Saturday 16 January 2021 12:22 PM IST

ഞെങ്ങിഞെരുങ്ങിയില്ല, സൗകര്യങ്ങൾക്കും കുറവില്ല, രണ്ടര സെന്റിൽ അന്തസ്സായി 1500 സ്ക്വയർഫീറ്റ്, വീട്ടുകാർ തന്നെ ഡിസൈൻ ചെയ്ത വീട്

Ali Koottayi

Subeditor, Vanitha veedu

kochi 7

ചെറിയ ഇടത്തിൽ വലിയ വീടൊരുക്കിയതിന്റെ സന്തോഷത്തിലാണ് എറണാകുളം സ്വദേശികളായ അബ്ദുൾ ഷിഹാറും സുമിയയും. രണ്ടര സെന്റിൽ വീട്ടുകാര്‍ തന്നെ ഒരുക്കിയ വീടിനെ പറ്റി അവർ തന്നെ പറയുന്നു.

‘‘ചെറിയ സ്പേസിൽ ആവശ്യത്തിന് സൗകര്യം ഒരുക്കണമെന്നതായിരുന്നു ഞങ്ങൾക്ക് മുന്നിലുള്ള പ്രധാന വെല്ലുവിളി. പ്ലോട്ട് കണ്ട് ഇഷ്ടപ്പെട്ടതോടെ വാങ്ങി. എറണാകുളം ടൗണിൽ ആയതുകൊണ്ട് തന്നെ സ്ഥലത്തിന്റെ വിലയെ പറ്റി ഊഹിക്കാമല്ലോ.. മൂന്ന് ഡിസൈനർമാര്‍ പ്ലോട്ട് കണ്ട് പ്ലാൻ വരച്ചു നൽകിയെങ്കിലും മനസ്സിൽ കണ്ടതുപോലെ ആയില്ല. ചെറിയ പ്ലോട്ടിന്റെ പരാധീനതകളൊന്നും വീടിനകത്ത് ഉണ്ടാകരുത് എന്ന ചിന്തയായിരുന്നു ഞങ്ങളുടെ മനസ്സിൽ. ഉദ്ദേശിച്ച പോലെ നടക്കാതെയായപ്പോൾ ശ്രമം ഉപേക്ഷിക്കാമെന്ന് ഉറപ്പിച്ചു. പിന്നെയാണ് തനിയെ ഡിസൈൻ ചെയ്യാമെന്ന ആശയം ഉണ്ടാവുന്നത്. മുൻപ് വരച്ച് കിട്ടിയ പ്ലാനിൽ നിന്ന് പോസിറ്റീവ് ആയ കാര്യങ്ങൾ കടമെടുത്തു. എൻജിനീയറെ കാണിച്ചു ഉറപ്പ് വരുത്തി, ഞങ്ങൾ ഒരുമിച്ച് ഇന്റീരിയറിലെ ഓരോ ഇടങ്ങളെ പറ്റി സംസാരിച്ചു ഫൈനലിലെത്തി.

kochi4

നേരത്തെ ഉണ്ടാക്കിയ പ്ലാനിൽ നിന്ന് പല മാറ്റങ്ങളും ഈ ഘട്ടത്തിൽ വരുത്തി. കിച്ചൻ അകത്തേക്ക് കയറ്റി പണിത് ആ സ്പേസിൽ വർക്ക് ഏരിയയ്ക്ക് സ്ഥാനം കണ്ടെത്തിയതും അങ്ങനെയാണ്. സ്ഥല പരിമിതി കണക്കിടലെടുത്ത് താഴെ ഒരു കിടപ്പുമുറി മാത്രമാണ് ക്രമീകരിച്ചത്. സിറ്റ്ഔട്ട്, ലവിങ്, ഡൈനിങ്, കിച്ചൻ, വർക്ക് ഏരിയ എന്നിവയാണ് മറ്റു സൗകര്യങ്ങൾ. സ്ഥല പരിമിതി കൊണ്ട് അകത്തളം ഞെരുങ്ങരുതെന്നായിരുന്നു ഓരോ ഇടം ക്രമീകരിക്കുമ്പോഴും ഞങ്ങളുടെ മനസ്സിൽ.

