Monday 26 August 2019 05:16 PM IST : By സ്വന്തം ലേഖകൻ

തുരുമ്പെടുത്ത മാരുതി 800ൽ മീനുകൾ സവാരി പോയ കഥ! പഴയ കാറിനെ അക്വേറിയമാക്കിയ അർജുൻ മാജിക്

arjun

ആദ്യകാലത്തിറങ്ങിയ മാരുതി 800 ആണ്. പേപ്പറിന്റെ കാലാവധി കഴിഞ്ഞതിനാൽ ഓടാതെ കിടക്കുന്നു. പോർച്ച് ആണെങ്കിൽ പുതിയ വണ്ടി കയ്യേറിക്കഴിഞ്ഞു. എങ്കിലും മാരുതിയെ വിട്ടുകളയാൻ തോന്നിയില്ല അർജുന്. കാർ ഇന്റീരിയറിന്റെ ഭാഗമാക്കിയാലോ എന്നുവരെ അർജുൻ ചിന്തിച്ചു. അതൊരു വഴിത്തിരിവായി.

ഒരു മാസത്തിനു ശേഷം ആ കാർ തൊടുപുഴ മണക്കാടുള്ള അർജുന്റെ സ്വീകരണമുറിയിലെ അക്വേറിയമായി പുനർജനിച്ചു.

വിശദാംശങ്ങൾ അർജുൻ തന്നെ പറയും, ‘‘ പഴയ 86 മോഡൽ കാർ ആയിരുന്നു. ഡിക്കി ഗ്ലാസ് ആയിരുന്നതുകൊണ്ടാണ് അക്വേറിയമാക്കാൻ സാധിച്ചത്. ഡിക്കി ഗ്ലാസിനും വശങ്ങളിലെ ക്വാട്ടർ ഗ്ലാസിനും ഉള്ളിലൂടെ അലങ്കാരമത്സ്യങ്ങളെ കാണാം. കാറിന്റെ മുൻവശത്ത് ടയർ കഴിഞ്ഞതു മുതലുള്ള ഭാഗം കട്ടർ ഉപയോഗിച്ച് മുറിച്ചെടുത്തു. ഗ്ലാസ് ഒഴികെയുള്ള കാറിന്റെ ഉൾഭാഗം മുഴുവൻ മെറ്റൽഷീറ്റ് അടച്ചു. ഭദ്രമായി സീൽ ചെയ്തതിനാൽ കാറിനുള്ളിലേക്ക് നേരിട്ട് വെള്ളമൊഴിച്ചാണ് മീനിനെ ഇട്ടത്.’’

arjun-3

അർജുന്റെ കാർ അക്വേറിയം ഹിറ്റ് ആയതോടെ രൂപമാറ്റം വരുത്തണമെന്ന ആവശ്യവുമായി പഴയ കാറുകൾ വീട്ടുമുറ്റത്തു നിരന്നു. പഴയ പ്രീമിയർ പത്മിനി കൊണ്ട് തൊടുപുഴയിലെ ഒരു ഹോട്ടലിൽ കാഷ് കൗണ്ടർ പണിയുകയായിരുന്നു അപ്പോൾ അർജുൻ. കാറിന്റെ അകം മുഴുവൻ മാറ്റി അകത്ത് കാഷ് കൗണ്ടറും മേശയുമെല്ലാം സെറ്റ് ചെയ്തു. ഏകദേശം ഒരു മാസമെടുക്കും ഒരു കാർ രൂപമാറ്റം വരുത്താൻ.

നാല് വർഷം മുമ്പ് മെറ്റൽ ഷീറ്റും യഹമ ബൈക്കിന്റെ എൻജിനും ഉപയോഗിച്ച് ബോട്ട് ഉണ്ടാക്കിയ ചരിത്രമുണ്ട് അർജുന്. ചെലവും സാങ്കേതിക തടസ്സവും മൂലം അത് തുടർന്നില്ല. എന്നാൽ കാർ റീസൈക്ക്ളിങ് തുടരാനാണ് അർജുന്റെ പ്ലാൻ.

പഴയ കാർ റീസൈക്ക്ൾ ചെയ്യുക എന്ന ആവശ്യവുമായി ഒരുപാടു പേർ സമീപിക്കാറുണ്ടെങ്കിലും ചെലവ് പലപ്പോഴും തടസ്സമാകാറുണ്ടെന്ന് അർജുൻ പറയുന്നു. ഇന്റീരിയറിലാണ് സെറ്റ് ചെയ്യേണ്ടതെങ്കിൽ വണ്ടി അകത്തു കയറ്റാനുള്ള കഷ്ടപ്പാട് വേറെ. റിസോർട്ടുകൾക്കും ഹോട്ടലുകൾക്കുമാണ് യൂസ്ഡ് കാർ വർക്സ് കൂടുതൽ ചേരുക. വലിയ വാതിലുള്ള റിസോർട്ടുകളിൽ വ്യത്യസ്ത തീമിൽ നൽകി പഴയ കാർ ഉപയോഗിക്കാം.

arjun-2