Wednesday 28 April 2021 03:52 PM IST : By Murali Thummarukudy

ത്രീഡി പ്രിന്റിങ് വഴി വീട് ഇന്ത്യയിലും, ആർക്കിടെക്ചർ രംഗത്ത് വിപ്ലവം സൃഷ്ടിച്ച് ആർ‍ട്ടിഫിഷ്യൽ ഇന്റലിജൻസ്, മുരളി തുമ്മാരുകുടി എഴുതുന്നു

murali new

എല്ലാ തൊഴിലിലും ആവർത്തിക്കപ്പെടുന്ന ചില ജോലികളുണ്ട്. ഇതാണ് ആർട്ടിഫിഷ്യൽ ഇന്റലിജൻസിന് ഏറ്റെടുക്കാൻ എളുപ്പം. ഉദാഹരണത്തിന്, വീട് ഡിസൈൻ ചെയ്യുമ്പോൾ മുറികളുടെ വലുപ്പം, മറ്റു സൗകര്യങ്ങൾ എന്തൊക്കെ എന്നെല്ലാം ആർക്കിടെക്ടും ഉടമസ്ഥരും സമയമെടുത്ത്് തീരുമാനിക്കുന്ന കാര്യങ്ങളാണ്. ഇതിൽ ഒാരോ പ്രദേശത്തിനും രാജ്യത്തിനും സാമ്പത്തിക നിലയ്ക്കും സാംസ്കാരിക പാരമ്പര്യത്തിനും പങ്കുണ്ട്. പ്രാദേശികമായ കുറേ കെട്ടിടങ്ങളുടെ ഡിസൈനുകൾ ആർട്ടിഫിഷ്യൽ ഇന്റലിജൻസിന് പരിചയപ്പെടുത്തിയാൽ കെട്ടിടം നിർമിക്കാൻ വരുന്ന കക്ഷി സ്വന്തം പ്രൊഫൈൽ കംപ്യൂട്ടറിൽ അപ്‌ലോഡ് ചെയ്യുന്നതോടെ ഏതു തരം വീടാണ് അവർക്ക് ഇഷ്ടപ്പെടാൻ സാധ്യതയെന്നും അതിൽ എന്തൊക്കെ വേണം എന്നിവയെല്ലാം നിർമിത ബുദ്ധി കണ്ടുപിടിച്ച് നിമിഷങ്ങൾക്കകം ഡിസൈൻ റെഡിയാക്കിത്തരും.

ഓരോ രാജ്യത്തും നഗരത്തിലും കെട്ടിട നിർമാണത്തിന് പല നിബന്ധനകളുമുണ്ട്. ലഭ്യമായ പ്ലോട്ടിന്റെയുള്ളിൽ നിയമങ്ങൾ അനുസരിച്ചു വേണം കെട്ടിടം വയ്ക്കാൻ. ആർട്ടിഫിഷ്യൽ ഇന്റലിജൻസിന് ഇത്തരം കാര്യങ്ങൾ മനസിലാക്കിയെടുക്കാൻ ഒരു ദിവസം പോലും വേണ്ട. എന്നു മാത്രമല്ല, ഒട്ടേറെ ഓപ്‌ഷനുകൾ കക്ഷിക്ക് നൽകാനും സാധിക്കും.കേരളത്തിൽ ആളുകൾ വാസ്തു അനുസരിച്ച് വീടു പണിയുന്നവരാണ്. വാസ്തുവിന് ശാസ്ത്രീയമായ അടിത്തറയില്ലെന്ന് വിശ്വസിക്കുന്ന ആളാണ് ഞാൻ. പക്ഷേ, കേരളത്തിലെ വാസ്തു കണക്കുകളനുസരിച്ച് ചിട്ടപ്പെടുത്തിയ ആർട്ടിഫിഷ്യൽ ഇന്റലിജൻസിനെ അടിസ്ഥാനമാക്കുന്ന ഡിസൈനർക്ക് വാസ്തു അനുസരിച്ചുള്ള കെട്ടിടത്തിന്റെ ഡിസൈൻ ഒട്ടും ബുദ്ധിമുട്ടുള്ള കാര്യമായിരിക്കില്ല.

