Thursday 04 October 2018 02:28 PM IST : By സുനിത നായർ

അടുക്കളയ്ക്ക് ഇനി രാജകീയ ഭാവം; ഭംഗിയും സൗകര്യവും ഒത്തുചേരുന്ന ആറ് അടുക്കളകൾ

kitchen-1

1. അരങ്ങിലേയ്ക്ക് പുത്തൻ അടുക്കളകൾ

അടുക്കള ഒരുക്കുമ്പോൾ നൂറുകൂട്ടം സംശയങ്ങളായിരിക്കും. കാബിനറ്റ്, നിറം, ആക്സസറീസ് തുടങ്ങി ഓരോ ചെറിയ കാര്യവും സൂക്ഷിച്ചു ചെയ്തില്ലെങ്കിൽ പണിയാവും. ഇതാ, ഉപയോഗത്തിനും സൗന്ദര്യത്തിനും തുല്യ പ്രാധാന്യം നൽകിയ അടുക്കളകൾ കാണാം.

സിറ്റിങ് ഏരിയ: വീട്ടുകാരുടെ ആവശ്യപ്രകാരം അടുക്കളയുടെ മൂലയിൽ വിശ്രമിക്കാനും വായിക്കാനുമൊക്കെയായി ഇരിപ്പിടമൊരുക്കി. പാചകത്തോടൊപ്പം കുട്ടികളെ പഠിപ്പിക്കാനുമൊരിടം.

ഡിസൈൻ: 11x10 അടി വലുപ്പമുള്ള കൺട്രി സ്റ്റൈൽ അടുക്കള. വെള്ള നിറത്തിന്റെ വിരസതയകറ്റാൻ, നിറമുള്ള ടൈലിനെ കൂട്ടുപിടിച്ചു. ‘U’ ആകൃതിയിലാണ് ഡിസൈൻ.

ബാക്സ്പ്ലാഷ്: കൗണ്ടർടോപ്പിനും ഓവർഹെഡ് കാബിനറ്റിനും ഇടയിലുള്ള ഭാഗത്തിനാണ് ബാക്സ്പ്ലാഷ് എന്നു പറയുന്നത്. വൃത്തിയാക്കാനുള്ള എളുപ്പമാണ് ഇവിടേക്ക് മെറ്റീരിയൽ തിരഞ്ഞെടുക്കുമ്പോൾ പ്രധാനം. ചതുരശ്രയടിക്ക് 28 രൂപ വിലയുള്ള സെറാമിക് ടൈൽ.

കൗണ്ടർടോപ്: സ്നോവൈറ്റ് ഗ്രാനൈറ്റ് ആണ് കൗണ്ടർടോപ്പിന്.

കാബിനറ്റ്: ഓട്ടമോട്ടീവ് പെയിന്റ ് അടിച്ച മൾട്ടിവുഡ് കൊണ്ടാണ് കാബിനറ്റുകൾ. കുറച്ചിടത്ത് ആസിഡ് എച്ചിങ് ചെയ്ത ഗ്ലാസ് ഷട്ടറുകളും നൽകി.

‌ഫ്ലോറിങ്: 2x2 അടി വലുപ്പത്തിലുള്ള ഗ്ലോസി ഫിനിഷ് വിട്രിഫൈഡ് ടൈൽ.

സിങ്ക്: ആന്റിസ്ക്രാച് സ്റ്റീൽ സിങ്ക്.

ഹോബ്: മൂന്ന് ബർണർ ഉള്ള ഗ്ലാസ് ടോപ് ഹോബും ഹുഡും.

kichenz

2.ഒത്തുചേരാനൊരിടം

ഡിസൈൻ: 5.52 മീ നീളവും 3.48 മീ വീതിയുമുള്ള ‘L’ ആകൃതിയിലുള്ള അടുക്കള. രണ്ട് അടുക്കളകൾ നിലവിലുണ്ടായിരുന്നെങ്കിലും ചെറിയ രീതിയിലുള്ള പാചകങ്ങൾക്കായി പുതിയതായി നിര‍്‍മിച്ച അടുക്കളയാണിത്.

സിറ്റിങ് ഏരിയ: അടുക്കളയിൽ ഇരിക്കാനുള്ള സൗകര്യം വേണമെന്ന ആവശ്യപ്രകാരം സിറ്റിങ് ഏരിയ ഒരുക്കി. ഇപ്പോൾ കുടുംബാംഗങ്ങൾ എല്ലാവരും ഒന്നിച്ചിരുന്ന് വർത്തമാനം പറയുന്ന ഇടമായി അതുമാറി.

