Wednesday 19 February 2020 05:59 PM IST : By സ്വന്തം ലേഖകൻ

50 കൊല്ലം കഴിഞ്ഞാലും കേടു കൂടാതെ ഇരിക്കും?; സ്റ്റീലിനെ തോൽപ്പിക്കുന്ന മുളയ്ക്കു പിന്നിൽ ഈ രഹസ്യം

bamboo

ഉറപ്പിന്റെയും ബലത്തിന്റെയും കാര്യത്തിൽ സ്റ്റീലിനോട് കിടപിടിക്കുന്ന നിർമാണവസ്തുവാണ് മുള. എങ്കിലും കെട്ടിട നിർമാണത്തിൽ മുള ഉപയോഗിക്കാൻ നമ്മുക്ക് മടിയാണ്. പുഴുക്കുത്തൽ കാരണം മുളയ്ക്ക് കേടുവരുമോ എന്ന പേടിയാണ് ഇതിന്റെ പ്രധാന കാരണങ്ങളിലൊന്ന്. മൂപ്പെത്തിയ മുള ശരിയായ രീതിയിൽ ട്രീറ്റ് ചെയ്ത ശേഷം ഉപയോഗിച്ചാൽ 50 കൊല്ലത്തിലധികം ഈടുനിൽക്കും എന്നതാണ് വാസ്തവം.

bamboo-2

മുള ട്രീറ്റ് ചെയ്യാൻ പല മാർഗങ്ങളുണ്ട്. ബോറാക്സ് ബോറിക് ആസിഡ് മിശ്രിതത്തിൽ മുക്കിയിട്ടുള്ള കെമിക്കൽ ട്രീറ്റ്മെന്റ് ആണ് ഏറ്റവും എളുപ്പം. പ്രാണികളുടെ ശല്യവും പുഴുക്കുത്തും തടയുമെന്നതാണ് കെമിക്കൽ ട്രീറ്റ്മെന്റ് കൊണ്ടുള്ള പ്രയോജനം. ഇതിനായി നീളത്തിലുള്ള ടാങ്ക് നിർമിച്ച ശേഷം അതിൽ രാസമിശ്രിതം നിറയ്ക്കണം. മുള മുറിച്ച ഉടനെ ആണെങ്കിൽ 48 മണിക്കൂർ മിശ്രിതത്തിൽ മുക്കിയിട്ടാൽ മതിയാകും. കോസ്റ്റ്ഫോർഡ് പോലെയുള്ള സ്ഥാപനങ്ങൾ മുള ട്രീറ്റ് ചെയ്തു നൽകും. 20 അടി നീളമുള്ള മുള ട്രീറ്റ് ചെയ്യാൻ ഏകദേശം 150 രൂപയാണ് ചെലവ്.

bamboo-1

പക്കം നോക്കി വെട്ടിയും ഒഴുക്കുള്ള നദിയിൽ ഇട്ടുമാണ് പണ്ട് മുള ട്രീറ്റ് ചെയ്തിരുന്നത്. കറുത്തവാവിനു ശേഷമുള്ള സമയത്ത് മുള മുറിക്കുകയാണ് പക്കം നോക്കി വെട്ടുക എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. വെട്ടിയ ഉടൻ ഒഴുക്കുള്ള വെള്ളത്തിൽ ഇടുമ്പോൾ മുളയിലെ അന്നജത്തിന്റെ അളവ് കുറയും.