Thursday 23 July 2020 05:06 PM IST : By സ്വന്തം ലേഖകൻ

ഒരിക്കൽ കളഞ്ഞതെങ്കിലും ഇപ്പോൾ കൊതിപ്പിക്കുന്നു; വിന്റേജ് മോഡൽ സ്വിച്ചിന് ഇപ്പോഴും ആരാധകരുണ്ട് ...

1

ഓർക്കുന്നില്ലേ, തറവാടിന്റെ ചുമരിലെ ചതുരപ്പെട്ടിയിൽ നിരനിരയായി ‍ഞെളി‍ഞ്ഞിരുന്നിരുന്ന കറുത്ത സുന്ദരന്മാരെ? ചെറിയ കൊമ്പു പോലെ പുറത്തേക്ക് തള്ളിനിൽക്കുന്നിടത്ത് പിടിച്ച് താഴ്ത്തിയാൽ ലൈറ്റ് തെളിയുകയും ഫാൻ കറങ്ങുകയുമൊക്കെ ചെയ്തിരുന്ന കാലം. ഒത്തിരി മാറ്റങ്ങൾ വീട്ടിൽ കയറിയിറങ്ങി പോയിട്ടും ആ പഴയ സ്വിച്ചിനോട് ഇഷ്ടം സൂക്ഷിക്കുന്നവർ ഇന്നുമുണ്ട്. അവർക്കായി പഴയ രൂപഭാവത്തിൽ എന്നാൽ, കാലത്തിനൊത്ത ഗുണമേന്മയിൽ വിന്റേജ് സ്വിച്ചും രംഗത്തുണ്ട്.
‘വിന്റേജ് സ്വിച്ച്’(Vintage Switch) എന്നാണ് പൊതുവെ അറിയപ്പെടുന്നത് എങ്കിലും ‘ബേക്‌ലൈറ്റ് സ്വിച്ച്’ (Bakelite Switch) എന്നതാണ് ഇവയുടെ ശരിയായ പേര്. ബേക്‌ലൈറ്റ് എന്ന മെറ്റീരിയൽ ഉപയോഗിച്ച് നിർമിച്ചിരുന്നതുകൊണ്ടാണ് ഈ പേര് ലഭിച്ചത്. പ്ലാസ്റ്റിക്കിന്റെ ആദ്യകാല രൂപങ്ങളിലൊന്നാണ് ബേക്‌ലൈറ്റ്. ചൂട്, വൈദ്യുതി എന്നിവ കടത്തിവിടില്ല എന്ന ഗുണമാണ് സ്വിച്ച് നിർമാണത്തിന് അനുകൂലമായത്. കറുപ്പ്, വെളുപ്പ് നിറങ്ങളിലാണ് ഇത്തരം സ്വിച്ച് ഉണ്ടായിരുന്നത്.
ഈ രണ്ടു നിറങ്ങളിലുള്ള ബേക്‌ലൈറ്റ് സ്വിച്ച് ഇപ്പോഴും ലഭ്യമാണ്. ഇതുകൂടാതെ ഇതേ രൂപത്തിലുള്ള മെറ്റൽ സ്വിച്ചും ലഭിക്കും. 55 രൂപ മുതലാണ് സാധാരണ ബേക്‌ലൈറ്റ് സ്വിച്ചിന്റെ വില. മെറ്റൽ സ്വിച്ചിന് 200 രൂപയിൽ കൂടുതൽ വില വരും. ബ്രാസ്, ഗോൾഡ്, ആന്റിക് ഫിനിഷിലുള്ള മെറ്റൽ സ്വിച്ച് ലഭിക്കും. മെറ്റൽ നോബ് പുറത്തേക്ക് തള്ളിനിൽക്കുന്ന രീതിയിലുള്ള ടോഗ്ൾ സ്വിച്ചും (Toggle Switch) ഇപ്പോൾ ലഭ്യമാണ്. 200  രൂപ മുതലാണ് ഇതിന്റെ വില.
കടപ്പാട്: അർച്ചന ഇലക്ട്രിക്കൽസ്, മാർക്കറ്റ് റോഡ്, കൊച്ചി