കൗണ്ടർടോപ്: ക്വാർട്സ് ആണ് കൗണ്ടർടോപ്പിന്.

ബാക്സ്പ്ലാഷ്: സെറാമിക് ടൈലാണ് ബാക്സ്പ്ലാഷിനും സിറ്റിങ് ഏരിയയ്ക്കു മുകളിലെ ചുവരിലും ഉപയോഗിച്ചത്.

കാബിനറ്റ്: ബാക് പെയിന്റഡ് മിൽക്കി വൈറ്റ് ഗ്ലാസും ലാമിനേറ്റഡ് എംഡിഎഫുമാണ് കാബിനറ്റിന് ഉപയോഗിച്ചത്. അലുമിനിയം പ്രൊഫൈൽ കൊടുത്തിട്ടുണ്ട്. നീളൻ കാബിനറ്റിൽ വോൾ പേപ്പർ ഒട്ടിച്ചു. വീട്ടുകാർക്ക് ക്രോക്കറി ശേഖരം ഉള്ളതിനാൽ അതു വയ്ക്കാനുള്ള സൗകര്യവും നൽകി.

‌ഫ്ലോറിങ്: ഗ്ലോസി ഫിനിഷുള്ള വി‍ട്രിഫൈഡ് ടൈലാണ് തറയിൽ വിരിച്ചത്.

വാഷ്േബസിൻ: രണ്ട് അടുക്കളകൾ കൂടി ഉള്ളതിനാൽ ഇവിടെ സിങ്കിനു പകരം വാഷ്ബേസിൻ നൽകി.

kit-2

3.നിറമുള്ള ഓപ്പൺ കിച്ചൺ–ചുവപ്പ്, പച്ച കോംബിനേഷനാണ് ഹൈലൈറ്റ്

ഡിസൈൻ: ഓവൽ ആകൃതിയിലുള്ള ഓപൻ കിച്ചൻ. കന്റെംപ്രറി ശൈലിയിലുള്ള അടുക്കളയാണിത്. ചുവപ്പ്, പച്ച നിറക്കൂട്ടിൽ ഒരുക്കിയ അടുക്കളയിലെ ചുവരുകളിൽ നൽകിയിട്ടുള്ള നീഷുകളും ശ്രദ്ധേയമാണ്. നീഷുകളിൽ കൗതുക വസ്തുക്കളും മസാലപ്പൊടികളും വയ്ക്കാം. ഉപകരണങ്ങളെല്ലാം ഇൻബിൽറ്റ് ആയി വരുന്നു.

കാബിനറ്റ്: പിയു ലാക്കർ ഫിനിഷിലുള്ള പ്ലൈവുഡ് കൊണ്ടാണ് കാബിനറ്റുകൾ. ഫ്ലെക്സിബിൾ പ്ലൈവുഡ്കൊണ്ട് നിർമിച്ച കർവ്ഡ് ഷട്ടറുകൾ ആണ് ഇതിന്റെ സവിശേഷത. മൂലകൾ വളച്ചെടുക്കാൻ സാധിക്കുന്നു എന്നതാണ് ഫ്ലെക്സിബിള്‍ പ്ലൈവുഡിന്റെ ഗുണം. ഫ്ലോട്ടിങ് രീതിയിൽ അതായത് തറയിൽ മുട്ടാത്ത വിധത്തിലാണ് കാബിനറ്റുകള്‍ പണിതിരിക്കുന്നത്.

കൗണ്ടർടോപ്: കൊറിയൻ സ്റ്റോൺ ആണ് കൗണ്ടർടോപ്പിന്.

ബാക്സ്പ്ലാഷ്: വോൾപേപ്പറാണ് ബാക്സ്പ്ലാഷിന് ഉപയോഗിച്ചിട്ടുള്ളത്.

