Thursday 31 January 2019 05:26 PM IST : By സ്വന്തം ലേഖകൻ

സ്പേസില്ലാതെ വീർപ്പുമുട്ടി നടക്കേണ്ട; ആഢംബരം കുത്തിനിറയ്ക്കാതെ തന്നെ സുന്ദരമാണ് ഈ ഫ്ലാറ്റ്; ചിത്രങ്ങൾ

flat ചിത്രങ്ങൾ: അജീബ് കൊമാച്ചി

ഉള്ള സ്ഥലത്ത് എങ്ങനെ അടുക്കും ചിട്ടയുമായി ഇന്റീരിയർ ഒരുക്കാമെന്നതാണ് ഫ്ലാറ്റ് ചെയ്യുമ്പോൾ ആദ്യം മനസ്സിൽ വരേണ്ടത്. കോഴിക്കോട് പാലാഴിയിലുള്ള ലാൻഡ്മാർക്ക് അപാർട്മെന്റിലാണ് ഇൗ ഫ്ലാറ്റ്. ആകെ വിസ്തീർണം 1800 ചതുരശ്രയടി.

മുറിയുടെ വലുപ്പത്തിനു ചേരുന്ന ഫർണിച്ചർ തിരഞ്ഞെടുക്കുക എന്ന നയമാണ് ഇവിടെ സ്വീകരിച്ചത്. ഭംഗിക്കും സ്റ്റൈലിനും വേണ്ടി കിങ് സൈസിലുള്ള ഫർണിച്ചർ എല്ലാ ഇന്റീരിയറിലും അനുയോജ്യമാകണമെന്നില്ല. നല്ല സ്പേസ് ഇല്ലെങ്കിൽ വീർപ്പുമുട്ടിക്കുന്ന പ്രതീതിയാകും ഇന്റീരിയറിൽ. അങ്ങോട്ടുമിങ്ങോട്ടും നടക്കാൻ പോലും സ്ഥലമില്ലാത്ത അവസ്ഥയാകും. ഇങ്ങനെ കുത്തിനിറച്ച് ഫർണിച്ചർ ക്രമീകരിക്കുന്നത് ഇന്റീരിയറിന്റെ ഭംഗി കളയുമെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.

വീടിനകത്തുവേണ്ട എല്ലാ സൗകര്യങ്ങളും ഫ്ലാറ്റിൽ ഒരുക്കുകയെന്നതാണ് വെല്ലുവിളി. ഫ്ലോറിങ്ങും ലൈറ്റിങ്ങും ചെയ്യുന്നതിനു മുൻപായി ഡിസൈനർ കടന്നുവരുന്നതാണ് നല്ലത്. കൃത്യമായ സ്ഥലങ്ങളിൽ പ്ലഗ് പോയിന്റുകളും ഫർണിച്ചറും നൽകാൻ പാകത്തിൽ ഇലക്ട്രിക്കൽ, ഫർണിച്ചർ ലേഒൗട്ടുകൾ ക്രമീകരിക്കാൻ ഇതാണു കൂടുതൽ സഹായകമാകുക. അല്ലെങ്കിൽ ലൈറ്റ് പോയിന്റുകൾ മാറ്റാനും ചില ഭിത്തികൾ പൊട്ടിക്കാനുമെല്ലാം ഇടയുണ്ട്. ചെലവ് കൂടാനും കാരണമാകും.

ലിവിങ് ഏരിയ

പ്രധാന വാതിൽ തുറക്കുമ്പോൾ ലിവിങ് ഏരിയയിലേക്കാണ് കടക്കുന്നത്. ചെറിയ സ്പേസ് ആയതിനാൽ ത്രീ സീറ്ററും രണ്ടു കസേരകളും ആണ് ഇവിടുള്ളത്. 2.7 മീറ്റർ മാത്രമാണ് സീലിങ്ങിന്റെ ഉയരം എന്നതിനാൽ പ്ലൈ ലാമിനേറ്റ്സ് കൊണ്ടുള്ള സിംപിൾ ഡിസൈനാണ് സീലിങ്ങിൽ കൊടുത്തത്. ഇവിടെ സ്പോട് ലൈറ്റുകളും സ്ഥാനം പിടിച്ചിട്ടുണ്ട്.

flat

ഡൈനിങ് ഏരിയ

ഖത്തറിൽ താമസക്കാരായ വീട്ടുകാർക്കിണങ്ങുന്ന രീതിയിൽ മരുഭൂമിയിലെ മണലിന്റെ നിറമാണ് ചുമരുകൾക്ക്. കൂടെ വെള്ളയും ചേർന്നപ്പോൾ സംഭവം ട്രെൻഡി. ബ്ലൈൻഡ്സിനും വെളുത്ത നിറം തന്നെ. ഫർണിച്ചർ മുഴുവൻ ഇറക്കുമതി ചെയ്തവയാണ്. ഭിത്തിയുടെ അളവിനനുസരിച്ച് റെഡിമെയ്ഡ് യൂണിറ്റുകൾ വാങ്ങി ക്രോക്കറി ഷെൽഫ് ആക്കി മാറ്റി. അതിനുള്ളിൽ ലൈറ്റ് കൊടുത്ത് തിളക്കം കൂട്ടി. ഡൈനിങ് ടേബിളിനു സമീപം സോഫയും ഇരിപ്പിട സൗകര്യമൊരുക്കുന്നു.