kochi2

ചെറിയ മുറ്റവും വലിയ വണ്ടി പാർക്ക് ചെയ്യാനാവുന്ന പോർച്ചും ഒരുക്കിയതാണ് മറ്റൊരു സന്തോഷം. 1500 സ്ക്വയർഫീറ്റ് മാത്രമെ വീടുള്ളൂവെങ്കിലും അതിനേക്കാൾ വലുപ്പം തോന്നിക്കുന്നുവെന്നാണ് വീട്ടിൽ വരുന്നവരെല്ലാം അഭിപ്രായപ്പെടുന്നത്. കാറ്റും വെളിച്ചവും കടന്നു പോകാൻ പാകത്തിൽ അകത്തളം ക്രമീകരിച്ചതാണ് ഇതിനു കാരണം. ക്രോസ് വെന്റിലേഷന്‍ നല്‍കി. സറ്റെയറിന് മുകളിലെ മേൽക്കൂരയിൽ നൽകിയിരുക്കുന്ന പർഗോള വീടിനകത്ത് പകൽ മുഴുവൻ വെളിച്ചം എത്തിക്കുന്നു.

kochi 1

മുകൾ നിലയിൽ രണ്ട് കിടപ്പുമുറികൾ നൽകിയിട്ടുണ്ട്. വീടിന്റെ വലുപ്പത്തിനനുസരിച്ച് തന്നെയാണ് കിടപ്പുമുറികളുടെ വലുപ്പവും. വിശാലമയ കിടപ്പുമുറികൾ അറ്റാച്ച്ഡ് ആണ്. കിങ് സൈസ് ബെഡിനൊപ്പം വാഡ്രോബും ക്രമീകരിച്ചിട്ടുണ്ട്. മുകളിലത്തെ രണ്ടാമത്തെ കിടപ്പുമുറി കുട്ടികൾക്കായി ക്രമീകരിച്ചു.

kochi3

ഒരിടവും വെറുതെ നൽകിയില്ലെന്ന് മാത്രമല്ല ചെറിയ സ്ഥലത്ത് ഒരുക്കുന്ന വീട് എന്ന രീതിയിലുമല്ല ക്രമീകരിച്ചത്. ഉദാഹരണത്തിന് സറ്റെയറിന്റെ താഴ്ഭാഗം പൊതുവെ സാധനങ്ങൾ സറ്റോർ ചെയ്യാനോ ഇൻവർട്ടർ, ബാറ്ററി തുടങ്ങിയവ വയ്ക്കാനോ ആയാണ് പ്രയോജനപ്പെടുത്തുക. ചെറിയ ഇടങ്ങളിലെ വീടാണെങ്കില്‍ പ്രത്യേകിച്ചും. എന്നാൽ ഞങ്ങളുടെ വീട്ടിൽ ഇവിടം ചെറിയ കോർ‍‌‍ട്‌യാർഡാക്കി മാറ്റി, ഇൻവർട്ടർ വയ്ക്കാനായി ടിവി ഏരിയയ്ക്ക് മുകളിൽ സറ്റോറേജ് ഒരുക്കി.

kochi6

പ്ലമ്മിങ്ങിലും വയറിങ്ങിലും ഉൾപ്പെടെ ഉപയോഗിച്ച ഉൽപന്നങ്ങൾ എല്ലാം നല്ല ക്വാളിറ്റിയുള്ളവ തന്നെ തിരഞ്ഞെടുത്തു. ഒരു വിട്ടുവീഴ്ചയും ഇക്കാര്യത്തിൽ ചെയ്തില്ല. ‌‍‌കിച്ചൻ കാബിനറ്റുകൾ മൾട്ടിവുഡിൽ ഗ്ലാസ് ഫിനിഷിൽ നൽകി. ഇത് തന്നെ പ്രധാന വാതിലിലും പിന്തുടർന്നു. മൾട്ടിവുഡ്–പൈൻവുഡ് കാർവിങ് ചെയ്താണ് സറ്റെയർ കെയ്സിന്റെ ഹാന്റ്റെയിൽ ഇതേ ഡിസൈൻ ഗെയിറ്റിലും നൽകിയത് വീടിന് ഏകതാനത കൊണ്ടു വരുന്നുണ്ട്. മനസ്സിൽ ഉദ്ധേശിച്ച ബജറ്റിൽ സ്വന്തം വീട് ഒരുക്കാനാവുമെന്നതാണ് വീട് പണി കഴിഞ്ഞപ്പോൾ ഞങ്ങൾ പഠിച്ച പാഠം.’’

kochi5
Tags:
  • Vanitha Veedu