Tuesday 23 October 2018 03:04 PM IST : By സ്വന്തം ലേഖകൻ

ഇന്റീരിയറിന് കണ്ണാടിയഴക്; അകത്തളങ്ങളെ രാജകീയമാക്കാൻ കണ്ണാടിയിലെ ഈ പരീക്ഷണങ്ങൾ

mirror ചിത്രങ്ങൾ: അജീബ് കൊമാച്ചി

ഡിസൈനറുടെ കയ്യിലെ തുറുപ്പുചീട്ടോ വജ്രായുധമോ ആണ് കണ്ണാടികൾ. മുഖം നോക്കുന്നത് അവയുടെ പ്രത്യക്ഷത്തിലുള്ള ധർമം മാത്രം. ഇന്റീരിയർ ഡിസൈനിങ്ങിൽ പ്രകാശ തീവ്രത കൂട്ടാനും മുറികളെ പൊലിപ്പിക്കാനും ആകർഷകത്വം കൂട്ടാനും വലുപ്പം കൂട്ടാനുമെല്ലാം കണ്ണാടിക്കാവും. ഒരു മുറിയുടെ ഫോക്കൽ പോയിന്റ്തന്നെ കണ്ണാടിയാക്കി മാറ്റാം. ഇങ്ങനെയൊക്കെ പോകുന്നു കണ്ണാടിയുടെ മഹത്വങ്ങൾ. കണ്ണാടിയുടെ ഉപയോഗം ഇന്റീരിയറിൽ, കൂടുതലായി പരീക്ഷിക്കപ്പെടുകയും ചെയ്യുന്നുണ്ട്. ഇതാ, കണ്ടുനോക്കൂ...

കണ്ണാടിയിൽ തിളങ്ങും ഗാർഡൻ

ഇൗ കിടപ്പുമുറിയുടെ ഒരു ഭിത്തിയിലെ ജനൽ തുറക്കുന്നത് പുറത്തെ കോർട്‌യാർഡ് ഏരിയയിലെ പച്ചപ്പിലേക്കാണ്. ഇതിന്റെ എതിർവശത്തെ ഭിത്തിയിലും ഗാർഡൻ പ്രതിഫലിപ്പിക്കുക എന്ന ഉദ്ദേശ്യത്തിലാണ് ഇവിടെ കണ്ണാടി പതിപ്പിച്ചത്. 1x1 അടി വലുപ്പമുള്ള കണ്ണാടി പീസുകൾ, വോക്–ഇൻ–വാഡ്രോബിന്റെ ഭിത്തിയിലാണ് പിടിപ്പിച്ചിരിക്കുന്നത്.

mirror-1

ഷട്ടറുകൾക്ക് കണ്ണാടിത്തിളക്കം

സ്പേസ് കുറവുള്ള ബെഡ്റൂമാണ് ചിത്രത്തിൽ. പ്രത്യേകം ഒരു ഡ്രസ്സിങ് റൂമിനുള്ള സ്ഥലമില്ലതാനും. കടക്കുമ്പോൾ തന്നെ വാഡ്രോബ് കാണുകയുമരുത്. ഇൗ കുറവുകളെല്ലാം പരിഹരിച്ചത് ബെഡ്റൂമിന്റെ വീതിക്കനുസരിച്ച് വാഡ്രോബ് പിടിപ്പിച്ചാണ്. ഇവയുടെ ഷട്ടറുകൾക്ക് സ്ലൈഡിങ് കണ്ണാടി വാതിലുകളും പിടിപ്പിച്ചു. നാല് അടിയോളം വീതിയുണ്ട് ഇൗ വാഡ്രോബിന്.

mirror-7

വാഡ്രോബിന് കണ്ണാടി

കിടപ്പുമുറിയുടെ ഭിത്തിയിൽ നല്ല ഉയരമുള്ള കണ്ണാടിയിൽ ഒാരോ ആംഗിളിലും ഒാരോ ഭാവമാണ് മുറിക്ക്. ഉയരം കൂടിയ കണ്ണാടി തന്നെയാണ് വാഡ്രോബിന്റെ വാതിലും. ഹെഡ്ബോർഡിനു പിന്നിലെ മെറ്റാലിക് നിറങ്ങളും ഇരട്ടിയായി കണ്ണാടിയിലൂടെ കാണാം.

mirror-4

ടിവി വോളിന് കണ്ണാടി

അപാർട്മെന്റിന്റെ ‘എൽ’ ആകൃതിയുള്ള ലിവിങ് കം ഡൈനിങ് ഹാൾ ആണിത്. 270 സെമീ വീതിയും 280 സെമീ പൊക്കവും ഉള്ള കണ്ണാടി ഭിത്തിയാണ് ഇവിടെ ഹൈലൈറ്റ്. 17 കണ്ണാടികളാണ് ഇതിന് ഉപയോഗിച്ചത്. വാതിൽ കടക്കുമ്പോൾതന്നെ വിശാലത തോന്നും. ടിവി വോൾ ആണിത്.

