Friday 01 February 2019 04:47 PM IST : By സ്വന്തം ലേഖകൻ

വേണ്ടിവന്നാൽ ജിംനേഷ്യം അതുമല്ലൈങ്കിൽ പൂന്തോട്ടം; വരുമാനത്തിനും വിനോദത്തിനും ട്രസ്സ് റൂഫിൽ ഇടമുണ്ട്

tress

ഭൂമിക്ക് കൈപൊള്ളുന്ന വിലയായതിനാൽ ഉള്ള സ്ഥലം പരമാവധി ഉപയോഗിക്കുകയാണ് വേണ്ടത്. വെർട്ടിക്കൽ ആയി സ്ഥലം പ്രയോജനപ്പെടുത്തുക എന്നതാണ് പുതുനയം. അതിന്റെ ഭാഗമായി ട്രസ്സ് റൂഫ് പല രീതിയിൽ ഉപയോഗപ്പെടുത്തുന്ന കാഴ്ചയാണ് ഇന്ന് കാണുന്നത്.

ചോർച്ചയിൽനിന്ന് രക്ഷ നേടാനാണ് ഭൂരിപക്ഷം പേരും ട്രസ്സ് റൂഫിനെ ആശ്രയിക്കുന്നത്. എന്തായാലും ട്രസ്സ് ചെയ്തു അപ്പോൾപിന്നെ അത്രയും സ്ഥലം ഉപയോഗപ്രദമാക്കുക എന്ന പ്രായോഗിക സമീപനമാണ് കണ്ടുവരുന്നത്. ഇതാണ് പിന്തുടരേണ്ടതും. യുക്തിപൂർവം വിനിയോഗിച്ചാൽ ട്രസ്സ് റൂഫിന് ഒട്ടേറെ ഉപയോഗങ്ങളാണുള്ളത്.

1. ജിം

വീടിനുള്ളിൽ ജിമ്മിനു വേണ്ടി സ്ഥലം മുടക്കാനില്ലെങ്കിൽ വിഷമിക്കേണ്ട. നേരെ ടെറസിലേക്കു പോ കാം. അവിടെ സുഖമായി ജിം ഒരുക്കാം. കാറ്റും വെളിച്ചവും കയറിയിറങ്ങാൻ സൗകര്യം നൽകാൻ മറക്കരുത്. എങ്കിലേ വ്യായാമം ചെയ്യാൻ ആവേശം തോന്നൂ. ചെടികൾ വച്ച് ഭംഗി കൂട്ടുകയുമാകാം. ഉപകരണങ്ങൾ ഒന്നുമില്ലെങ്കിലും നടക്കാൻ ഈയിടം പ്രയോജനപ്പെടുത്താം. വെയിലും മഴയും ഒന്നും തടസ്സമാകാതെ സുഖമായി നടക്കാം.

t8

2. സ്വിമ്മിങ് പൂൾ

സ്ഥല ദൗർലഭ്യം കാരണം ഇപ്പോൾ സ്വിമ്മിങ് പൂൾ കൂടുതലും ടെറസ്സിലാണ് നൽകുന്നത്. സ്വകാര്യതയാണ് ഇതിന്റെ മറ്റൊരു പ്രധാന ഗുണം. പൂൾ നൽകുമ്പോൾ അടിത്തറയുടെ ഉറപ്പ് പ്രത്യേകം ശ്രദ്ധിക്കണം. അതുപോലെ ചോർച്ചയ്ക്കുള്ള സാധ്യതയും ഒഴിവാക്കണം. റെഡിമെയ്ഡ് ഔട്ട്ഡോർ പൂളുകളും വിപണിയിൽ ലഭ്യമാണ്. അവ വാങ്ങിവയ്ക്കുകയേ വേണ്ടൂ.

t7

3. സ്റ്റോറേജ്

സാധനങ്ങൾ സൂക്ഷിക്കാൻ ഇടം കണ്ടെത്തുക എന്നത് തലവേദനയാണ്. അത്ര പെട്ടെന്നൊന്നും ഉപയോഗിക്കാൻ സാധ്യതയില്ലാത്ത സാധനങ്ങൾ ട്രസ്സ് റൂഫിലേക്കു മാറ്റാം. കൃഷിസംബന്ധമായ വസ്തുക്കള്‍ സൂക്ഷിക്കാനും ട്രസ്സ് റൂഫ് നല്ലൊരിടമാണ്. ചെറിയ സ്ഥലത്ത് വീടൊരുക്കുന്നവർക്കും പ്രയോജനപ്രദമാണ് ടെറസിലെ സ്റ്റോറേജ്.

