Friday 06 March 2020 04:43 PM IST

വീടിന്റെ മൂഡ് അനുസരിച്ച് പടം ദേ പിടിച്ചോ...; ജിമ്മിയുടെ കളർ സൈക്കോളജി

Sunitha Nair

Sr. Subeditor, Vanitha veedu

jimmy-painting

വീടിന്റെ തീം അനുസരിച്ച് പെയിന്റിങ് ചെയ്തു കിട്ടിയാലോ?  ഇന്റീരിയറിലേക്കുള്ള പെയിന്റിങ്ങുകളാണ് ആർട്ടിസ്റ്റ് ജിമ്മി മാത്യുവിനെ വ്യത്യസ്തനാക്കുന്നത്. ഇന്റീരിയർ തീം  പറഞ്ഞാൽ ജിമ്മി പെയിന്റിങ് ചെയ്തു നൽകും. അതുമല്ലെങ്കിൽ ജിമ്മിയുടെ പെയിന്റിങ് ശേഖരത്തിൽ നിന്ന് ഇഷ്ടമായത് തിരഞ്ഞെടുക്കുകയുമാകാം.
ഓരോ  സ്പേസിനും ഓരോ മൂഡുണ്ടെന്നും അതു മനസ്സിലാക്കിയുള്ള  പെയിന്റിങ്ങുകളാണ് ചെയ്യുന്നതെന്നും  കൊച്ചി പനമ്പിള്ളി നഗറിൽ ഫൈൻ ആർട് സ്റ്റുഡിയോ നടത്തുന്ന ജിമ്മി പറയുന്നു. കളർ സൈക്കോളജിയും പെയിന്റിങ്ങുകളിൽ പ്രയോഗിക്കാറുണ്ട്.

jimmy-4

‘‘ലൈൻ ആർട് പോലെയുള്ളവ മിനിമലിസ്റ്റിക് ഇന്റീരിയറിലേക്ക് യോജിക്കും. മിനിമലിസ്റ്റിക് ശൈലിയിൽ പൊതുവെ ഇളം നിറങ്ങളാണല്ലോ. അപ്പോൾ അതിനിണങ്ങുന്ന പെയിന്റിങ് വേണം. അവിടെ കടുംനിറങ്ങളിലുള്ള പെയിന്റിങ് നൽകിയാൽ ചിലപ്പോൾ ആ സ്പേസിന്റെ ഭംഗി കുറയും.’’ ജിമ്മി പറയുന്നു. കടുംനിറങ്ങൾ ഇഷ്ടപ്പെടുന്ന ജിമ്മി അത്തരം പെയിന്റിങ്ങുകളും ചെയ്യാറുണ്ട്. കന്റെംപ്രറി, ട്രെഡീഷനൽ എന്നിങ്ങനെ ഏതു ശൈലിക്കും ഇണങ്ങുന്ന പെയിന്റിങ്ങുകളും ജിമ്മിയുടെ വിരലുകളിൽ വിരിയുന്നു.

jimyy-1

ഇന്റീരിയർ ട്രെൻഡുകൾ കൃത്യമായി പിന്തുടരാറുണ്ടെന്ന് ആദ്യ ബിനാലെയിൽ പ്രവർത്തിച്ചു പരിചയമുള്ള ജിമ്മി പറയുന്നു. ഒരിക്കൽ ജിമ്മിയുടെ  പെയിന്റിങ് പ്രദർശനം കാണാൻ വന്ന ഓസ്ട്രേലിയൻ ആസ്വാദകയുടെ കമന്റാണ് ഇന്റീരിയർ പെയിന്റിങ്ങിലേക്കു തിരിയാൻ ജിമ്മിയെ പ്രേരിപ്പിച്ചത്. ജിമ്മിയുടെ പെയിന്റിങ്ങുകൾക്ക് ഡിസൈൻ മൂല്യമുണ്ടെന്നതായിരുന്നു ആ കണ്ടെത്തൽ.

jimmy-2

സൈറ്റ് പോയി കണ്ടതിനു ശേഷമാണ് ജിമ്മി പെയിന്റ് ചെയ്യുക. കസ്റ്റംമെയ്ഡ് അല്ലാതെ പെയിന്റിങ് വാങ്ങുന്നവരോടും സൈറ്റ് വന്നു കണ്ടോട്ടെയെന്ന് ജിമ്മി ചോദിക്കാറുണ്ട്. വയ്ക്കുന്ന ഇടവും പെയിന്റിങ്ങിന്റെ വലുപ്പവുമൊക്കെ നിർണായക ഘടകങ്ങളാണ്. വീടിന്റെ ആർക്കിടെക്ട്/ഡിസൈനറുമായും സംസാരിച്ചതിനു ശേഷമാണ് തീരുമാനത്തിലെത്തുക.

jimmy-3

വലുപ്പം അനുസരിച്ചാണ് വില. അക്രിലിക്ക് പെയിന്റിങ്ങുകളാണ്. ഒറിജിനലും പ്രിന്റുകളുമുണ്ട്. പെയിന്റിങ്ങിന്റെ ഫ്രെയിമിങ്ങിലും ജിമ്മി ശ്രദ്ധ പുലർത്താറുണ്ട്.

ജിമ്മി മാത്യു
ഫോൺ: 95396 43743
jimmymathew77@gmail.com