Friday 17 April 2020 03:38 PM IST : By സോന തമ്പി

ബാക്കി വന്ന തടിയും എംഡിഎഫും കൊണ്ട് ഇൻഫിനിറ്റി ടേബിളും നെയിം പ്ലേറ്റും വരെ; ആറര ലക്ഷത്തിന് ഫ്ലാറ്റിന് ഇൻ്റീരിയർ

1

വീട്ടുകാർ ഇച്ഛിച്ചതും ഡിസൈനർ ഒരുക്കിയതും ഒരേ ബജറ്റിലായതിൻ്റെ സന്തോഷത്തിലാണ് തൃശൂർ ഒല്ലൂരിലെ കോൺഫിഡൻ്റ് എലൈറ്റ് ഫ്ളാറ്റിൽ താമസിക്കുന്ന ആൻറണിയും ഹെലനും. ബഹറിനിൽ ജോലി ചെയ്യുന്ന മകൻ്റെ ഫ്ളാറ്റിലെ 13-ാം നിലയിലുള്ള ബാൽക്കണിയിൽ ഇരുന്നാൽ ലോക്ഡൗൺ കാലത്തും കാഴ്ചകൾക്ക് സൗന്ദര്യക്കുറവില്ല. വീട്ടുകാരുടെ മനസ്സിനും പോക്കറ്റിനും ഇണങ്ങുന്ന രീതിയിൽ സിംപിൾ ആയി ഇൻ്റീരിയർ ഒരുക്കിയത് ഡിസൈനർ സ്കറിയ പീറ്റർ.

2

മൂന്നു കിടപ്പുമുറികളുള്ള ഫ്ളാറ്റിൽ ഹെലന് ഏറ്റവുമിഷ്ടം അടുക്കളയാണ്. വാങ്ങുന്ന സമയത്ത് കിച്ചനിലെ സിങ്ക് വേറിട്ടു നിൽക്കുന്ന രീതിയിലായിരുന്നു. പുതിയൊരു ഗ്രാനൈറ്റ് സ്ളാബ് പീസിൻ്റെ സഹായത്തോടെ L ആകൃതിയിലുണ്ടായിരുന്ന കിച്ചനെ U ഷേപ്പിലേക്ക് മാറ്റി ഡിസൈനർ. ഫലമോ, ഇഷ്ടം പോലെ സ്റ്റോറേജ് സ്പേസും. മൾട്ടിവുഡിലുള്ള കാബിനറ്റ് യൂണിറ്റുകൾ കൂടിയായപ്പോൾ അടുക്കളയുടെ ചന്തംകൂടി.

3

സർക്കുലർ പാറ്റേൺ പിൻതുടർന്നിരിക്കുന്ന വാഷ് ഏരിയയിൽ വാഷ്ബേസിനും മിററും ലൈറ്റുമെല്ലാം വൃത്താകൃതിയിലാണ്. ലിവിങ് - ഡൈനിങ് ഹാളിൽ മിനിമം സീലിങ് ചെയ്ത് എൽഇഡി സ്ട്രിപ്പ് കൊടുത്തിരിക്കുന്നു. ബെഡ്റൂമുകളിലെ വാഡ്രോബുകൾക്ക് സ്ളൈഡിങ് ഡോറുകളായതിനാൽ 1100 ചതുരശ്ര അടിയുള്ള ഫ്ളാറ്റിൽ സ്ഥലം ഒട്ടും നഷ്ടപ്പെടുന്നില്ല.ഇൻ്റീരിയറിലെ ആവശ്യങ്ങൾക്കുപയോഗിച്ച് ബാക്കി വന്ന മൾട്ടിവുഡ്, എംഡിഎഫ് എന്നിവ ബുദ്ധിപരമായും കലാപരമായും റീസൈക്കിൾ ചെയ്ത് ഡിസൈനർ തൻ്റെ മികവ് പ്രകടമാക്കിയിരിക്കുന്നു.

കട്ടിൽ പണിതപ്പോൾ ബാക്കി വന്ന മഹാഗണി തടിക്കൊപ്പം ഗ്ലാസും മിററും ചേർത്ത് ലിവിങ്ങിലെ ഇൻഫിനിറ്റി ടേബിൾ സെറ്റ് ചെയ്തു. അകത്തേക്ക് നോക്കുമ്പോൾ അനന്തമായ ആഴം തോന്നിക്കുന്ന ഈ കോഫി ടേബിളിന് ഒരു ഇഫക്ട് കിട്ടാൻ എൽഇഡി സ്ട്രിപ്പും റീചാർജബിൾ ബാറ്ററിയും ഫിറ്റ് ചെയ്തു. വാഷ് ഏരിയയിലെ മൾട്ടിവുഡ് ബോക്സ്, എംഡിഎഫ് കഷണങ്ങളിൽ അക്രിലിക് കൊണ്ട് എഴുതിയ നെയിംപ്ലേറ്റ്, ഇരിക്കാൻ സൗകര്യമുള്ള ഷൂറാക്ക്, ബാൽക്കണിയിലെ ഫോൾഡബിൾ ടീടേബിൾ, ടേബിളും ബാർ കൗണ്ടറും ബുക്ക് ഷെൽഫും ആക്കാവുന്ന ഗസ്റ്റ് ബെഡ് റൂമിലെ ത്രീ-ഇൻ-വൺ ടേബിൾ, ബാത്റൂമിലെ മിറർ ബോക്സുകൾ,  മൊബൈൽ സ്റ്റാൻഡ്, കത്തിവയ്ക്കാനുള്ള സ്റ്റാൻഡ് തുടങ്ങി വേസ്റ്റ് ആയ മെറ്റീരിയൽ ഫലപ്രദമായി ഉപയോഗപ്പെടുത്തിയിരിക്കുന്നു.സാമ്പത്തികാവസ്ഥയെ കോവിഡ് ബാധിച്ചിരിക്കുന്ന സാഹചര്യത്തിൽ മുടക്കുന്ന മൂല്യത്തിൻ്റെ പരമാവധി പ്രയോജനപ്പെടുത്തുന്ന  ഇത്തരം സംരംഭങ്ങൾ പ്രോത്സാഹനജനകമാണ്.

ഡിസൈൻ:

സ്കറിയ പീറ്റർ, എംജി ഇൻ്റീരിയേഴ്സ് ആൻഡ് ക്രിയേഷൻസ്, തൃശൂർ, ഫോൺ: 8078097683