t5

4. യോഗ സ്പേസ്

യോഗയോടുള്ള താൽപര്യം കൂടിയ സാഹചര്യത്തിൽ യോഗയ്ക്കും മെഡിറ്റേഷനുമുള്ള സ്പേസ് ആയും ടെറസിനെ മാറ്റിയെടുക്കാം. മറ്റു ശല്യങ്ങളൊന്നുമില്ലാതെ ധ്യാനിക്കാൻ പറ്റിയ ഇടമാണിത്. ടെറസിൽനിന്ന് ഉന്മേഷത്തോടെ ദിവസം തുടങ്ങാം.

t4

5. മീൻ വളർത്താം

മീൻ വളർത്തലിനു പറ്റിയ ഇടമാണ് ടെറസ്. ടെറസ്സിലെ അക്വാകൾച്ചറിനോട് ഇപ്പോൾ താൽപര്യം കൂടിയിട്ടുണ്ട്. സ്ത്രീകൾക്കായി സർക്കാർ ഈയിടെ മീൻവളർത്തൽ പദ്ധതികൾ ആവിഷ്കരിച്ചിട്ടുമുണ്ട്. ടെറസിലെ കൃഷിയിൽ പച്ചക്കറിയും ചെടികളുമാണ് സാധാരണ കണ്ടുവരാറുള്ളത്. അവയ്ക്ക് തുറന്ന ടെറസാണ് വേണ്ടത്. എന്നാൽ ട്രസ്സ് റൂഫുള്ളവർക്ക് മീൻകൃഷി ചെയ്യാൻ സാധിക്കും.

t2

6. ഫൺ ടൈം

വീട്ടുകാർക്ക് ഒന്നിച്ചു കൂടാനും കാറ്റേറ്റിരിക്കാനും വരാന്ത, പാഷ്യോ, നടുമുറ്റം പോലെയുള്ള ആഡംബരങ്ങളൊന്നുമില്ലെങ്കിൽ റൂഫിലേക്ക് പോകാം. കാറ്റും വെളിച്ചവും നിറയെ ലഭിക്കുന്ന തരത്തിൽ റൂഫ് ഒരുക്കണം. ചെടികളും അലങ്കാരവസ്തുക്കളും വച്ച് ഭംഗിയാക്കാന്‍ മറക്കരുത്. കോൺക്രീറ്റ് ഇരിപ്പിടമോ ചെറിയ കോഫീടേബിളും കസേരകളുമോ നൽകാം. വൈകുന്നേരത്തെ കാപ്പി ഇവിടെയാക്കാം. എല്ലാവർക്കും കൂടി കളിക്കുകയോ വർത്തമാനം പറയുകയോ ചെയ്യാനൊരിടം. പുറത്തെ കാഴ്ചകൾ ആസ്വദിക്കാൻ പാകത്തിൽ ഇവിടം ഡിസൈൻ ചെയ്യണം.

t6

7. പാർട്ടി ഏരിയ

ചെറിയ സ്ഥലത്ത് വീടുവയ്ക്കുമ്പോഴുള്ള പ്രധാന പ്രശ്നങ്ങളിലൊന്ന് വലിയ ചടങ്ങുകൾ നടത്താനുള്ള സ്ഥലക്കുറവാണ്. അതിനുള്ള പരിഹാരവും ട്രസ്സ് റൂഫിലുണ്ട്. പാർട്ടികളും ചടങ്ങുകളും നടത്തുമ്പോഴുള്ള സൗകര്യത്തിന് ബാർബിക്യൂ, ഗ്രിൽ, വാഷ്ബേസിൻ എന്നിവയൊക്കെ നൽകാം. ഇരിപ്പിടങ്ങൾ നൽകാൻ മറക്കരുത്.

t3

8. യൂട്ടിലിറ്റി ഏരിയ

ട്രസ്സ് റൂഫ് ഏറ്റവുമധികം ഉപയോഗിച്ചുവരുന്നത് യൂട്ടിലിറ്റി ഏരിയ ആയാണ്. തുണി നനച്ച്, ഉണക്കി, തേച്ച് എടുക്കാനുള്ള സൗകര്യം ഒരിടത്തു തന്നെ ലഭിക്കുമെന്നതാണ് മെച്ചം. വാഷിങ് മെഷീൻ മാത്രമല്ല, ചിലർ അലക്കുകല്ലും ഇവിടെ സ്ഥാപിക്കാറുണ്ട്. മഴ നനയാതെ തുണി ഉണക്കാം, മുറ്റത്ത് തുണി വിരിക്കുന്ന അഭംഗി ഒഴിവാക്കാം എന്നീ ഗുണങ്ങളുമുണ്ട്. തേപ്പുമേശയും ഇവിടെ നൽകാറുണ്ട്.

