Wednesday 26 August 2020 03:07 PM IST : By സ്വന്തം ലേഖകൻ

സ്ക്വയർ ഫീറ്റിന് കൊല്ലുന്ന വിലയിടും, ഈടാക്കുന്നത് 50,000 രൂപ വരെ; ബാംബൂ കർട്ടൻ തട്ടിപ്പിന്റെ കഥയിങ്ങനെ

curtain-main

ബാംബൂ കർട്ടൻ വാങ്ങി പൊല്ലാപ്പിലായവരുടെ കഥകളാണ് സോഷ്യൽ മീഡിയയിൽ നിറയെ. വരാന്തയിൽ ബാംബൂ കർട്ടൻ പിടിപ്പിച്ചതിന് മുപ്പതിനായിരവും അൻപതിനായിരവുമൊക്കെ നൽകേണ്ടി വന്നവരാണ് തട്ടിപ്പിന് ഇരയായവരിൽ കൂടുതലും.

വാനിൽ എത്തുന്ന സംഘം വീടുകൾ തോറും കയറി സ്ക്വയർഫീറ്റ് നിരക്കിൽ കച്ചവടം ഉറപ്പിച്ച ശേഷം കർട്ടൻ പിടിപ്പിക്കുകയാണ് ചെയ്യുന്നത്. അയ്യായിരമോ അങ്ങേയറ്റം പതിനായിരമോ ആയിരിക്കും വീട്ടുകാർ ചെലവ് പ്രതീക്ഷിക്കുക. കർട്ടൻ അളന്ന് കഴിഞ്ഞ് കച്ചവടക്കാർ പറയുന്നതാകട്ടെ മുപ്പതിനായിരവും അൻപതിനായിരവും. പിന്നെ ആകെപ്പാടെ വഴക്കായി ബഹളമായി. ഒടുവിൽ രണ്ടായിരമോ അയ്യായിരമോ കുറച്ച് ഒത്തുതീർപ്പാക്കാം എന്നാകും. കുട്ടിയുടെ മാല പണയം വെച്ച് വരെ പണം നൽകേണ്ടി വന്നവരുടെ കഥകൾ സോഷ്യൽ മീഡിയയിലുണ്ട്.

ബാംബൂവല്ല പിവിസിയാണ് കക്ഷി

ബാംബൂ കർട്ടൻ എന്നാണ് പറയുന്നത് എങ്കിലും പിവിസി കർട്ടനാണ് ഇപ്പോൾ വിൽപ്പനയ്ക്കെത്തുന്നതിൽ കൂടുതലും. കാഴ്ചയിൽ പഴയ മുളത്തട്ടി പോലെ തോന്നുമെന്നതാണ് ഈ പേര് വീഴാൻ കാരണം. വരാന്തയിലും

ബാൽക്കണിയിലും വെയിലടിക്കുന്നതും മഴവെള്ളം വീഴുന്നതും തടയാനാണ് ഇതുപയോഗിക്കുന്നത്. വെള്ളം വീണാൽ പൂപ്പൽ പിടിക്കുമെന്നതാണ് മുളകൊണ്ടുള്ള തട്ടിയുടെ പോരായ്മ. പിവിസിക്ക് ഈ പ്രശ്നമില്ല. ഭാരം കുറവാണുതാനും. ഇരുപതോളം കളർ ഷെയ്ഡുകളിൽ ലഭിക്കുകയും ചെയ്യും. പഴയ രീതിയിൽ

മുളകൊണ്ടുള്ള കർട്ടൻ ഇപ്പോഴും ലഭ്യമാണ്. സ്ക്വയർഫീറ്റിന് 50-60 രൂപയാണ് ഇതിനു വില. ട്രീറ്റ് ചെയ്ത മുളകൊണ്ടുള്ള കർട്ടന് സ്ക്വയർഫീറ്റിന് 150 രൂപയ്ക്കടുത്താണ് വില.

curtain

*വില 70 - 80 രൂപ മാത്രം*

ഗുണനിലവാരമുള്ള പിവിസി കർട്ടന് 70-80 രൂപയാണ് സ്ക്വയർ ഫീറ്റ് നിരക്ക്. ഒരു കർട്ടൻ പിടിപ്പിക്കുന്നതിന് 60 -75 രൂപയേ പണിക്കൂലിയുള്ളൂ. നാല്, അഞ്ച്, ആറ് അടി വീതിയിലാണ് ഇതു ലഭിക്കുക. ഒരു റോളിന് 20 മീറ്റർ വരെ നീളമുണ്ടാകും. സാധാരണഗതിയിൽ വരാന്തയിലേക്ക് എട്ട് അല്ലെങ്കിൽ 10 അടി നീളത്തിലുള്ള കർട്ടനാണ് വേണ്ടിവരിക. 12 അടിയാണ് വീതി എങ്കിൽ നാല് അടിയുടെ മൂന്ന് കർട്ടൻ പിടിപ്പിക്കാം.

കർട്ടൻ ചുരുട്ടി മുകളിലേക്ക് ഉയർത്തുന്ന ചരട്, അതിനെ താങ്ങി നിർത്തുന്ന കൺട്രോൾ യൂണിറ്റ് എന്നിവയെല്ലാം ഉൾപ്പെടെയാണ് സ്ക്വയർഫീറ്റ് നിരക്ക് പറയുന്നത്. പത്ത് അടി പൊക്കവും 12 അടി വീതിയുമുള്ള സ്ഥലത്തേക്ക് 120 സ്ക്വയർഫീറ്റ് കർട്ടനാണ് വേണ്ടി വരിക. 80 രൂപയാണ് സ്ക്വയർഫീറ്റ് നിരക്ക് എങ്കിൽ ഇതിന് 9,600 രൂപയാണ് വില വരിക. നാല് അടിയുടെ മൂന്ന് കർട്ടൻ ആണ് പിടിപ്പിക്കുന്നത് എങ്കിൽ ഒന്നിന് 75 രൂപ നിരക്കിൽ 225 രൂപ പണിക്കൂലിയും വരും. ആകെ 9825 രൂപ ആയിരിക്കും ചെലവ്. കർട്ടനിടും മുൻപ് ഇക്കാര്യങ്ങൾ മനസ്സിൽ കരുതാം. തട്ടിപ്പിൽ വീഴാതിരിക്കാം.

curtain-main

വിവരങ്ങൾക്കു കടപ്പാട്:

എൽബ ട്രേഡേഴ്സ്, കോട്ടയം