തൃശൂരിലെ അഭിഭാഷക ദമ്പതികളായ നിധിനും അരുണശ്രീയും തങ്ങളുടെ സ്വപ്നഭവനത്തിന്റെവിശേഷങ്ങൾ വിവരിക്കുന്നു ‘‘ട്രെഡീഷനല്‍ ശൈലിയിൽ വെട്ടുകല്ലിൽ എക്സ്റ്റീരിയർ തേക്കാതെ നിർത്തിയ വീട് അടുത്ത കാലത്തായി പലരുടെയും ഇഷ്ടപട്ടികയിൽ ഇടം പിടിച്ചിട്ടുണ്ടല്ലോ. വീടിനെ പറ്റി ആലോചിച്ചു തുടങ്ങിയപ്പോൾ തന്നെ ഇത്തരത്തിലൊന്ന് മതിയെന്ന് ഞങ്ങൾ തീരുമാനിച്ചിരുന്നു. വീടിന്റെ ഇരുഭാഗത്തും സിറ്റ്ഔട്ട്, ബാത് അറ്റാച്ഡ് ആയ നാല് കിടപ്പുമുറി, ലിവിങ്, ഡൈനിങ്, അടുക്കള, വർക്ഏരിയ, ഓഫിസ് റൂം, അപ്പർ ലിവിങ്, ബാൽക്കണി എന്നിങ്ങനെ വേണ്ട സൗകര്യങ്ങളും തീരുമാനിച്ചുറപ്പിച്ചു.

അപ്പോഴുണ്ടായ ആശയക്കുഴപ്പം, സ്ഥലം ഏഴ് സെന്റ് മാത്രമാണല്ലോ എന്നതായിരുന്നു. ഉള്ള സ്ഥലം പരമാവധി പ്രയോജനപ്പെടുത്തി 2200 ചതുരശ്രയടിയിൽ വീട് യാഥാർഥ്യമാക്കിയപ്പോഴാണ് പ്ലോട്ടിന്റെ വലുപ്പത്തിൽ കാര്യമില്ലെന്ന് ഞങ്ങൾക്ക് മനസ്സിലായത്.അത്യാവശ്യം മുറ്റം ഒരുക്കി ഇന്റർലോക്ക് കട്ടകൾ നിരത്തി ഇടയിൽ പുല്ല് പിടിപ്പിച്ചു. ചുറ്റുമതിലിന് നെറ്റിപ്പട്ടമെന്നോണം ഒരു പടിപ്പുരയും. ഇത് വീടിന്റെ സിറ്റ്ഔട്ടിനോട് യോജിക്കുന്ന രീതിയിലാണ്.

ചൂട് കൊണ്ട് വിങ്ങരുതെന്ന് തീരുമാനിച്ചു. ഇരുനില കോൺക്രീറ്റ് വീട് വച്ച് വേനൽക്കാലത്ത് മുകൾ നിലയിലേക്ക് കയറാനാവുന്നില്ലെന്ന പലരുടെയും വിഷമം കേട്ടിട്ടുണ്ട്. കോൺക്രീറ്റ് പരമാവധി കുറച്ചു. മുകൾ നില ട്രസ്സ് ചെയ്ത് ഓട് പാകി. പഴയ ഓട് വാങ്ങിയാണ് ഉപയോഗിച്ചത്. വീടിനകത്ത് ജിപ്സം പ്ലാസ്റ്ററിങ് എന്നതായിരുന്നു മറ്റൊരു ആശയം.

പുറംഭിത്തിയുടെ ഇടയ്ക്ക് ചുടുകട്ട നൽകിയും വെന്റിലേഷൻ കൊടുത്തും ചൂടിനെ പുറത്തേക്കു പായിച്ചു. കിഴക്ക് അഭിമുഖമായാണ് വീട്. തെക്കുപടിഞ്ഞാറു നിന്നുള്ള വെയിലിൽ നിന്ന് രക്ഷയ്ക്കായി ഈ ഭാഗത്ത് ഉയർന്ന പാരപ്പറ്റ് നൽകി, ട്രസ്സ് വർക്ക് ചെയ്ത് റൂഫിങ് ടൈല്‍ വിരിച്ചു. ഇതാണ് മൾട്ടിപർപസ് ഏരിയയായി പ്രയോജനപ്പെടുത്തിയത്.

രണ്ട് പേരും അഭിഭാഷകർ. അപ്പോൾ എന്തായാലും വീട്ടിൽ ഒരു കൺസൽറ്റിങ് മുറി വേണമല്ലോ... മുകൾ നിലയിൽ വടക്ക് കിഴക്കായാണ് ഓഫിസ് മുറി ക്രമീകരിച്ചു. ഇവിടേക്ക് കയറാൻ വീടിന്റെ വടക്കുവശത്ത് പുറത്തു നിന്നും സ്റ്റെയര്‍ നൽകി. മുകളിലെ ലിവിങ് ഏരിയയും ഓഫിസും തമ്മിൽ വേർതിരിക്കാൻ സ്ലൈഡിങ് ഡോർ നൽകിയിട്ടുണ്ട്. തടിയുടെ ഉപയോഗം പരമാവധി കുറയ്ക്കണമെന്ന ഞങ്ങളുടെ തീരുമാനമാണ് ജനലിനും വാതിലിനും വുഡ് പോളിമർ കോംപസിറ്റ് (wpc) ഉപയോഗിക്കാൻ പ്രേരിപ്പിച്ചത്. ചിതലിനെയും പേടിക്കേണ്ടല്ലോ.

ജിഐ പൈപ്പുകൾ ഉപയോഗിച്ചാണ് ഇഷ്ടമുള്ള ഫർണിച്ചർ നിർമിച്ചെടുത്തത്. പ്ലൈവുഡിൽ അകത്തള അലങ്കാരങ്ങൾ സാധ്യമാക്കി. മാസ്റ്റർ ബെഡ്റൂമിൽ നിന്ന് നിരക്കി നീക്കുന്ന വാതിൽ വഴി ഇറങ്ങാവുന്ന ഇടമാണ് ഏറ്റവും പ്രിയപ്പെട്ടത്. മനസ്സിൽ കണ്ട വീട് യാഥാർഥ്യമാക്കി നൽകിയത്, അമ്മയുടെ സഹോദരനും ഡിസൈനറുമായ വി. പി. സജീവൻ. കൂടെ കോൺട്രാക്ടർ പി. രാജഗോപാൽ’’