വാട്ടർ ടാങ്കിനുള്ള ഇടവും ട്രസ്സിൽ നൽകാം. റെഡിമെയ്ഡ് വാട്ടർ ടാങ്കോ അല്ലാത്തതോ ആകട്ടെ ട്രസ്സ് റൂഫിൽ ഒതുങ്ങിയിരുന്നുകൊള്ളും. പുറമേക്ക് കാണുകയില്ല.

t1

9. ഹോബി സ്പേസ്

സ്വന്തം ഇഷ്ടങ്ങൾക്കായി കുറച്ചിടം നീക്കിവയ്ക്കണമെന്നുള്ളവർക്ക് ടെറസിനെ ധൈര്യമായി ആശ്രയിക്കാം. സംഗീതം, നൃത്തം, വായന, പെയിന്റിങ് തുടങ്ങി ഹോബി ഏതുമായിക്കൊള്ളട്ടെ ട്രസ്സ് റൂഫിൽ അതിനുള്ള ഇടം ഒരുക്കാം. സ്വകാര്യതയും ലഭിക്കും. ഓരോരുത്തരുടെയും ഹോബി അനുസരിച്ച് അവശ്യസാധനങ്ങൾ നൽകാം. ലവ് ബേർഡ്സ് പോലെ ഓമനമൃഗങ്ങളെ വളർത്തണമെന്നുള്ളവർക്ക് അതുമാകാം.

കാറ്റും വെളിച്ചവും കയറിയിറങ്ങാനുള്ള സൗകര്യം നൽകാൻ ശ്രദ്ധിക്കണം. പെയിന്റിങ്ങുകൾ, അലങ്കാര വസ്തുക്കൾ, അലങ്കാരച്ചെടികൾ എന്നിവയൊക്കെ വച്ച് ഇവിടം മനോഹരമാക്കാം. മനസ്സിനുണർവേകാനും ഈ അന്തരീക്ഷം സഹായിക്കും.

10. ഗെയിം സോൺ

കുട്ടികൾക്കു കളിക്കാൻ മുറ്റമില്ല. അതിനായി വീടിനുള്ളിൽ സ്ഥലം നീക്കിവയ്ക്കാനും സാധ്യമല്ല. കുട്ടികളുള്ള വീട്ടിൽ എവിടെത്തിരിഞ്ഞാലും കളിപ്പാട്ടമാണ്. അവ ഇടയ്ക്കിടെ അടുക്കിവയ്ക്കുന്നതേ വലിയ പണിയാണ്. ട്രസ്സ് റൂഫ് കളിക്കാനുള്ള ഇടമാക്കി മാറ്റിയാൽ ഈ പ്രശ്നങ്ങൾക്കൊക്കെ പരിഹാരമായി. കുട്ടികൾക്ക് മാത്രമല്ല വീട്ടുകാർക്കെല്ലാവർക്കും ഒന്നിച്ചു കളിക്കാൻ കാരംസ്, ടേബിൾ ടെന്നിസ് തുടങ്ങിയ ഇൻഡോർ ഗെയിംസിനുള്ള സൗകര്യങ്ങളും നൽകാം.

11. വരുമാനമാർഗം

പണമുണ്ടാക്കാനുള്ള ആശയങ്ങളുണ്ട് പക്ഷേ, സ്ഥലമില്ല എന്നതാണ് നിങ്ങളുടെ പ്രശ്നമെങ്കിൽ ട്രസ്സ് റൂഫ് ആദായമാർഗമാക്കി മാറ്റാനും സാധിക്കും. ട്യൂഷൻ, പാട്ട്, നൃത്തം, വാദ്യോപകരണങ്ങൾ, യോഗ തുടങ്ങിയവ പഠിപ്പിക്കാനും തയ്യൽ യൂണിറ്റ്, പേപ്പർ ബാഗ് നിർമാണം പോലെ ചെറുകിട വ്യവസായങ്ങൾ തുടങ്ങാനും ഇവിടം പ്രയോജനപ്പെടുത്താം. പുറത്തുനിന്ന് നേരിട്ട് പ്രവേശിക്കാൻ പാകത്തിൽ വീതിയുള്ള ഗോവണി നൽകാൻ ശ്രദ്ധിക്കണം. സാധനങ്ങൾ കയറ്റാനും ഇറക്കാനും എളുപ്പത്തിൽ റാംപ് മാതൃകയിലുള്ള ഗോവണി നൽകാം.

ട്രസ്സ് റൂഫ് പല കാര്യങ്ങൾക്കായി ഉപയോഗിക്കുമ്പോൾ ആവശ്യങ്ങൾക്കനുസരിച്ചുള്ള അടിസ്ഥാന സൗകര്യങ്ങൾ നൽകാൻ മറക്കരുത്. പ്രകൃതിദത്ത വെളിച്ചവും വായുവും ലഭിക്കാനുളള സൗകര്യങ്ങളും ചെയ്യണം. ■

ചിത്രങ്ങൾ: അജീബ് കൊമാച്ചി