Tuesday 25 May 2021 03:50 PM IST : By സ്വന്തം ലേഖകൻ

ബാത്റൂം പ്ലമിങ്; അബദ്ധം പിണയാതിരിക്കാൻ ഇത് ശ്രദ്ധിക്കുക

bathroom

∙ സാനിറ്ററി ഉൽപന്നങ്ങൾ തിരഞ്ഞെടുക്കുമ്പോൾ ജലം കുറച്ച് ചെലവാകുന്നതും കുറച്ചു സ്ഥലവും കുറച്ചു പരിപാലനവും വേണ്ടി വരുന്നവയും തിരഞ്ഞെടുക്കണം.

∙ ഡ്രൈ ഏരിയ, വെറ്റ് ഏരിയ വേർതിരിക്കാൻ ഷവർ കർട്ടൻ നൽകുന്നത് ചെലവു കുറയ്ക്കുമെങ്കിലും വൃത്തിയാക്കാൻ പ്രയാസമാണ്. ഗ്ലാസ് പാർട്ടീഷൻ നൽകുന്നതാണ് നല്ലത്.

∙ പ്രഷർ പമ്പ് സ്ഥാപിക്കുന്നുണ്ടെങ്കിൽ പ്ലമിങ് വർക് തുടങ്ങുന്നതിനു മുൻപു തന്നെ തീരുമാനിച്ചാൽ മാത്രമേ അതിനു ശേഷിയുള്ള പൈപ്പുകളും ജോയിന്റുകളും തിരഞ്ഞെടുക്കാൻ സാധിക്കുകയുള്ളൂ.

∙ ബാത്റൂമിന്റെ ഫ്ലോർ സ്ലാബ് ഒരടിയെങ്കിലും താഴ്ത്തിയിടണം. എങ്കിൽ മാത്രമേ ശരിയായ രീതിയിൽ പ്ലമിങ് വർക്കുകൾ ചെയ്യാൻ സാധിക്കൂ. അല്ലെങ്കിൽ ബാത്റൂമിന്റെ ഫ്ലോർ ലെവൽ മറ്റു മുറികളുടെ ലെവലിനേക്കാൾ ഉയർന്നു കിടന്ന് വെള്ളം പുറത്തേക്കൊഴുകും. താഴ്ത്തിയിട്ട ഭാഗത്തിന്റെ നാലുവശവും കോൺക്രീറ്റ് തന്നെ ചെയ്യണം. അല്ലാതെ ഭിത്തി കെട്ടിയാൽ മറ്റുള്ള മുറികളിലേക്ക് നനവു വരാൻ സാധ്യതയുണ്ട്. അത് ഒഴിവാക്കാൻ ഈ ഭാഗത്ത് വാട്ടർപ്രൂഫിങ് നിർബന്ധമായും ചെയ്യണം.

∙ താഴ്ത്തിയിട്ട ഭാഗത്ത് പ്ലമിങ് പൈപ്പുകൾ അരയിഞ്ച് ഉയർത്തിവേണം സ്ഥാപിക്കാൻ. എങ്കിൽ മാത്രമേ പൈപ്പിനടിയിലും നല്ല രീതിയിൽ വാട്ടർ പ്രൂഫിങ് നടത്താൻ സാധിക്കൂ. താഴ്ത്തിയിട്ട ഭാഗത്തു നിന്നും ഒരു ചെറിയ പൈപ്പ് ഭിത്തിയുടെ പുറത്തേക്ക് ആറിഞ്ച് നീളത്തിൽ തള്ളിയിട്ടാൽ നന്നായിരിക്കും. എന്തെങ്കിലും കാരണവശാൽ ബാത്റൂമിൽ ഉപയോഗിക്കുന്ന വെള്ളം ഊർന്നിറങ്ങിയാൽ ഈ പൈപ്പ് വഴി പുറത്തേക്ക് പോകും. പ്ലമിങ് ജോലികൾ കഴിഞ്ഞതിനു ശേഷമാണ് വാട്ടർപ്രൂഫിങ് ചെയ്യേണ്ടത്.

