ഈ വിദ്യ പ്രയോജനപ്പെടുത്താം.

ഇനി രണ്ട് ഷീറ്റുകൾ കൂട്ടിയോജിപ്പിക്കേണ്ടിവന്നാലും ജോയിന്റ് ഒട്ടും കാണാത്ത രീതിയിൽ ഒട്ടിച്ചു ചേർക്കാനും വഴിയുണ്ട്. പ്രത്യേകതരം അക്രിലിക് പശയുപയോഗിച്ചാണ് ഷീറ്റ് ഒട്ടിക്കുന്നത്. അതിനുശേഷം ഇവിടം സാൻഡിങ് ചെയ്ത് പോളിഷ് ചെയ്യുന്നതോടെ ഒറ്റ ഷീറ്റായിട്ടേ തോന്നുകയുള്ളൂ. ‘സീംലെസ് ജോയിന്റ്’ എന്നാണിതിനു പറയുക. ജോയിന്റുകളിൽ അഴുക്കുപിടിക്കുന്നുവെന്ന പരാതി ഒഴിവാക്കാൻ ഇത് സഹായിക്കും.

കൗണ്ടർടോപ്പിന്റെ ഏതെങ്കിലും ഭാഗത്ത് കേടുവന്നാൽ അവിടം മാത്രം മാറ്റിയെടുക്കാനും ഈ സംവിധാനം വഴി കഴിയും. പോറൽ വീണാലും സാൻഡിങ്, പോളിഷിങ് വഴി പുതിയതുപോലെ ആക്കിയെടുക്കാം. ചതുരശ്രയടിക്ക് 520 രൂപ മുതലാണ് വില.

kitchen-6

2. ലാമിനേറ്റ്സ്

ഷോ കിച്ചൻ എന്ന അലങ്കാരഅടുക്കളയുടെ കൗണ്ടർടോപ് ഒരുക്കാനാണ് ലാമിനേറ്റ്സ് അനുയോജ്യം. നിറത്തിന്റെയും ഡിസൈനിന്റെയും കാര്യത്തിലുള്ള അനന്തസാധ്യതകളാണ് പ്ലസ് പോയിന്റ്. സൂക്ഷിച്ച് ഉപയോഗിച്ചില്ലെങ്കിൽ എളുപ്പം കേടുവരുമെന്നതാണ് പോരായ്മ. സ്ഥിരമായി വെള്ളം വീഴുകയോ ഈർപ്പം പിടിക്കുകയോ ചെയ്താലും കേടുവരാം. പാർട്ടിക്കിൾ ബോർഡ്, എംഡിഎഫ്, പ്ലൈവുഡ് തുടങ്ങിയവയുടെ മുകളിൽ ലാമിനേഷൻ നടത്തിയാണ് ഇത്തരം കൗണ്ടർടോപ് നിർമിക്കുന്നത്. ചതുരശ്രയടിക്ക് 400 രൂപ മുതലാണ് ചെലവ്.

kitchen

3. നാചുറൽ സ്റ്റോൺ

കൗണ്ടർടോപ്പിന്റെ കാര്യത്തിൽ ‘നാചുറൽ സ്റ്റോൺ’ എന്നാ ൽ ‘ഗ്രാനൈറ്റ്’ എന്നതാണ് സ്ഥിതി. കേരളത്തിലെ അടുക്കളകളിൽ കൗണ്ടർടോപ്പിന് ഏറ്റവും അധികം ഉപയോഗിക്കുന്നതും ഗ്രാനൈറ്റ് തന്നെ. കറപിടിക്കില്ല, പോറലേൽക്കില്ല, നിറം മങ്ങില്ല, വൃത്തിയാക്കാൻ വളരെയെളുപ്പം എന്നതൊക്കെയാണ് ഗ്രാനൈറ്റിനോടുള്ള മമതയ്ക്കു കാരണം. ലോകത്തിലെതന്നെ ഏറ്റവും മികച്ച ഗ്രാനൈറ്റാണ് ഇന്ത്യയിൽ ലഭിക്കുന്നത് എന്നതും ഗ്രാനൈറ്റിന്റെ ജനപ്രീതി കൂട്ടുന്നു. ചതുരശ്രയടിക്ക് 150 രൂപ മുതലാണ് ഇന്ത്യൻ ഗ്രാനൈറ്റിന്റെ വില. 8 x 4, 6 x 3, 4 x 2 അടി അളവിലൊെക്കയുള്ള സ്ലാബ് ആയാണ് ഗ്രാനൈറ്റ് ലഭിക്കുക. 16 എംഎം മുതൽ 20 എംഎം വരെ കനമുള്ള സ്ലാബ് ലഭിക്കും. 18 എംഎം അല്ലെങ്കിൽ 19 എംഎം കനത്തിലുള്ള ഗ്രാനൈറ്റ് ആണ് കൗണ്ടർടോപ്പിന് കൂടുതലായി ഉപയോഗിക്കുന്നത്. രണ്ട് അടി വീതിയാണ് സാധാരണഗതിയിൽ കൗണ്ടർടോപ്പിന് ഉണ്ടാകുക.

