Thursday 01 October 2020 10:33 AM IST

വാടക വീട്ടിലിരുന്ന് ലിൻസൺ ആ സ്വപ്നം കണ്ടു; 1560 ചതുരശ്രയടിയിൽ ഈ സ്വർഗമുയർന്നു; ബഡ്ജറ്റ് വീട്

Ali Koottayi

Subeditor, Vanitha veedu

Ali-1

വീട് ഒരു സ്വപ്നമായി മാറുക. ഒരോ ഇടവും മനസ്സിൽ കാണുക. വീട് പൂർത്തിയാകുന്നതും കാത്തുകാത്തിരിക്കുക. എല്ലാവരും ഇങ്ങനെത്തന്നെയായിരിക്കും. വീട്ടുകാരുടെ മേൽനോട്ടത്തിൽ സാധ്യമാക്കുന്ന വീടുകൾ അവർ ഉദ്ദേശിച്ച പോലെയും ബജറ്റിലും യാഥാർഥ്യമാക്കാൻ കഴിയും എന്നതിൽ തർക്കമില്ല. മനസ്സിൽ കണ്ട വീട് കുറഞ്ഞ ചെലവിൽ യഥാർഥ്യമാക്കിയതിന്റെ കഥ പറയുകയാണ് തൃശൂർ സ്വദേശി ലിൻസൺ.  
"ഏകദേശം ഏഴു വർഷം മുൻപാണ് കഥ തുടങ്ങുന്നത്. കയ്യിലുള്ളതും കടം വാങ്ങിയതും കൂട്ടി 10 സെൻറ് വാങ്ങി. കുറച്ചു തേക്കും മഹാഗണിയും നട്ടു. വാടക വീട്ടിൽ നിന്ന് വാടക വീട്ടിലേക്കു ജീവിതം മാറി മാറി കഴിഞ്ഞുപോയി. അപ്പോഴും സ്വന്തമായി ഒരു വീട് എന്നത് സ്വപ്നമായി അവശേഷിച്ചു.

Ali-2


പ്ലാനുകൾ നോക്കി മാറ്റി മാറ്റി വരച്ചു. താഴെ രണ്ടും മുകളിൽ ഒന്നും കിടപ്പുമുറികൾ എന്ന പ്ലാനിൽ ഉറപ്പിച്ചു. പണി മുഴുവൻ കോൺട്രാക്ട് കൊടുത്തു. ബന്ധു തന്നെയായായ ഷാർപ് കൺസ്ട്രക്‌ഷൻ ഉടമ ബാബുവിനെ എല്ലാം ഏല്പിച്ചു. മുഴുവൻ ഡ്രോയിങ്ങ്സും പ്രിന്റ് എടുത്തു നൽകി. ആവശ്യങ്ങളും വിശദമായി പറഞ്ഞു. ലോൺ എടുക്കില്ലെന്ന് തീരുമാനിച്ചു. കയ്യിൽ ഉള്ള തുകയും സംഘടിപ്പിക്കാവുന്ന തുകയും കണക്കാക്കി. ബജറ്റ് ഒരു കാരണവശാലും കൂടരുതെന്ന നിർബന്ധം ഉണ്ടായിരുന്നു.
മനസിൽ കണ്ട ബജറ്റിൽ കൃത്യമായി പണി തീർത്തു . ഇക്കഴിഞ്ഞ ജൂണിൽ താമസം തുടങ്ങി. തേക്കും മഹാഗണിയും കൂടാതെ തെങ്ങ്, പ്ലാവ്, മാവ്, റംബുട്ടാൻ, ചാമ്പ, അരിനെല്ലി, മാതളം, ഞാവൽ, പാഷൻഫ്രൂട്ട് തുടങ്ങിയ ഫലവൃക്ഷങ്ങളും പച്ചക്കറിയും പൂ ചെടികളും വെച്ച് പിടിപ്പിച്ചു.

Ali-3


ചെലവ് കുറച്ചത് ഇങ്ങിനെ...
തടി കൊണ്ടുള്ള നിർമ്മിതികൾ പരമാവധി കുറക്കുക എന്നായിരുന്നു ആദ്യ തീരുമാനം. വാതിൽ കട്ടിളകൾക്ക് മാത്രം തടി നൽകി. ജനലുകൾ മുൻഭാഗത്ത് സ്റ്റീൽ ആണ് ഉപയോഗിച്ചത്. (റെഡിമെയ്ഡ് വാങ്ങാതെ പണിയിപ്പിക്കുകയായിരുന്നു) ബാക്കി ജനലുകൾ കോൺക്രീറ്റ് ഉപയോഗിച്ചു. ജനൽ വാതിലുകൾ എല്ലാം അലൂമിനിയത്തിലാണ്. പ്രധാന വാതിൽ മഹാഗണിയും ബെഡ്‌റൂം വാതിലുകൾ റെഡിമെയ്ഡും ഉപയോഗിച്ചു.
 ഭിത്തിക്ക് കോൺക്രീറ്റ് കട്ടകൾ ഉപയോഗിച്ചു. കിച്ചൻ കബോർഡുകൾ ഫെറോസിമന്റിൽ പണിത്, അലൂമിനിയം എസിപി വാതിലുകൾ നൽകി. ഫോൾസ് സീലിംഗ് വേണ്ടെന്ന് വച്ചു. പരമാവധി കടകൾ കേറി ഇറങ്ങി വില നോക്കി ഉൽപന്നങ്ങൾ വാങ്ങി ഇലക്ട്രിക് പ്ലമ്മിങ് ഉൽപന്നങ്ങൾ ഹോൾസൈൽ വിലയിൽ വാങ്ങിയെന്ന് ലിൻസൺ പറയുന്നു.