∙ ബാത്റൂമിന്റെ ഫ്ലോർ താഴ്ത്തിയിടുന്നതു മൂലം ട്രാപ്പ് ഘടിപ്പിക്കാനും ക്ലോസറ്റിന്റെ കുഴലുകൾ പുറത്തേക്കു കൊണ്ടു പോകുന്നതിനും സൗകര്യപ്പെടുന്നു. ട്രാപ്പ് എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് വാട്ടർ സീൽ ആണ്. ‘എസ്’ ആകൃതിയിലുള്ള പൈപ്പില്‍ എപ്പോഴും ‘യു’ ഷെയ്പ്പിൽ വെള്ളം നിറഞ്ഞിരിക്കും. അതുകൊണ്ട് ഒരു തരത്തിലുള്ള ഗന്ധവും അങ്ങോട്ടും ഇങ്ങോട്ടും കടത്തിവിടില്ല. ക്ലോസറ്റിന് ഈ വിധത്തിലുള്ള ട്രാപ്പ് ഇൻബിൽറ്റ് ആണ്. എന്നാൽ ബാത്റൂമിൽ നിന്ന് പുറത്തേക്കു പോകുന്ന വെള്ളത്തിനും വാഷ്ബേസിനും ട്രാപ്പ് നിർബന്ധമായി വയ്ക്കണം. ഇല്ലെങ്കിൽ ദുർഗന്ധമുണ്ടാകും.

∙ അമിതമായി ജലം ഉപയോഗിക്കുന്ന ഉപകരണങ്ങൾ ഒഴിവാക്കുന്ന വിധത്തിൽ പ്ലമിങ് ലേഔട്ട് ചെയ്യുക.

∙ വാട്ടർ അതോറിറ്റിയുടെ പ്രധാന കുഴലിൽ നിന്ന് വീട്ടിലെ മീറ്റർ വരെ ഇരുമ്പ് പൈപ്പിടണമെന്ന് നിർബന്ധമാണ്. എന്നാൽ വീടിനകത്ത് ഏതു പൈപ്പുമാകാം. കൂടുതലും പിവിസി പൈപ്പ് ആണ് ഉപയോഗിക്കുന്നത്. ഐഎസ്െഎ മുദ്രയുള്ള നല്ല പൈപ്പ് തന്നെ വേണം. മുക്കാൽ ഇഞ്ച്, ഒരിഞ്ച് വ്യാസത്തിലുള്ള പൈപ്പുകളാണ് കൂടുതലായി ഉപയോഗിക്കുന്നത്.

∙ ഡ്രെയിനേജ് കൃത്യമായും ഭംഗിയായും നടക്കുന്ന വിധം നാലിഞ്ച് പൈപ്പ് ഇടണം. എല്ലാ ഡ്രെയിനേജ് പൈപ്പുകളും ഇതുവഴി സോക്പിറ്റിലേക്കു ബന്ധിപ്പിക്കണം.

∙ മുകൾനിലയിലെ ബാത്റൂമിനായി താഴ്ത്തി കോളം വാർത്ത ഭാഗത്ത് നിലത്തു കൂടിയുള്ള പ്ലമിങ് ജോലികൾ ചെയ്യും മുൻപ് വൃത്തിയാക്കി സിമന്റ് പ്ലാസ്റ്റർ ചെയ്ത് സിമന്റ് ചാന്ത് വയ്ക്കുന്നത് നന്നായിരിക്കും. കോൺക്രീറ്റ് വാട്ടർ ടാങ്കുകളുടെ ഉൾവശം മിനുക്കുന്ന രീതിയിലും നിലവാരത്തിലും വേണം ഇതു ചെയ്യാൻ. അല്ലാത്തപക്ഷം ഫില്ലിങ്ങിലെ ചെറിയ വിടവുകളിലൂടെയും ടൈൽ ജോയിന്റുകളിലൂടെയും അകത്തേക്കു കിനിഞ്ഞിറങ്ങുന്ന വെള്ളം കെട്ടിക്കിടന്ന് വാർക്കയിലെ സുഷിരങ്ങൾ വഴി താഴേക്കോ വശങ്ങളിലേക്കോ നനവു പടർത്താൻ സാധ്യതയുണ്ട്. പലപ്പോഴും പൈപ്പ് ലൈനിലെ ചോർച്ചയായാണ് ഇത്തരം പ്രശ്നങ്ങൾ കരുതുക.

Tags:
  • Vanitha Veedu