കടുപ്പവും ഉറപ്പും കൂടുമെന്നതിനാൽ കറുപ്പ് ഉൾപ്പെടെ കടുംനിറത്തിലുള്ള ഗ്രാനൈറ്റിനാണ് ഡിമാൻഡ് കൂടുതൽ. ഇളംനിറത്തിലുള്ള ഗ്രാനൈറ്റ് കാണാൻ ഭംഗി കൂടുമെങ്കിലും അപൂർവമായി കറ പിടിക്കാൻ സാധ്യതയുണ്ട്. ചതുരശ്രയടിക്ക് 750 രൂപ മുതൽ 3,000 രൂപയിലധികം വിലയുള്ള ഇറക്കുമതി ചെയ്ത ഗ്രാനൈറ്റും ലഭ്യമാണ്.

ഒനിക്സ് വൈറ്റ്, ഒനിക്സ് ഗ്രീൻ എന്നീ ഇനത്തിലുള്ള ഇംപോർട്ടഡ് മാർബിളും കൗണ്ടർടോപ്പിന് ഉപയോഗിക്കാറുണ്ട്. വശ്യമായ നിറവും നല്ല കടുപ്പവുമാണ് ഇതിന്റെ പ്രത്യേകത. അത്ര പെട്ടെന്ന് കറ പിടിക്കില്ല. ചതുരശ്രയടിക്ക് 700 രൂപ മുതലാണ് വില. ചതുരശ്രയടിക്ക് 70 രൂപ മാത്രം വിലയുള്ള ഇന്ത്യൻ ഗ്രീൻ മാർബിളും കൗണ്ടർടോപ്പായി ഉപയോഗിക്കുന്നവരുണ്ട്.

kitchen-4

4. ആർട്ടിഫിഷ്യൽ സ്റ്റോൺ

ഗ്രാനൈറ്റ് ലഭ്യമല്ലാത്ത നിറങ്ങളിൽ പോലും ലഭിക്കുമെന്നതാണ് ആർട്ടിഫിഷ്യൽ സ്റ്റോണിന്റെ സവിശേഷത. പെട്ടെന്ന് കറപിടിക്കില്ല, പോറൽ വീഴില്ല, എളുപ്പം വൃത്തിയാക്കാം തുടങ്ങിയ ഗുണങ്ങളും ഇവയ്ക്കുണ്ട്. സിലിക്കയോടൊപ്പം പ്രത്യേക ധാതുക്കളും കളർ പിഗ്‌മെന്റ്സും ചേർത്താണ് ആർട്ടിഫിഷ്യൽ സ്റ്റോൺ നിർമിക്കുന്നത്.

നാനോവൈറ്റ്, ക്വാർട്സ് സ്ലാബ്, സീസർ സ്റ്റോൺ തുടങ്ങിയ പേരുകളിലുള്ള ആർട്ടിഫിഷ്യൽ സ്റ്റോൺ ആണ് കൗണ്ടർടോപ് നിർമിക്കാൻ കൂടുതലായി ഉപയോഗിക്കുന്നത്.

