Thursday 13 December 2018 03:53 PM IST : By സ്വന്തം ലേഖകൻ

തുരുമ്പെടുക്കില്ല, ദ്രവിക്കില്ല, തീ പിടിക്കില്ല; അടുക്കള ഗ്ലാമറാക്കും സ്റ്റീൽ കിച്ചൺ കാബിനറ്റ്

kc

ഹൂഗ്ലി നദിക്കു കുറുകെയുളള സ്റ്റീൽ പാലം പതിറ്റാണ്ടുകളായി വെയിലും മഴയുമേറ്റ് നിലനിൽക്കുന്ന കാഴ്ച തന്നെ സ്റ്റീലിന്റെ ഉറപ്പിനുള്ള സാക്ഷ്യമാണ്. ഇക്കഴിഞ്ഞ വെള്ളപ്പൊക്കവും സ്റ്റീലിന്റെ ബലം കാണിച്ചുതന്നു. മറ്റു നിർമാണ സാമഗ്രികൾ പലതും പ്രളയത്തിൽ നശിച്ചപ്പോഴും സ്റ്റീലിന് ഒരു കുലുക്കവുമില്ല. ഇതുകൂടാതെ, സ്റ്റീൽ കിച്ചൻ കാബിനറ്റിന് ഒട്ടേറെ ഗുണങ്ങളുണ്ട്.

പ്രകൃതിക്കും ആരോഗ്യത്തിനും നല്ലത്

ആരോഗ്യത്തിനു ഹാനികരമായ രാസപദാർഥങ്ങളൊന്നും അടങ്ങിയിട്ടില്ല എന്നത് സ്റ്റീലിന്റെ മേന്മയാണ്. തടിക്കു പകരമുള്ള പല നിർമാണസാമഗ്രികളിലും ഫോർമാൽഡിഹൈഡ് അടങ്ങിയിട്ടുണ്ട്. പ്രാണികളുടെ ശല്യമില്ല എന്നതും സ്റ്റീൽ കിച്ചന്റെ പ്രിയം കൂട്ടുന്നു. പ്രാണികളും അവയെ തുരത്താനുപയോഗിക്കുന്ന കീടനാശിനികളും ഉയർത്തുന്ന ആരോഗ്യപ്രശ്നങ്ങൾ വേറെ. നാട്ടിൽ വീടു പണിത് അടച്ചിട്ടുപോകുന്ന പ്രവാസികൾക്ക് ധൈര്യമായി സ്റ്റീൽ കിച്ചനെ കൂട്ടുപിടിക്കാം. വർഷം തോറും ‘പെസ്റ്റ് കൺട്രോള്‍’ ചെയ്യേണ്ട കാര്യവുമില്ല. സ്റ്റീൽ കൊണ്ട് കാബിനറ്റ് നിർമിക്കുമ്പോൾ മരങ്ങൾ മുറിക്കേണ്ടി വരുന്നില്ല. മാത്രമല്ല, ഇത് നൂറു ശതമാനം പുനരുപയോഗിക്കുകയും ചെയ്യാം.

kc-3

വൃത്തിയാക്കാൻ എളുപ്പം

സ്റ്റീൽ വൃത്തിയാക്കാനും വളരെ എളുപ്പമാണ്. ചൂടുവെള്ളം വരെയൊഴിച്ച് കഴുകാം. രാസപദാർഥങ്ങൾ അടങ്ങിയിട്ടില്ലാത്തതിനാൽ ഭക്ഷണസാധനങ്ങള്‍ വയ്ക്കാൻ പേടിക്കുകയും വേണ്ട. തുരുമ്പെടുക്കില്ല, ദ്രവിക്കില്ല, തീ പിടിക്കില്ല, കാഴ്ചയ്ക്കുള്ള തിളക്കം എന്നിവയൊക്കെ സ്റ്റീലിന്റെ പ്രത്യേകതകളാണ്.

kc-1

സ്റ്റീല്‍ കാബിനറ്റുകൾ ഉപയോഗിക്കുമ്പോള്‍ ഒച്ചയുണ്ടാകും എന്നൊരു ധാരണയുണ്ട്. എന്നാൽ ആധുനിക സാങ്കേതികവിദ്യകള്‍ ഇതിനു പരിഹാരമേകുന്നു.ചൂടു തട്ടിയാലും നനഞ്ഞാലും കുഴപ്പമില്ലാത്ത സ്റ്റീൽ കാബിനറ്റുകളുടെ മെയിന്റനൻസും വളരെ എളുപ്പമാണ്. ആജീവനാന്ത വാറന്റിയുള്ളവയും വിപണിയിൽ ലഭ്യമാണ്.

kc-4

ഇവ പിടിപ്പിക്കാനും വളരെ എളുപ്പമാണ്. മൊഡ്യൂളുകളായി വരുന്ന സ്റ്റീൽ കാബിനറ്റ് പിടിപ്പിക്കാന്‍ മണിക്കൂറൂകൾ മതി. ടോൾ യൂണിറ്റ്, കോർണർ യൂണിറ്റ്, പുൾഔട്ട് യൂണിറ്റ്, വോൾ മൗണ്ടഡ് യൂണിറ്റ് എന്നിങ്ങനെ വൈവിധ്യമാർന്ന ശ്രേണിയിൽ സ്റ്റീൽ കാബിനറ്റ് ലഭിക്കും. എട്ട് അടി നീളമുള്ള അടുക്കളയിൽ കൗണ്ടർടോപ്പിനു മുകളിലും താഴെയുമായി കാബിനറ്റ് പണിയാൻ 77,000 രൂപ ചെലവുവരും. മൊഡ്യൂളുകളിലെ വ്യത്യാസമനുസരിച്ച് വിലയിലും മാറ്റം വരും. ആന്റിക്, തടി തുടങ്ങി പല ഫിനിഷുകളിലും മുപ്പത് നിറങ്ങളിലും ലഭ്യമാണ്. ഡിജിറ്റൽ പ്രിന്റിങ് ടെക്നോളജി വഴി മനസ്സിൽ കാണുന്ന ഡിസൈൻ കാബിനറ്റിൽ നൽകാനും സാധിക്കും. ■

വിവരങ്ങൾക്കു കടപ്പാട്: ബെത്‌ലിവിങ്.കോം, കൊച്ചി, sales@bethliving.com