Friday 13 March 2020 04:32 PM IST : By സ്വന്തം ലേഖകൻ

എത്ര നേരം വേണമെങ്കിലും കാറ്റു കൊണ്ടിരുന്നോളൂ; മൂന്നിലൊന്ന് വൈദ്യുതി ചെലവിൽ ഒരു കലക്കൻ ഫാൻ

fan

സാധാരണ ഫാനിന്റെ മൂന്നിലൊന്ന് വൈദ്യുതികൊണ്ടു പ്രവർത്തിക്കുന്ന ഫാൻ ആണ് ബിൽഡിസി ഫാൻ. കുറഞ്ഞ വൈദ്യുതി മതിയെന്നു മാത്രമല്ല, സ്മാർട് റിമോർട്, ടൈമർ, സ്ലീപ്പിങ് മോഡ് തുടങ്ങിയ ആധുനിക സൗകര്യങ്ങളെല്ലാമുണ്ട് ബിഎൽഡിസി ഇത്തരം ഫാനിൽ.

ഉള്ളിലുണ്ട് കുഞ്ഞൻ കംപ്യൂട്ടർ

ബുദ്ധിയുള്ള ഫാൻ എന്ന വിശേഷണമാണ് ബിഎൽഡിസിക്ക് ഇണങ്ങുക. മോട്ടറിന് ഉള്ളിലുള്ള ‘കൺട്രോൾ സർക്യൂട്ട് ’ ആണ് ഫാനിന്റെ തലച്ചോർ. ‘അൽഗോരിതം’ ടെക്നോളജി വഴി പ്രവർത്തിക്കുന്ന ഇലക്ട്രോണിക് സർക്യൂട്ടാണ് ഫാനിന്റെ പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നത്.കറങ്ങാൻ സാധാരണ ഫാനിലുള്ള മെറ്റൽ കോയിൽ ബിഎൽഡിസി ഫാനിലില്ല എന്നതാണ് മറ്റൊരു പ്രത്യേകത. ‘പെർമനന്റ് മാഗ്നറ്റ്’ ആണ് ഇതിനുപകരമുള്ളത്. കോയിൽ ചൂടാകുമ്പോഴും മറ്റും ഉണ്ടാകുന്ന ഊർജനഷ്ടം ഒഴിവാക്കാൻ ഇതു സഹായിക്കുന്നു. റെഗുലേറ്ററിലൂടെയല്ലാതെ കൂടുതൽ ഫലപ്രദമായി മോട്ടോറിന്റെ സ്പീഡ് നിയന്ത്രിക്കാനുള്ള അവസരവും ഇതൊരുക്കുന്നു.

28 വാട്ട് വൈദ്യുതി മതി

സാധാരണ ഫാനിലെ ഏറ്റവും ഊർജക്ഷമതയുള്ള മോഡൽ പോലും 70 – 80 വാട്ട് വൈദ്യുതിയിലാണ് കറങ്ങുമ്പോൾ വെറും 28 വാട്ട് വൈദ്യുതി മതി ബിഎൽഡിസി സീലിങ് ഫാൻ ഫുൾ സ്പീഡിൽ കറങ്ങാൻ. സാധാരണ ഫാനിന്റെ മൂന്നിലൊന്ന് വൈദ്യുതിച്ചെലവേ ബിഎൽഡിസിക്ക് വരുന്നുള്ളൂ. ദിവസം ശരാശരി പന്ത്രണ്ട് മണിക്കൂർ പ്രവർത്തിപ്പിക്കുന്ന സാധാരണ ഫാനിനു പകരം ബിഎൽഡിസി ഫാൻ ഉപയോഗിച്ചാൽതന്നെ കറന്റ് ബില്ലിൽ ഒരുവർഷം ഏകദേശം എണ്ണൂറ് രൂപ കുറവുവരും. വോൾട്ടേജ് വ്യതിയാനം സംഭവിച്ചാലും ഒരേ വേഗത്തിൽതന്നെ കറങ്ങുമെന്നതും ബിഎൽ‍ഡിസിയുടെ പ്രത്യേകതയാണ്.

fan-2

വെള്ള, ബ്രൗൺ, ഐവറി തുടങ്ങി ഒൻപതിലധികം നിറങ്ങളിൽ ലഭിക്കും. പ്രമുഖ കമ്പനികൾ അഞ്ച് വർഷം വരെ വാറന്റിയും നൽകുന്നുണ്ട്. ഏകദേശം 3,000 രൂപയാണ് ബിഎൽഡിസി ഫാനിന്റെ വില.

നിയന്ത്രണം റിമോട്ടിലൂടെ

സാധാരണ ഫാനിന്റേതുപോലെയുള്ള റെഗുലേറ്റർ ബിഎൽഡിസി ഫാനിന് ഇല്ല. റിമോട്ട് വഴി വേഗം കൂട്ടുകയും കുറയ്ക്കുകയുമൊക്കെ ചെയ്യാവുന്ന മോഡലുകളാണ് കൂടുതലും. ഫാൻ നിർത്തേണ്ട സമയം ‘ടൈമർ’ ഉപയോഗിച്ച് സെറ്റ് ചെയ്തു വയ്ക്കാനുള്ള സൗകര്യവും ഈ റിമോട്ടിലുണ്ട്. ടൈമറിൽ നാല് മണിക്കൂർ സെറ്റ് ചെയ്തു വച്ചാൽ നാല് മണിക്കൂറിനു ശേ ഷം ഫാൻ തനിയെ ഓഫായിക്കൊള്ളും.

തുടക്കത്തിൽ വേഗത്തിൽ കറങ്ങിയ ശേഷം സാവധാനം വേഗം കുറയുന്ന ‘സ്ലീപ് മോഡ്’ സൗകര്യമാണ് ബിഎൽഡിസി ഫാനിന്റെ മറ്റൊരു പ്രത്യേകത. പുലർച്ചെ തണുപ്പുള്ള കാലാ വസ്ഥയിൽ ഏറെ ഉപകാരപ്രദമാണ് ഈ സംവിധാനം. ഇതുവഴി വൈദ്യുതി ലാഭിക്കാനാകും എന്ന ഗുണവുമുണ്ട്. ആവശ്യമെങ്കിൽ ചില കമ്പനികൾ റെഗുലേറ്റർ ഉള്ള മോഡ‍ൽ ബിഎൽഡിസി ഫാനുകളും നിർമിച്ചു നൽകും.

ഇളംകാറ്റ് വീശുംപോലെ

ഒരേ ദിശയിൽ നിന്ന് ഒരേ ശക്തിയുള്ള കാറ്റ്. അതാണ് സാധാരണ ഫാനുകൾ നൽകുന്നത്.എന്നാൽ, ഇളംകാറ്റ് വീശുന്നതുപോലെ ഇടയ്ക്ക് ഏറിയും കുറഞ്ഞും തിരിഞ്ഞും മറിഞ്ഞുമൊക്കെ കാറ്റ് തരാൻ കഴിയുന്ന ‘ബ്രീസ് ഫങ്ഷൻ’ ആണ് ബിഎൽഡിസി ഫാനുകളുടെ മറ്റൊരു പുതുമ. തുടർച്ചയായി കറങ്ങിയാലും ബിഎൽഡിസി ഫാനിന്റെ മോട്ടോറും ഇതളുകളും ചൂടാകുകയുമില്ല.