ആർട്ടിഫിഷ്യൽ മാർബിൾ എന്ന പേരിലും അറിയപ്പെടുന്ന നാനോ വൈറ്റ് തൂവെള്ള നിറത്തിലും ചാരനിറത്തിലുമാണ് ലഭിക്കുന്നത്. ജി ത്രീ, ജി ഫോർ, ജി ൈഫവ് എന്നിങ്ങനെ മൂന്ന് ഗ്രേഡിൽ നാനോ വൈറ്റ് ലഭിക്കും. 9 x 4.5 അടി അളവിലുള്ള ഷീറ്റ് ആയാണ് ലഭിക്കുക. 17 എംഎം അല്ലെങ്കിൽ 20 എംഎം ആയിരിക്കും കനം. ഗ്രാനൈറ്റിന്റേതു പോലെ വശങ്ങൾ ഉരുട്ടിയെടുക്കാനും കഴിയും. പോറൽ വീണാൽ സാൻഡിങ് വഴി തിളക്കം വീണ്ടെടുക്കാം. ചതുരശ്രയടിക്ക് 350 രൂപ മുതലാണ് വില.

കടുപ്പം കൂടിയ വസ്തുവായ ക്വാർട്സിനൊപ്പം ഗ്ലാസും പ്രത്യേക മിശ്രിതങ്ങളും ചേർത്ത് നിർമിക്കുന്നതാണ് ക്വാർട്സ് സ്ലാബ്. 10 x 4.8 അടി അളവിലാണ് ഇത് ലഭിക്കുക. 15 എംഎം അല്ലെങ്കിൽ 18 എംഎം ആയിരിക്കും കനം. ഗ്രാനൈറ്റിനുള്ള ഒട്ടുമിക്ക സവിശേഷതകളും ക്വാർട്സിനുമുണ്ട്. മുപ്പതോളം നിറങ്ങളിൽ ലഭിക്കും. തിളക്കമുള്ള തരികൾ ഉള്ളതും (ഗ്ലിറ്ററിങ്) ഇല്ലാത്തതുമായ ഡിസൈനിൽ ലഭ്യമാണ്. ചതുരശ്രയടിക്ക് 390 രൂപ മുതലാണ് വില.

അപൂർവമായ നിറങ്ങളിൽ ലഭിക്കുമെന്നതാണ് സീസർ സ്റ്റോണിന്റെ പ്രത്യേകത. ഇതിന് ഗ്രാനൈറ്റിനെപ്പോലെ കടുപ്പമുണ്ടാകും. 13 എംഎം കനമുള്ള സ്ലാബ് ആണ് കൗണ്ടർടോപ്പിന് ഉപയോഗിക്കുക. ചതുരശ്രയടിക്ക് 1,800 രൂപ മുതലാണ് വില. നേരിട്ട് വെയിലടിച്ചാൽ കേടുവരാൻ സാധ്യതയുണ്ട് എന്ന കാര്യം ഒാർക്കണം.

kitchen-3

5. കോൺക്രീറ്റ് /ഓക്സൈഡ്

റസ്റ്റിക് ശൈലിയിലുള്ള ഇന്റീരിയർ ഇഷ്ടപ്പെടുന്നവരാണ് കോൺക്രീറ്റ് കൗണ്ടർടോപ്പിന്റെ ആരാധകർ. കോൺക്രീറ്റിനൊപ്പം ഗ്രേ, ലൈറ്റ് ഗ്രീൻ നിറങ്ങളിലുള്ള ഓക്സൈഡ് പൂശിയ കൗണ്ടർടോപ്പിനും പ്രചാരം കൂടി വരുന്നുണ്ട്. തടി കൊണ്ടുള്ള കാബിനറ്റുകളും തേക്കാത്ത ചുവരുകളുമൊക്കെയുള്ള കൺട്രി സ്റ്റൈൽ അടുക്കളകൾക്കാണ് ഇവ കൂടുതൽ ഇണങ്ങുക.

മെഷീൻ പോളിഷ് ചെയ്ത് മിനുസപ്പെടുത്തിയാണ് ഇവ തയാറാക്കുന്നത്. അതിനാൽ ഫിനിഷിങ്ങിന് ഒട്ടും കുറവുണ്ടാകില്ല. ചതുരശ്രയടിക്ക് 70 രൂപ മുതലാണ് ഇതിനുള്ള ചെലവ്. കോൺക്രീറ്റ് സ്ലാബിലോ ഫെറോസിമന്റ് സ്ലാബിലോ ഇവ നിർമിക്കാം. അതിനാൽ അധികം ചെലവ് വരില്ല.