ഇരട്ടമുഖമുള്ള കണ്ണാടി

ഒാഫിസ് ഇന്റീരിയറിന്റെ ലോബി സ്പേസിൽ കണ്ണാടിയാണ് താരം. ഒരു ബോക്സ് പോലെ ചെയ്തിട്ടുള്ള സ്പേസിന് രണ്ടു ഭാഗങ്ങളിലും കണ്ണാടി ഭിത്തിയാണ്. പോരാത്തതിന് കണ്ണാടി കൊണ്ടു തന്നെയാണ് വാതിലും. സന്ദർശകർക്ക് ഇരിക്കാനുള്ള ഇരിപ്പിടങ്ങളും പ്രതിഫലിച്ചു കാണാം.

mirror-6

ഡബിൾ ഇംപാക്ട്

അപാർട്മെന്റ് ലിവിങ്ങിന് വിസ്താരം കൂടുതൽ തോന്നാൻ സഹായിക്കുന്നതാണ് ലിവിങ്ങിലേക്കു കടക്കുമ്പോൾതന്നെ ഭിത്തിയിൽ കാണുന്ന കണ്ണാടി. ബാൽക്കണി സ്പേസിലൂടെ കടന്നുവരുന്ന പ്രകാശത്തെ പ്രതിഫലിപ്പിക്കാനും ഇൗ കണ്ണാടി സഹായിക്കുന്നു. മഞ്ഞ നിറമുള്ള കണ്ണാടി പാത്രങ്ങളും കണ്ണാടിയിൽ പ്രതിഫലിച്ചു കാണാം. പുറത്തേക്കിറങ്ങുംമുൻപ് മുഖം നോക്കാനും കണ്ണാടി സഹായിക്കുന്നു.

mirror-2

വാഷ് ഏരിയയിലെ കണ്ണാടി

വാഷ് ഏരിയയിലെ കണ്ണാടിയിൽ സ്റ്റെയർകെയ്സ് പ്രതിഫലിക്കുന്നതാണ് ചിത്രത്തിലുള്ളത്. ഒരു മീറ്റർ നീളവും 1.20 മീറ്റർ വീതിയുമുള്ള കണ്ണാടിയിൽ ഗോവണിക്ക് ഇരട്ടത്തിളക്കം.

mirror-5

വോക്–ഇൻ–വാഡ്രോബിെല കണ്ണാടി

ബാത്റൂമിലേക്കു കടക്കുന്നതിനു മുൻപുള്ള ഡ്രസ്സിങ് ഏരിയയിലെ കണ്ണാടിയാണിത്. ബെഡ്റൂമിൽ നിന്ന് ഒരു മറവിനായി കണ്ണാടി കൊണ്ടുള്ള സ്ലൈഡർ ഉപയോഗിച്ചിരിക്കുന്നു. വാഡ്രോബിനോടു ചേർന്നാണ് കണ്ണാടി. വോക്–ഇൻ–വാഡ്രോബിന് സ്പേസും കൂടുതൽ തോന്നിക്കും ഇവിടെ.

mirror-8

കണ്ണാടിയും ഡിസൈനിന്റെ ഭാഗം

ഇൗകിടപ്പുമുറിയിൽ കണ്ണാടികൾ ഡിസൈനിന്റെ ഭാഗം തന്നെയാണ്. കട്ടിലിന്റെ ഹെഡ്ബോർഡിനു മുകളിലായി സമചതുരത്തിലുള്ള എട്ട് കണ്ണാടികളാണ് മുറിയുടെ ശ്രദ്ധാകേന്ദ്രം. വലതുവശത്ത് കാണുന്നത് ഡ്രസ്സിങ് ഏരിയയിലെ കണ്ണാടിയാണ്. ആറടിയിൽ കൂടുതൽ പൊക്കമുള്ള കണ്ണാടിയാണ് ഡ്രസ്സിങ് ഏരിയക്ക് കൊടുത്തിരിക്കുന്നത്. ■

mirror-3