സിങ്ക്: ഡബിൾ ബൗൾ സ്റ്റെയിൻലെസ് സ്റ്റീൽ സിങ്കാണ് നൽകിയിട്ടുള്ളത്.

kit-3

4.U അടുക്കളയുടെ ഗുണങ്ങൾ

സൈൻ: പാചകത്തിൽ അതീവ തൽപരരായിട്ടുള്ള ഭാര്യയും ഭർത്താവും അടങ്ങുന്ന നാലംഗ കുടുംബത്തിനു വേണ്ടി ഡിസൈൻ ചെയ്ത, 3.4x4.2 മീ വലുപ്പമുള്ള അടുക്കള. അടുക്കള ഒറ്റപ്പെട്ടു പോകരുതെന്ന് നിർബന്ധമുണ്ടായിരുന്നതിനാൽ അടുക്കളയിൽനിന്ന് ഡൈനിങ്ങിലേക്ക് ഓപനിങ് നൽകി. ബ്രേക്ഫാസ്റ്റ് കൗണ്ടർ വഴി ഈ രണ്ടിടങ്ങളെയും ബന്ധിപ്പിച്ചു. ‘U’ ആകൃതിയിലുള്ള അടുക്കളയായതിനാൽ പാചകവും വൃത്തിയാക്കലും എളുപ്പമാണ്. ഒന്നിൽക്കൂടുതൽ ആളുകൾക്ക് പാചകം ചെയ്യാനും സ്റ്റോറേജിനും ഇത് ഫലപ്രദമാണ്.

കാബിനറ്റ്: താഴത്തെ കാബിനറ്റുകളുടെ മൂന്നു വശങ്ങളും 19 എംഎം മൾട്ടിവുഡും 19 എംഎം പ്ലൈവുഡും കൊണ്ടാണ് പണിതത്. ചുവരിനോടു ചേർന്നുള്ള വശത്ത് ആറ് എംഎം മൾട്ടിവുഡ് നൽകി. ഈർപ്പം അടിക്കാതിരിക്കാനാണിത്. ഇതേ കാരണത്താൽ സിങ്കിനു താഴെയും മൾട്ടിവുഡ് കാബിനറ്റുകളാണ്. പ്ലൈവുഡിൽ വെനീർ ഒട്ടിച്ച് മെലാമിൻ മാറ്റ് പോളിഷ് ചെയ്തതാണ് തടിയുടെ നിറത്തിൽ കാണുന്ന ഷട്ടറുകൾ. വെള്ള നിറത്തിലുള്ള ഷട്ടറുകൾ മൾട്ടിവുഡിൽ ഡ്യൂക്കോ പെയിന്റ് അടിച്ചതാണ്. പ്രൊഫൈൽ ഡ്രോയറുകളാണ് നൽകിയിട്ടുള്ളത്.

ഫ്ലോറിങ്: ലെപാറ്റോ ഫിനിഷുള്ള വി‍ട്രിഫൈഡ് ടൈലാണ് തറയിൽ വിരിച്ചിരിക്കുന്നത്.

ഫോൾസ് സീലിങ്: ജിെഎ സെക്‌ഷനിൽ ജിപ്സം പാനൽ പിടിപ്പിച്ച് ഫോൾസ് സീലിങ് ചെയ്തു.

ബാക്സ്പ്ലാഷ്: വിട്രിഫൈഡ് ടൈൽ സ്ട്രിപ് ആയി മുറിച്ച് ഇപോക്സി ഗ്രൗട്ട് ഇട്ട് ഒട്ടിച്ചു.

കൗണ്ടർടോപ്: കറുത്ത ഗ്രാനൈറ്റ് സ്ലാബ് (ഗാലക്സി) ആണ് കൗണ്ടർടോപ്പിനായി തിരഞ്ഞെടുത്തത്.

kit-5

5. ക്ലാഡിങ്ങിൻറെ ഭംഗി

ഡിസൈൻ: 100 ചതുരശ്രയടി വിസ്തീർണമുള്ള അടുക്കള. ഫ്ലാറ്റിലെ ഈ അടുക്കളയിൽ സൗകര്യങ്ങൾക്ക് ഒരു കുറവുമില്ല.

ബാക്സ്പ്ലാഷ്: 600x300 സെമീ വലുപ്പമുള്ള മാറ്റ് ഫിനിഷ് വിട്രിഫൈഡ് ടൈലാണ് കൗണ്ടർടോപ്പിനു മുകളിലെ ചുവരിൽ.

കൗണ്ടർടോപ്: സൂപ്പർ വൈറ്റ് നാനോ ഗ്ലാസ് ആണ് കൗണ്ടർടോപ്പിന്.