മുഴുവനായും ജോയിന്റ് ഫ്രീ ആയ കൗണ്ടർടോപ് ലഭിക്കുമെന്നതാണ് ഒരു ഗുണം. വൃത്തിയാക്കാൻ എളുപ്പമാണ്. കറപിടിക്കുമെന്നോ പോറൽ വീഴുമെന്നോ ഉള്ള പേടി വേണ്ട. അതിനാൽതന്നെ എത്ര പരുക്കനായ ഉപയോഗത്തിനും അനുയോജ്യമാണ് കോൺക്രീറ്റ് കൗണ്ടർടോപ്.

kitchen-1

6. ഗ്ലാസ്

കറ പിടിക്കില്ല, വൃത്തിയാക്കാൻ എളുപ്പം, ഇഷ്ടനിറങ്ങൾ നൽകാം തുടങ്ങിയവയാണ് ഗ്ലാസ് കൗണ്ടർടോപ്പിന്റെ സവിശേഷതകൾ. പോറൽ വീഴാൻ സാധ്യതയുണ്ടെന്നതാണ് പോരായ്മ. സൂക്ഷിച്ചില്ലെങ്കിൽ പൊട്ടിപ്പോകുകയും ചെയ്യാം. അതിനാൽതന്നെ ഷോ കിച്ചനുകളിലാണ് ഗ്ലാസ് കൗണ്ടർടോപ് കൂടുതലായി ഉപയോഗിക്കുന്നത്. ആറ് എംഎം കനമുള്ള ഗ്ലാസ് അല്ലെങ്കിൽ രണ്ട് ഗ്ലാസ് പാളികൾ ഒട്ടിച്ചെടുത്ത 12 എംഎം കനമുള്ള സാൻഡ്‌വിച്ച് പാനൽ ഇതിനായി ഉപയോഗിക്കാം. ചതുരശ്രയടിക്ക് 200 രൂപ മുതലാണ് ചെലവ്.

kitchen-5

7. വിട്രിഫൈഡ് ടൈൽ

കൗണ്ടർടോപ് നിർമിക്കാനായി 8 x 4 അടി അളവിലുള്ള സ്ലാബ് സൈസ് ടൈൽ ചില കമ്പനികൾ പുറത്തിറക്കുന്നുണ്ട്. കാബിനറ്റിന് മുകളിൽ പിടിപ്പിക്കുകയോ കോൺക്രീറ്റ് സ്ലാബിൽ ഒട്ടിക്കുകയോ ചെയ്യാം. ഗ്രാനൈറ്റിന്റെ നിറത്തിലും ഡിസൈനിലുമുള്ള ടൈലിനാണ് ഡിമാൻഡ്. ചതുരശ്രയടിക്ക് നൂറ് മുതൽ 350 രൂപ വരെയാണ് വില. പോറൽ വീഴാനും പൊട്ടലുണ്ടാകാനും സാധ്യതയുണ്ടെന്നതാണ് പോരായ്മ. ■

kitchen-7

വിവരങ്ങൾക്ക് കടപ്പാട്:

സോണിയ ലിജേഷ്, ഇന്റീരിയർ ഡിസൈനർ, ക്രിയേറ്റീവ് ഇന്റീരിയോ, കൊടകര, തൃശൂർ

പ്രൈംലൈൻ കിച്ചൻ അപ്ലയൻസസ്, എൻഎച്ച് ബൈപാസ്,

പാലാരിവട്ടം, കൊച്ചി

ഗോർമെ കിച്ചൻസ്, ശ്യാമ ബിസിനസ് സെന്റർ, വൈറ്റില, കൊച്ചി.

വെൽബ്രോസ്, കളത്തിപ്പടി, കോട്ടയം.

ജെനുവിൻ എന്റർപ്രൈസസ്, കൊച്ചി

ജെ ആൻഡ് ജെ ഗ്രാനൈറ്റ്സ് ആൻഡ് മാർബിൾസ്,

കുമാരനെല്ലൂർ, കോട്ടയം.

സഞ്ജയ് ജെയിംസ്, സെയിൽസ് മാനേജർ, മാർബിൾസ് ആൻഡ്

ക്വാർട്‌സ്, എച്ച് ആൻഡ് ആർ ജോൺസൺ ഇന്ത്യ.