Monday 13 April 2020 01:31 PM IST

പ്രകൃതിയോടിണങ്ങി മരം കൊണ്ടുള്ള വീടുകൾ... അവധിക്കാല വീടുകൾക്ക് പറ്റിയ മോഡൽ...

Sunitha Nair

Sr. Subeditor, Vanitha veedu

Main

മരം കൊണ്ടുള്ള വീടുകളിലെ താമസം എന്തു രസമായിരിക്കും അല്ലേ? റിസോർട്ടിൽ താമസിക്കുന്ന പ്രതീതി നൽകും മരവീടുകൾ. അവധിക്കാല വീടുകൾ പണിയാനാഗ്രഹിക്കുന്നവർക്ക് ഏറ്റവും അനുയോജ്യമാണ് തടി വീടുകൾ.
കാനഡയിലെ ബ്രിട്ടീഷ് കൊളംബിയ പ്രവിശ്യ സർക്കാരിനു കീഴിലുള്ള ഏജൻസിയായ കനേഡിയൻ വുഡ് പൂർണമായും മരം ഉപയോഗിച്ചുള്ള വീടു നിർമാണ രീതികൾ അവതരിപ്പിക്കുന്നു. ഡബ്ലിയുഎഫ് സി, ടി ആൻഡ് ജി എന്നീ രണ്ട് ഭവനനിർമാണ രീതികളാണ് ഇവർ അവതരിപ്പിക്കുന്നത്. കാനഡയിലെ ബ്രിട്ടീഷ് കൊളംബിയയിൽ നിന്നുള്ള സ്പ്രൂസ് പൈൻ ഉപയോഗിച്ചുള്ള നിർമാണ പ്രകിയയാണ് വുഡ് ഫ്രെയിം കൺസ്ട്രക്ഷൻ (ഡബ്ലിയു എഫ്സി ), ടോങ്ക് ആൻഡ് ഗ്രൂവ് (ടി ആൻഡ് ജി) എന്നിവയിൽ ഉപയോഗിക്കുന്നത്.

1


ഇന്ത്യയിൽ വീടു നിർമാണത്തിന് പുരാതന കാലം മുതൽക്കേ മരം ഉപയോഗിച്ചു വരുന്നുണ്ട്. പക്ഷേ, തൂണുകളും ഉത്തരങ്ങളും മേൽക്കൂരയും നിർമിക്കാനായിരുന്നു ഇത് പ്രധാനമായും ഉപയോഗിച്ചിരുന്നത്. ഇതിൽ നിന്നു മാറി പൂർണമായും മരം ഉപയോഗിച്ചുള്ള നിർമാണമെന്ന പുതിയ പ്രവണതയ്ക്കു തുടക്കം കുറിക്കുകയാണ്. സവിശേഷമായ ഈ രണ്ടു മാതൃകകളും കനേഡിയൻ വുഡിന്റെ സാങ്കേതിക വിദ്യയുടെ അടിസ്ഥാനത്തിലും മേൽനോട്ടത്തിലുമാണ് നടത്തുന്നത്. വിനോദ സഞ്ചാര രംഗത്തും ഇതിനേറെ പ്രസക്തിയുണ്ട്.
വിദേശത്ത് വിപുലമായി പ്രയോജനപ്പെടുത്തുന്ന രീതിയാണ് വുഡ് ഫ്രെയിം കൺസ്ട്രക്ഷൻ. നിർമാണ പ്രക്രിയയിലെ സമയവും ചെലവും കുറയ്ക്കാൻ ഇതു സഹായകമാകും. മുഴുവൻ ഭാഗവും ഫാക്ടറിയിൽ തന്നെ നിർമിക്കുന്ന പ്രീ ഫാബ്രിക്കേറ്റഡ് രീതിയാണ് ടോങ്ക് ആൻഡ് ഗ്രൂവ്. തികച്ചും ഓർഗാനിക് ആയ, ഫലപ്രദമായ രീതിയാണിതെന്ന് നിർമാതാക്കൾ അവകാശപ്പെടുന്നു. ഓരോ ഭാഗവും ഫാക്ടറിയിൽ നിന്നു പുറത്തെത്തും മുൻപു തന്നെ കോട്ടിങ് നടത്താം എന്നതും അന്തിമ കോട്ടിങ് മാത്രമേ നിർമാണം പൂർത്തിയാക്കിയ ശേഷം നടത്തേണ്ടതായുള്ളൂ എന്നതും സവിശേഷതയാണ്.

2


മരത്തിന്റെ ഭംഗിയും അനുഭൂതിയും അനുഭവിച്ചുകൊണ്ട് പ്രകൃതിയുടെ ഭാഗമാകാൻ കഴിയുന്ന ജീവിതമാണ് ടി ആൻഡ് ജി വീടുകളിലൂടെ സാധ്യമാകുന്നത്. എല്ലാ കാലാവസ്ഥയ്ക്കും ഇണങ്ങുന്നതാണ് ഡബ്ലിയുഎഫ്സി വീടുകൾ. ബെംഗലൂരുവിലെ ഇന്ത്യ വുഡ് 2020 പ്രദർശനത്തിൽ ഇരു മാതൃകകളിലും ഉള്ള വീടുകൾ പ്രദർശിപ്പിക്കുകയും മികച്ച പ്രതികരണം ലഭിക്കുകയും ചെയ്തു. ഇതിൽ വാതിലുകൾ, ജനാലകൾ, ഫ്രെയിമുകൾ തുടങ്ങിയവയിൽ യു പിവിസിക്കു പകരമായി മരമാണ് ഉപയോഗിച്ചത്. ശബ്ദ ശല്യം, പൊടി തുടങ്ങിയവ കുറയ്ക്കാൻ ഇതു സഹായകമാണെന്നും നിർമാതാക്കൾ പറയുന്നു.