കാബിനറ്റ്: മ‌റൈൻ പ്ലൈകൊണ്ടാണ് കാബിനറ്റുകൾ. ലാക്വേർഡ് ഫിനിഷുള്ള എംഡി എഫ്കൊണ്ടാണ് ഷട്ടറുകൾ പണിതിട്ടുള്ളത്. ടോൾ യൂണിറ്റുകളും കാബിനറ്റിന്റെ ഭാഗമായുണ്ട്. ഗോലാ പ്രൊഫൈൽ രീതിയിലാണ് കൈപ്പിടികൾ നൽകിയിട്ടുള്ളത്.

ഫ്ലോറിങ്:150x900 സെമീ വലുപ്പമുള്ള, തടി യുടെ ഫിനിഷുള്ള ഇംപോർട്ടഡ് ടൈൽ.

സിങ്ക്: ഗ്രാനൈറ്റ് സിങ്ക്.

ബ്രേക്ഫാസ്റ്റ് കൗണ്ടർ: ചുവരിൽതന്നെ മേശ ഘടിപ്പിച്ച് രണ്ട് കസേരകളും ഇട്ടപ്പോൾ ബ്രേക്ഫാസ്റ്റ് ഏരിയയായി. മേശ ആവശ്യാനുസരണം മടക്കി വയ്ക്കാവുന്നതായതിനാ ൽ സ്ഥലവും നഷ്ടപ്പെടുന്നില്ല. അതോടു ചേർന്നുള്ള ചുവരിൽ ഇംപോർട്ടഡ് ടൈൽ ക്ലാഡിങ് കൂടിയായപ്പോൾ ഇവിടം അടുക്കളയുടെ ഹൈലൈറ്റായി.

ഹോബ്: മൂന്ന് ബർണർ ഹോബും ഫിൽറ്റർ ഫ്രീ ഹുഡും.

kit-5b

6.പ്രകാശം പരത്തുന്ന അടുക്കള

ഡിസൈൻ: പാചകത്തിൽ നിപുണയായ വീട്ടമ്മയാണ് ഇവിടെ. നല്ല വെളിച്ചവും വലുപ്പവും ഉള്ള അടുക്കളയായിരുന്നു അവരുടെ ആവശ്യം. അതുകൊണ്ട് ജനാലകൾ കൂടാതെ, സ്കൈലൈറ്റും നൽകി. 450 x 420 സെമീ വലുപ്പമുള്ള അടുക്കളയുടെ പ്രധാന പ്രത്യേകത െഎലൻഡിനു മുകളിൽ നൽകിയിട്ടുള്ള സ്റ്റെയിൻലെസ് സ്റ്റീൽ പാൻ ഹോൾഡറാണ്. പ്ലൈവുഡ് കൊണ്ടുള്ള ബോക്സിൽ വെനീർ ഒട്ടിച്ച് അതിലാണ് പാൻ ഹോൾഡർ നൽകിയത്. ബോക്സിൽ ലൈറ്റും നൽകി. കിഴക്കുവശത്ത് അടുപ്പ് നൽകണമെന്ന ആഗ്രഹപ്രകാരം െഎലൻഡിൽ അടുപ്പ് നൽകിയിട്ടില്ല. കറിക്കരിയാനും മറ്റുമാണ് ഇവിടം ഉപയോഗിക്കുന്നത്. അടുക്കള, ഒറ്റപ്പെട്ടു പോകാതെ ഡൈനിങ്ങിലേക്കും പാൻട്രിയിലേക്കും തുറക്കുന്നു.

സിങ്ക്: മാറ്റ് ഫിനിഷ് സ്റ്റെയിൻലെസ് സ്റ്റീൽ ഡബിൾ ബൗൾ സിങ്ക് ആണ്. ഒപ്പം പുൾ ഔട്ട് ടാപ്പും.

‌ഫ്ലോറിങ്: മാറ്റ് ഫിനിഷുള്ള വി‍ട്രിഫൈഡ് ടൈലാണ് തറയിൽ വിരിച്ചത്.

കാബിനറ്റ്: ലാമിനേറ്റഡ് മറൈൻ പ്ലൈവുഡ് ആണ് കാബിനറ്റിന് ഉപയോഗിച്ചത്. ഈർപ്പത്തെ പ്രതിരോധിക്കും എന്നതാണ് പ്രധാന ഗുണം.

കൗണ്ടർടോപ്: കറുത്ത ഗ്രാനൈറ്റ് സ്ലാബ് ആണ് കൗണ്ടർടോപ്പിന്. ■

kit-6