Thursday 02 July 2020 04:02 PM IST : By സ്വന്തം ലേഖകൻ

27 ലക്ഷം മുടക്കി, ഈ വീട് ഇങ്ങനെയായി; കുറഞ്ഞ ബഡ്ജറ്റിലെ മാജിക്; ചിത്രങ്ങൾ കാണാം

house-transfrom

വീട് പൊളിച്ചു മാറ്റിയ ശേഷം പുതിയതൊന്ന് പണിയുന്നതിനെപ്പറ്റി ആലോചിക്കാനാണ് വീട്ടുകാർ ഡിസൈനറെ സമീപിച്ചത്. പക്ഷേ, പഴയ വീടിനെ മെച്ചപ്പെടുത്തിയും മുകളിൽ ഒരു നില കൂടി പണിതും വീട്ടുകാരുടെ ആവശ്യങ്ങളെല്ലാം നിറവേറ്റിക്കൊടുക്കുകയാണ് ഡിസൈനർ ചെയ്തത്. അതുകൊണ്ടെന്താ?  വീട്ടുകാർക്ക് 50 ലക്ഷം രൂപയുടെ സ്ഥാനത്ത് 27 ലക്ഷമേ ചെലവായുള്ളൂ. അറ്റാച്ഡ് ബാത്റൂമോടു കൂടിയ നാല് കിടപ്പുമുറികളും കാണാൻ നല്ല ചന്തവുമുള്ള വീട് സ്വന്തമാകുകയും ചെയ്തു.അടൂർ ആനന്ദപ്പള്ളിയിൽ പ്രശസ്തമായ മരമടി നടക്കുന്ന ഏലായ്ക്ക് സമീപത്തുള്ള ഏഴ് സെന്റിലാണ് വീട്. ഉറപ്പു കുറഞ്ഞ മണ്ണ് ആയതിനാൽ 25 വർഷം പഴക്കമുള്ള വീടിന്റെ ചുമരിൽ പലയിടത്തും വിള്ളലുകൾ വീണിട്ടുണ്ടായിരുന്നു. ഇതും സൗകര്യങ്ങളുടെ കുറവുമാണ് പുതിയ വീടിനെപ്പറ്റി ചിന്തിക്കാൻ വീട്ടുകാരനായ നിതിൻ രാജിനെയും കുടുംബത്തെയും പ്രേരിപ്പിച്ചത്.രണ്ടു കിടപ്പുമുറിയേ പഴയ വീട്ടിൽ ഉണ്ടായിരുന്നുള്ളൂ. രണ്ടിനും അറ്റാച്ഡ് ബാത്റൂം ഇല്ലായിരുന്നു. ആകെ 780 ചതുരശ്രയടി ആയിരുന്നു വിസ്തീർണം.

2

രണ്ട് നിലകളിലായി 2300 ചതുരശ്രയടിയാണ് പുതുക്കിയെടുത്ത വീടിന്റെ വിസ്തീർണം. അറ്റാച്ഡ് ബാത്റൂം ഉള്ള നാല് കിടപ്പുമുറി, ലിവിങ്, ഡൈനിങ്, രണ്ട് അടുക്കള, വർക് ഏരിയ, സിറ്റ്ഔട്ട്, ബാൽക്കണി, പോർച്ച്  എന്നീ സൗകര്യങ്ങളെല്ലാം ഇതിനുള്ളിലുണ്ട്.വിള്ളലുള്ള ഭാഗങ്ങളിലെല്ലാം ചുമര് മുറിച്ചു മാറ്റിയ ശേഷം കോൺക്രീറ്റ് നിറച്ച് ബെൽറ്റ് നൽകിയാണ് പഴയ വീടിനെ ബലപ്പെടുത്തിയത്. പഴയ അടുക്കള കിടപ്പുമുറിയും അതിനടുത്തുണ്ടായിരുന്ന സ്റ്റോർ മുറി അറ്റാച്ഡ് ബാത്റൂമും ആയി മാറ്റിയെടുത്തു. പഴയ കിടപ്പുമുറിയുടെ വലുപ്പം കൂട്ടിയെടുത്ത് അടുത്തുണ്ടായിരുന്ന കോമൺ ബാത്റൂം അറ്റാച്ഡ് ബാത്റൂം ആയി ഇതിനോട് ചേർത്തു. രണ്ടാമത്തെ കിടപ്പുമുറിയും ചെറിയ ഹാളും ഒന്നാക്കി ലിവിങ് സ്പേസ് ഒരുക്കി. കിച്ചൻ ഏരിയയും മുകളിലെ മുറികളും പുതിയതായി പണിതു.

3

ഇസെഡ് ആകൃതിയിലുള്ള കാർപോർച്ചും വളഞ്ഞ കോൺക്രീറ്റ് മേൽക്കൂരയുമാണ് എക്സ്റ്റീരിയറിലെ പ്രധാന ആകർഷണം. പ്രത്യേക ആകൃതിയിൽ സ്റ്റീൽ ഫ്രെയിം നൽകി അതിനു മുകളിൽ ജിഐ ഷീറ്റ് വിരിച്ചാണ് പോർച്ച് നിർമിച്ചത്. ജിഐ ഷീറ്റ് കണ്ണിൽപ്പെടാത്ത രീതിയിലാണ് നിർമാണം. ഇതിനായി  ഫൈബർ ബോർഡ് ഉപയോഗിച്ച് നാലുവശത്തും ഫ്രെയിം നൽകി ഷീറ്റ് അതിനുള്ളിലാക്കി. ഗംഭീര ലുക്ക് ആണ് പോർച്ചിന്. ചെലവ് അൻ‌പതിനായിരത്തിൽ താഴെയും. രണ്ട് കാറും ബൈക്കും പാർക്ക് ചെയ്യാനുള്ള സൗകര്യം ഇവിടെയുണ്ട്. ഫ്ലൂയിഡ് ഡിസൈനിലാണ് മേൽക്കൂര. ഒറ്റ മേൽക്കൂര തന്നെ പല മടക്കുകളായി നൽകിയിരിക്കുന്ന എന്ന പ്രത്യേകതയുമുണ്ട്.

ഡിസൈൻ: ജയറാം പ്രകാശ് , സ്ക്വയർ ആർക്ക് ബിൽഡേഴ്സ്, അടൂർ, ഇ മെയിൽ– getsquarearc@gmail.com