Saturday 03 April 2021 02:25 PM IST : By സ്വന്തം ലേഖകൻ

അടുക്കളയിലെ കഠിനാധ്വാനി, വലുപ്പമുള്ളതും എളുപ്പത്തിൽ വൃത്തിയാക്കാൻ കഴിയുന്നതുമായ സിങ്കിനോടാണ് വീട്ടമ്മമാർക്ക് ഇഷ്ടം...

zink 3

അടുക്കളവാസികളിൽ കൂടുതൽ പണിയെടുക്കേണ്ടിവരുന്നവരുടെ കൂട്ടത്തിലാണ് സിങ്ക്. ഉപയോഗക്ഷമതയുടെ അടിസ്ഥാനത്തിൽ ഇവിടേക്ക് റിക്രൂട്ട്മെന്റ് നടക്കുന്നതിന്റെ കാരണവും വേറൊന്നല്ല. പാത്രങ്ങളും പച്ചക്കറിയുമൊക്കെ സൗകര്യപ്രദമായി കഴുകി വൃത്തിയാക്കുന്നതിനു വേണ്ട സ്ഥല സൗകര്യമുള്ളതും ഈടും ഗുണനിലവാരവുമുള്ളതുമായ സിങ്കിനാണ് ആവശ്യക്കാർ കൂടുതൽ.സിംഗിൾ ബൗൾ, ഡബിൾ ബൗൾ, ട്രിപ്പിൾ ബൗൾ എന്നിങ്ങനെ മൂന്നു തരം സിങ്ക് വിപണിയിലുണ്ട്. ഇതിൽത്തന്നെ ഡ്രെയിൻ ബോർഡ് ഉള്ളതും ഇല്ലാത്തതുമായ മോഡലുകളുണ്ട്. ഷോ കിച്ചനിലേക്ക് ഡ്രെയിൻ ബോർഡുള്ള സിംഗിൾ ബൗൾ സിങ്കും വർക്കിങ് കിച്ചനിലേക്ക് ഡ്രെയിൻ ബോർഡുള്ള ഡബിൾ ബൗൾ സിങ്കും എന്ന കോംബിനേഷനാണ് ഇപ്പോൾ കൂടുതൽ ആളുകളും പിന്തുടരുന്നത്.

zink 4

സ്റ്റെയിൻലെസ് സ്റ്റീൽ സിങ്കിനാണ് ഏറ്റവുമധികം ഡിമാൻഡ്. ഇതു കൂടാതെ ‘ഗ്രാനൈറ്റ് കോംപസിറ്റ്’ മെറ്റീരിയൽ കൊണ്ട് നിർമിച്ച കറുപ്പ് നിറത്തിലുള്ള സിങ്കിനും ആവശ്യക്കാരുണ്ട്. പോറൽ വീഴില്ല, കറ പിടിക്കില്ല, വെള്ളം വീഴുമ്പോൾ അധികമായി ശബ്ദം കേൾക്കില്ല തുടങ്ങിയവയാണ് ഗ്രാനൈറ്റ് കോംപസിറ്റ് സിങ്കിന്റെ സവിശേഷത. ഗ്ലോസി, മാറ്റ്, സാറ്റിൻ തുടങ്ങി പല ഫിനിഷുകളിൽ സ്റ്റീൽ സിങ്ക് ലഭിക്കും. 16,18, 20, 24 തുടങ്ങി പല ‘ഗേജ്’ സ്റ്റീൽ ഉപയോഗിച്ചു നിർമിച്ച സിങ്ക് ലഭ്യമാണ്. ഇതിൽ 16 ഗേജ് ആണ് ഏറ്റവും മികച്ചത്. ഇതിന് വില വളരെ കൂടുതലാണ്. 18 ഗേജ് സ്റ്റീൽ ഉപയോഗിച്ചു നിർമിച്ച സിങ്ക് ആണ് ഗാർഹിക ആവശ്യങ്ങൾക്ക് അനുയോജ്യം.

zink 2

പൊതുവേ 50 സെമീ വീതിയാണ് സിങ്കിനുണ്ടാകുക. വലുപ്പം കൂടുന്നതനുസരിച്ച് 60 സെമീ, 90 സെമീ, 120 സെമീ എന്നിങ്ങനെ നീളം വ്യത്യാസപ്പെടും. അടുക്കളയുടെ വലുപ്പം അനുസരിച്ചു വേണം സിങ്കിന്റെ വലുപ്പം നിശ്ചയിക്കാൻ. ഇരുവശത്തും കുറഞ്ഞത് ഒന്നരയടി സ്ഥലം എങ്കിലും ഒഴിച്ചിടാനായാലേ സിങ്ക് സൗകര്യപ്രദമായി ഉപയോഗിക്കാനാകൂ. പാചകത്തിന് ഉപയോഗിക്കുന്ന പാത്രങ്ങളുടെ അളവനുസരിച്ച് കുഴിവുള്ള സിങ്ക് തിരഞ്ഞെടുക്കാനും ശ്രദ്ധിക്കണം. വലിയ പാത്രങ്ങൾ കൂടുതലായി ഉപയോഗിക്കുന്നവർ കുഴിവ് കൂടിയ സിങ്ക് തന്നെ വാങ്ങണം. ആറിഞ്ച് മുതൽ 10 ഇഞ്ച് വരെ കുഴിവുള്ള സിങ്ക് ലഭ്യമാണ്. സിങ്കിന്റെ അളവനുസരിച്ചു വേണം കൗണ്ടർടോപ്പ് മുറിക്കാൻ എന്നതിനാൽ ആദ്യമേ തന്നെ സിങ്ക് വാങ്ങുന്നതാണ് നല്ലത്. 

zink 1

വിവരങ്ങൾക്കു കടപ്പാട്:

സോണിയ ലി‍ജേഷ്, ഇന്റീരിയർ ഡിസൈനർ, കൊടകര, തൃശൂർ

കൊച്ചിൻ സാനിവെയേഴ്സ്, തിരുവല്ല

Tags:
  • Vanitha Veedu