ഒരു പേപ്പറിൽ മഷി ഉപയോഗിച്ച് അ ക്ഷരങ്ങളും അക്കങ്ങളും ചിത്രങ്ങളും പ്രിന്റ് ചെയ്യുന്നതു പോലെ ത്രിമാന രൂപത്തിലുള്ള വസ്തുക്കൾ ( ക്രിക്കറ്റ് ബാറ്റ്, തോക്ക്, കാർ, കംപ്യൂട്ടർ തുടങ്ങി എന്തുമാകാം! ) പ്രിന്റ് ചെയ്യാൻ 3D പ്രിന്റിങ്ങിനു കഴിയും. മണ്ണോ കോൺക്രീറ്റോ പ്ലാസ്റ്റിക്കോ കൊണ്ട് ഒരു കെട്ടിടം മുഴുവൻ ഒറ്റയടിക്ക് പ്രിന്റെടുക്കാൻ സാധിക്കുന്ന പ്രിന്റർ സംവിധാനം ഇപ്പോൾ ലോകത്തുണ്ട്. ആദ്യമൊക്കെ കെട്ടിടങ്ങളുടെ മാതൃക കാണിക്കാൻ ആർക്കിടെക്ടുമാർ ഇത് ഉപയോഗിക്കും. പിന്നീട് ഭാവനയിലുള്ള കെട്ടിടങ്ങളെ എളുപ്പത്തിൽ നിർമിച്ചെടുക്കാവുന്ന കാലം വരും. നിർമാണം ഒരു വിഷയമല്ലാതാകും. മണ്ണും കോൺക്രീറ്റും പോലെ ഫ്ലെക്സിബിൾ ആയ നിർമാണവസ്തുക്കളും അതിന്റെ സാധ്യതകളുടെ പാരമ്യത്തിലേക്ക് എത്തിക്കാനാകും.

ചുറ്റുമുള്ള എല്ലാ വസ്തുവകകളും ചെറിയൊരു കംപ്യൂട്ടർ ചിപ് വഴി ഇന്റർനെറ്റുമായി ബന്ധിപ്പിച്ച് പരസ്പരം സംവദിക്കുന്ന സാങ്കേതികവിദ്യയാണ് ഇന്റർനെറ്റ് ഒാഫ് തിങ്സ്. ഉദാഹരണത്തിന്, ഫ്രിജിന് സ്വന്തമായി ബുദ്ധിയുണ്ടെങ്കിൽ ഫ്രിജിലെ പാലും മുട്ടയും തീരുമ്പോൾ അത് വീട്ടുടമയെ അറിയിക്കാൻ സാധിക്കും. ഓരോ ഫ്രിജും നമ്മുടെ ക്രെഡിറ്റ് കാർഡുമായി ബന്ധപ്പെടുത്തിയാൽ ആവശ്യാനുസരണം ഫ്രിജ് തന്നെ വീട്ടിലേക്ക് ഒാർഡർ ചെയ്യാനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല. ഫ്രിജിലിരിക്കുന്നവയുടെ കാലാവധി കഴിഞ്ഞാൽ അതെടുത്ത് കളയാൻ പറയാനും ഫ്രിജിന് സാധിക്കും. ഇതേ സംവിധാനം ഉപയോഗിച്ച് വാതിലടക്കാനും ലൈറ്റിടാനും കസേരയുടെ പൊക്കം ആളിന് അനുസരിച്ച് ക്രമീകരിക്കാനും സാധിക്കും. ഭാവിയിൽ കെട്ടിടം മൊത്തത്തിൽ സ്മാർട്ടാകും എന്നതിൽ സംശയം വേണ്ട.

അടുത്ത 10 വർഷത്തോളം പുതിയസാങ്കേതികവിദ്യകൾ ആർക്കിടെക്ടിന്റെ ജോലി എളുപ്പമാക്കുകയാണ് ചെയ്യാൻ പോകുന്നത്. വിരസമായ ജോലികൾ നിർമിത ബുദ്ധി ഏറ്റെടുക്കുന്നു, സൈറ്റിൽ വേണ്ട കാര്യങ്ങൾ യന്ത്രങ്ങൾ തമ്മിൽ സമന്വയിപ്പിക്കുന്നു, കെട്ടിടങ്ങൾ പ്രിന്റ് ചെയ്യുന്നു. കക്ഷിയുടെ ആവശ്യങ്ങൾ ശരിയായി മനസ്സിലാക്കി നല്ലൊരു കെട്ടിടം ഉണ്ടാക്കാൻ അവരെ സഹായിക്കുക മാത്രമാകും ആർക്കിടെക്ടിന്റെ ജോലി. ആളുകളുമായി നന്നായി ഇടപെടാൻ പറ്റുന്നവർക്കു വലിയ സാധ്യതകൾ തുറന്നു കിട്ടും. ദീർഘകാല സാധ്യതകളിലേക്ക് കണ്ണോടിച്ചാൽ ആർക്കിടെക്ചർ രംഗത്തിനും വലിയ മാറ്റങ്ങളോടെ മാത്രമേ നിലനിൽക്കാനാകൂ.

Tags:
  • Vanitha Veedu