Monday 04 May 2020 04:30 PM IST : By സോന തമ്പി

വീടിനകത്തെ പച്ചപ്പാണ് ലോക്ഡൗണിലെ സന്തോഷം. ആർക്കിടെക്ട് ബിജു ബാലൻ പറയുന്നു.

1

'40 ദിവസം ലോക്ഡൗണിലിരുന്നിട്ട് എന്തു തോന്നുന്നു? ' എന്ന ചോദ്യത്തിന് ആർക്കിടെക്ട് ബിജു ബാലന്റെ സൂപ്പർ മറുപടി ഇങ്ങനെയായിരുന്നു:‘നാല്‌പത് ദിവസമോ? എത്ര വേഗമാണ് ദിവസങ്ങൾ പോയത്! ഒരു പതിനഞ്ചു ദിവസമേ ആയിട്ടുള്ളൂ എന്ന തോന്നലാണ്...’ ഇതിനു കാരണം കോഴിക്കോടുള്ള ബിജുവിന്റെ വീട് തന്നെയാണ്‌. നഗരഹൃദയത്തിലെ ചെറിയ പ്ലോട്ടിലെ വീട് നിൽക്കുന്നത് പച്ചപ്പിന്റെ റൊമാന്റിക് അന്തരീക്ഷത്തിലാണ്.

2

മുറ്റത്തും അകത്തും വീടിനകത്തേക്കു കയറുന്ന പടികൾക്കിരുവശത്തുമെല്ലാം ചെടികളും വള്ളിപ്പടർപ്പുകളുമൊക്കെയാണ്. കിടപ്പുമുറികൾ ഒഴിച്ച് മറ്റു മുറികളെല്ലാം ഓപൻ പ്ലാനിൽ. ‘‘രാവിലെ എണീറ്റ് 10 മണി വരെ ചെടികളെ ശുശ്രൂഷിക്കലാണ് മെയിൻ പരിപാടി. മുറ്റത്തിറങ്ങി നടക്കാം, മീൻ കുളത്തിലെ മീനുകളെ നോക്കിയിരിക്കാം... സമയം പോകാൻ ഒരു വിഷമവുമില്ല. വെയിൽ കൂടുമ്പോൾ അകത്ത് നടുമുറ്റത്തെ അഭിമുഖീകരിക്കുന്ന ടേബിൾ ആകും വർക്സ്പേസ്. പുറത്തെ പച്ചപ്പിലേക്കും അവിടെ വരുന്ന പൂച്ച, കിളികൾ ഇതിനെയൊക്കെ ഇടയ്ക്കിടെ നോക്കി വരകളുടെ ലോകത്തിരിക്കാം. ലിവിങ് ഏരിയക്ക് ചെറിയ ഒരു സെപ്പറേഷൻ ഉള്ളതുകൊണ്ട് പിള്ളേർ ടിവി കാണുന്നതും കളിക്കുന്നതും ശ്രദ്ധിക്കാം. നമ്മുടെ പണിയൊക്കെ നടക്കുകയും ചെയ്യും, ’’ ബിജു പറയുന്നു.
ഈ സമയത്ത് ബിജുവിന്റെ ശ്രദ്ധയിൽപ്പെട്ട ഒരു സംഗതിയുണ്ട്. ഗൾഫിൽ ഏറെ വർഷങ്ങൾ താമസിച്ചവരും വിദേശവാസം ഇഷ്ടപ്പെടുന്നവരുമായ ചിലർക്ക് നാടിനോട് സ്നേഹം കൂടി. നാട്ടിൽ ഒരു വീട് വേണമെന്നും ആഗ്രഹം...