Saturday 10 November 2018 02:03 PM IST : By സ്വന്തം ലേഖകൻ

അടുക്കളയിൽ ‘ഡാഡോയിങ്’ ചെയ്യുമ്പോൾ; ശ്രദ്ധിക്കണം ഈ കാര്യങ്ങൾ

dado

അടുക്കളയിലേക്ക് എന്തു സാധനവും തിരഞ്ഞെടുക്കുമ്പോള്‍ ഭംഗി മാത്രം നോക്കിയാൽ പോരാ, സൗകര്യം കൂടി കണക്കിലെടുക്കണം. ഡാഡോയിങ് (dadoing) ചെയ്യുമ്പോഴും ഇതു ശ്രദ്ധിക്കണം. എന്താണീ ഡാഡോയിങ്? കൗണ്ടർടോപ്പിനും ഓവർഹെഡ് കാബിനറ്റിനും ഇടയിലുള്ള ചുമരിൽ ടൈൽ ഒട്ടിക്കുന്നതാണ് ഡാഡോയിങ് എന്നറിയപ്പെടുന്നത്. ഇതിന് ബാക്സ്പ്ലാഷ് എന്നും ഓമനപ്പേരുണ്ട്.

രണ്ട് അടിയാണ് ഡാഡോയിങ് ചെയ്യുന്ന ഭാഗത്തെ ഉയരം. അതിനാൽ മെറ്റീരിയൽ തിരഞ്ഞെടുക്കുമ്പോൾ ഈ അളവിലേക്ക് യോജിക്കുന്നതു നോക്കി എടുക്കുക. അല്ലെങ്കിൽ മെറ്റീരിയൽ പാഴായി നഷ്ടം വരും. ടൈൽ ആണ് ഡാഡോയിങ്ങിന് പൊതുവെ ഉപയോഗിച്ചു വരുന്നത്. മാറ്റ്, ഗ്ലോസി, റസ്റ്റിക് ഫിനിഷുകളിൽ ഇഷ്ടമുള്ളവ തിരഞ്ഞെടുക്കാം. വൃത്തിയാക്കാനുള്ള എളുപ്പവും ഇന്റീരിയർ തീമിനോടുള്ള ഇണക്കവും മെറ്റീരിയൽ തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കണം.

dodo-1

കസ്റ്റംമെയ്ഡ് ആയി ഡാഡോയിങ് ചെയ്യുന്നതാണ് ഇപ്പോൾ ട്രെൻഡ്. ഉദാഹരണത്തിന് ടൈലിനൊപ്പം സ്റ്റീൽ ബീഡിങ് നൽകാം. ഗ്ലാസും ഡാഡോയിങ്ങിലെ താരമാണ്. പക്ഷേ, ടഫൻഡ് ഗ്ലാസിനു മാത്രം ചതുരശ്രയടിക്ക് 250 രൂപയാകും. ജോയിന്റ് ഫ്രീ ആണ്, കാബിനറ്റിനും ഡാഡോയിങ്ങിനും ഗ്ലാസ് നൽകുന്നതുവഴി ആഡംബര ലുക്ക് കിട്ടും എന്നതാണ് ഗുണങ്ങൾ.

വിവരങ്ങൾക്ക് കടപ്പാട്;

സി.പി. മുഹമ്മദ് അനീസ്
ഇയാമ ഡിസൈനേഴ്സ് &
ഡെവലപ്പേഴ്സ്, കോഴിക്കോട്
postidstudio@gmail.com