Wednesday 26 February 2020 05:04 PM IST : By സ്വന്തം ലേഖകൻ

പാലക്കാടൻ ചൂടിനെ പിടിച്ചു കെട്ടിയ ‘സാൻഡൂർ സ്റ്റോൺ’! ഗൃഹനിർമാണത്തിലെ പുത്തൻ ട്രെൻഡ്

sandor

കത്തുന്ന ചൂടിനെ ആളിപ്പടർത്തുന്ന കാറ്റാണ് പാലക്കാട്ട്. മരങ്ങളെല്ലാം ഇല പൊഴിച്ച് വേനലിനു കീഴടങ്ങാൻ തയാറായി നിൽക്കുന്നു. വയലും വനവും മാത്രമുള്ള ഈ ഭൂമിയെ നഗരവാസികളായിരുന്ന പോൾ ചാക്കോളയും സാലിയും എങ്ങനെ ഇഷ്ടപ്പെട്ടുവെന്ന് ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും ഇപ്പോഴും അദ്ഭുതമാണ്. മൂന്ന് ഏക്കർ വനത്തിനുള്ളിലെ ഇഷ്ടികക്കൂട്ടിൽ പക്ഷേ, പോളും സാലിയും സന്തുഷ്ടരാണ്. വിശ്രമജീവിതത്തിനു യോജിച്ചത് ഗ്രാമമാണെന്ന് പോൾ പറയും. വാഹനങ്ങൾ ചീറിപ്പായുന്ന ശബ്ദമില്ല, പുകയില്ല, തിരക്കുകളില്ല... ഇങ്ങനെയാരു അവസ്ഥക്കു യോജിക്കുന്ന രീതിയിലാണ് പോളിന്റെ വീടും. ഇഷ്ടികയും കരിങ്കല്ലും കൊണ്ട് ഭിത്തികൾ പണിത, പരമ്പരാഗത ശൈലിയുടെ ആകർഷകത്വവും പുത്തൻ ജീവിതരീതിക്കു വേണ്ട സൗകര്യങ്ങളും ഒത്തിണങ്ങിയ വീട്.

sandor-8
sandor-9

മൂന്ന് ഏക്കർ വനത്തിനു നടുവിൽ വലിയൊരു പാറ– അങ്ങനെയായിരുന്നു പ്ലോട്ട്. പാറയുടെ മുകളിൽ ‘റോക്ക് ആങ്കറിങ്’ ചെയ്ത് കമ്പികൾ പാകി പ്രത്യേക തരത്തിലാണ് അടിത്തറ പണിതത്. പാറയുടെ ഉയർച്ച താഴ്ചകൾക്കനുസരിച്ച് മുറികളുടെ നിരപ്പിലും വ്യത്യാസം വന്നു.

sandor6

വീടിന്റെ ഘടനയെക്കുറിച്ച് വ്യക്തമായ ആശയം വീട്ടുകാർക്ക് ഉണ്ടായിരുന്നെങ്കിലും ഒരു നല്ല ആർക്കിടെക്ടിന്റെ സഹായം ആവശ്യമായിരുന്നു. ബെംഗളൂരുവിലുള്ള ‘ ദി സെന്റർ ഫോർ വെർണക്കുലാർ ആർക്കിടെക്ചർ’ എന്ന സ്ഥാപനമാണ് വീടിന്റെ പ്ലാൻ വരച്ചതും കരിങ്കല്ലും ഇഷ്ടികയും ചേർത്തു കെട്ടുന്നതിൽ വിദഗ്ധരായ തൊഴിലാളികളെ എത്തിച്ചതുമെല്ലാം. ആന്ധ്ര പ്രദേശിൽനിന്നുള്ള ടാൻഡൂർ സ്റ്റോൺ ഉപയോഗിച്ചാണ് ഫ്ലോറിങ്. ഈ പ്രകൃതിദത്ത കല്ല് വിരിക്കാനും പ്രത്യേകപരിശീലനം ലഭിച്ച തൊഴിലാളികൾ ആവശ്യമാണ്.

sandor-13
sandor-3
sandor-7

കോഴിക്കോടു നിന്നാണ് നിർമാണത്തിന് ആവശ്യമായ വയർകട്ട് ഇഷ്ടിക എത്തിച്ചത്. വേലിക്കല്ല് നിർമിക്കാൻ ഉപയോഗിക്കുന്നതിൽ പാഴാകുന്ന കരിങ്കല്ലാണ് അടിത്തറയുടെയും ചില ഭിത്തികളുടെയും നിർമാണത്തിന് ഉപയോഗിച്ചത്. പാലക്കാട് തന്നെയുള്ള ക്വാറികളിൽനിന്നാണ് ഇവ ശേഖരിച്ചത്. ഇഷ്ടികയും കരിങ്കല്ലും സമന്വയിപ്പിച്ചതിലെ ഭംഗിയാണ് ഈ വീടിന്റെ പ്രത്യേകത. നിരപ്പായി വാർത്ത് ട്രസ് ചെയ്ത് ഓടു പതിച്ച മേൽക്കൂര വീടിന്റെ മറ്റു ഘടകങ്ങളോടു യോജിച്ചു നിൽക്കുന്നു. വീടിനു ചുറ്റും മരങ്ങൾ കുട പിടിച്ചിരിക്കുന്നു. ആകർഷകമായ കാഴ്ചകളും കാറ്റും ആസ്വദിക്കാൻ സിറ്റ്ഔട്ടും വീടിനു പിന്നിലെ ബാൽക്കണിയും സഹായിക്കും.

sandorv-4
sandor-11

ചെറിയ ഇടനാഴികളിൽനിന്ന് കിടപ്പുമുറികളിലേക്കു പ്രവേശിക്കാവുന്ന രീതിയിൽ പ്ലാൻ ആണ്. ആവോളം വെളിച്ചം അകത്തെത്തിക്കുന്ന വലിയ ജനലുകളുടെ പടിയിൽ ഇരിക്കാനുള്ള സൗകര്യവുമൊരുക്കി. ഇടയ്ക്കിടെ പെയിന്റ് ചെയ്യേണ്ടാത്തതിനാൽ മെയിന്റനൻസും ചെലവും കുറയ്ക്കാം.

sandor-1
sandor-10