f2

വാഷ് ഏരിയ

തീരെ ഒതുങ്ങിനിൽക്കുന്ന വാഷ് ഏരിയയല്ല ഇവിടുത്തേത്. ഒരു ലോബി പോലെ പവർഫുൾ ആണ് വാഷ് ഏരിയ. ഇവിടെ നിന്നാണ് കിടപ്പുമുറികളിലേക്കു കടക്കുന്നത്. കോമൺ ടൊയ്‌ലറ്റ് സൗകര്യമുണ്ട്. ഡിസ്ട്രസ്ഡ് സ്റ്റൈലിലുള്ള കൺസോൾ ടേബിൾ ആണ് ഇവിടത്തെ അലങ്കാരം. വീട്ടുകാർ ഷൂറാക്ക് ആയി ഉപയോഗിക്കുന്നു.

f4

കിച്ചൺ

ഗ്രേയും ബ്ലാക്കും ആണ് ഇവിടത്തെ തീം നിറങ്ങൾ. യൂറോപ്യൻ ലുക്ക് ലഭിക്കാൻ ഇഷ്ടികയുടെ ഡിസൈനിലുള്ള ഗ്രേ ടൈലുകൾ ഭിത്തിയിൽ ഉപയോഗിച്ചു. മൾട്ടിവുഡ് ഉപയോഗിച്ചാണ് കാബിനറ്റുകളുടെ നിർമാണം. ഡബിൾലെയർ ഷട്ടറുകൾ ആണ് കാബിനറ്റുകൾക്കു കൊടുത്തിരിക്കുന്നത്. ബ്രേക്ഫാസ്റ്റ് കൗണ്ടറിനും സ്ഥാനം കണ്ടു. തുണി തേക്കാനുള്ള ഇടവും ഇവിടെയുണ്ട്. തൊട്ടടുത്ത് വർക്ഏരിയ.

f5

ബെഡ് റൂംസ്

മൂന്നു കിടപ്പുമുറികളിൽ രണ്ടെണ്ണം അറ്റാച്ഡ് ആണ്. മൂന്നു മുറികൾക്കും മൂന്ന് ‘തീം’ ആണ് കൊടുത്തത്. മിന്റ് ഗ്രീൻ, ൈവറ്റ് നിറങ്ങളാണ് മാസ്റ്റർ ബെഡ്റൂമിന്. സ്റ്റീൽ ഫർണിച്ചറും അതിനു കൂട്ടായി ഗ്രേ, മഞ്ഞ നിറങ്ങളുടെ വ്യത്യസ്തമായ കോംബിനേഷനും കൂടെയായപ്പോൾ കുട്ടികളുടെ ബെഡ്റൂം സ്മാർട് ആയി.

f7
f6

ബാത്റൂംസ്

രണ്ട് അറ്റാച്ഡ് ബാത്റൂമുകളും ഒരു കോമൺ ബാത്റൂമും ആണ് ഇവിടെയുള്ളത്. വെറ്റ്, ഡ്രൈ ഏരിയകൾ പ്രത്യേകം കൊടുത്തതിനാൽ ബാത്റൂം എപ്പോഴും വൃത്തിയായിരിക്കും. ന്യൂട്രൽ നിറങ്ങളിലുള്ള ടൈലുകളാണ് ബാത്റൂമിന്.

f8

ബാൽക്കണി

ലിവിങ്ങിന്റെ വലുപ്പം കൂട്ടുന്നത് പച്ചപ്പിലേക്കു തുറക്കുന്ന ബാൽക്കണിയാണ്. ബാൽക്കണിയിലേക്കു തുറക്കുന്നത് ഗ്ലാസ്സിന്റെ സ്ലൈഡിങ് ഡോർ ആയതിനാൽ ലിവിങ്ങിൽ നിന്നുള്ള കാഴ്ച മോഹിപ്പിക്കുന്നതാണ്. കോർണറിലായി ഒരു കസേരയും ക്രമീകരിച്ചിട്ടുണ്ട്. ബാൽക്കണിയിലും കോഫി ടേബിളും കസേരകളും ഒരുക്കി ഭംഗിയാക്കി. ■

f1
f9 നൗഫൽ കറ്റയാട്ടും ഭാര്യ സീലാൻ കാഞ്ഞിരാലയും മക്കളോടൊത്ത്.

 വിവരങ്ങൾക്ക് കടപ്പാട്;
കെ. അമീന അമാൽ
ആർക്കിെടക്ട്
എഎകെ കോൺസപ്റ്റ്സ്,
കോഴിക്കോട്
 aak@conceptstories.com