Tuesday 12 May 2020 02:45 PM IST : By സ്വന്തം ലേഖകൻ

വീട്ടിലേക്കും വരുന്നു റെഡിമെയ്ഡ് ടോയ്‌ലറ്റ്; വെള്ളം വേണ്ട, പിടിപ്പിക്കാൻ ഒന്നോ രണ്ടോ മണിക്കൂർ മാത്രം...

1N

ഇനി വീടുപണിയെല്ലാം കഴിഞ്ഞ് ടോയ്‌ലറ്റിനെപ്പറ്റി ചിന്തിച്ചാൽ മതി. സെപ്ടിക് ടാങ്കും പൈപ്പ് കണക്‌ഷനുമൊന്നും വേണ്ടാത്തതിനാൽ പണിയും ടെൻഷനും കുറയുകയും ചെയ്യും. തരംഗമായേക്കാവുന്ന മോഡുലാർ ടോയ്ലറ്റിന്റെ സവിശേഷതകളാണിവ. വീടുപണി എല്ലാം കഴിഞ്ഞ ശേഷം ടോയ്‌ലറ്റ് യൂണിറ്റ് കൊണ്ടുവന്നു പിടിപ്പിക്കുന്ന കാലമായിരിക്കാം ഇനി വരാൻ പോകുന്നത്. ടോയ്‌ലറ്റിനു പ്രത്യേക മുറി, സെപ്റ്റിക് ടാങ്ക്, പൈപ്പ് കണക്‌ഷൻ എന്നിവയൊന്നും വേണ്ടാത്തതിനാൽ ഇവ വീടുനിർമാണച്ചെലവ് കുറയ്ക്കുകയും സ്ഥലം ലാഭിക്കുകയും ചെയ്യും. യൂറിനൽ, ക്ലോസറ്റ്, കുളിക്കാനുള്ള ഇടം എന്നിവ അടങ്ങുന്ന  യൂണിറ്റിന്  4 x 4 അടി സ്ഥലം മതിയാകും.

2N


പണ്ട് താൽക്കാലിക ആവശ്യങ്ങൾക്കു മാത്രമാണ് റെഡിമെയ്ഡ് - പോർട്ടബിൾ ടോയ്‌ലറ്റ് ഉപയോഗിച്ചിരുന്നത്‌. അതിന്റെ പരിഷ്കരിച്ച പതിപ്പാണ് വീടുകളിലെത്തുന്നത്. കാണാൻ ഭംഗിയും ഒതുക്കമുള്ളതുമായ രീതിയിലാണ് ഡിസൈൻ. ഈടും ഉറപ്പുമുള്ള യുപിവിസി കൊണ്ടാണ് ചുമരും തറയും. ഫോൾസ് സിലിങ്ങും മേൽക്കൂരയും ഉണ്ടാകും.
വെള്ളം വേണ്ട എന്നതാണ് മോഡുലാർ ടോയ്‌ലറ്റ് യൂണിറ്റിന്റെ പ്രധാന സവിശേഷത. ഒട്ടും ദുർഗന്ധം ഉണ്ടാകുകയും അഴുക്കു പിടിക്കുകയും ചെയ്യാത്ത വിധം പ്രത്യേക രീതിയിലാണ് യൂറിനലിന്റെ ഡിസൈൻ. ബയോ എൻസൈമിന്റെ സഹായത്താൽ വിസർജ്യം കൃഷിക്കാവശ്യമായ വളം ആയി മാറും വിധമാണ് ക്ലോസറ്റിന്റെ പ്രവർത്തനം. ആവശ്യമെങ്കിൽ യൂണിറ്റ് മുഴുവനായി അഴിച്ചെടുത്ത് മറ്റൊരിടത്ത്‌ പിടിപ്പിക്കാനുമാകും. എൻസ്ടെക് ഗ്രീൻ ടെക്നോളജീസ് ആണ് സർവാധാർ ശുചിമുറി എന്ന പേരിൽ ഗ്രീൻ മോഡുലാർ ടോയ്‌ലറ്റ് വിപണിയിൽ എത്തിക്കുന്നത്. ലോക്ഡൗൺ കഴിയുന്നതോടെ ഇതു ലഭ്യമാകും. ഫുൾ യൂണിറ്റിന് 70,000 രൂപയാണ് വില.

വിവരങ്ങൾക്കു കടപ്പാട്: സ്കൈ മാർക്സ്, കലൂർ, കൊച്ചി