Saturday 12 June 2021 02:11 PM IST : By സ്വന്തം ലേഖകൻ

ഈ വീട് കണ്ടവർ പറയുന്നു, പുതിയ വീട് വേണ്ട, പഴയ വീട് ഇതുപോലെ പുതുക്കിയാൽ മതി

renovation 1

വലിയ മുറികൾ. സ്ഥലക്കുറവിന്റെ പ്രശ്നങ്ങൾ. കാറ്റും വെളിച്ചവും കടക്കാത്തതിന്റെ പ്രയാസം... ഇതൊക്കെയായിരുന്നു തൃശൂർ വിയ്യൂരിലെ 40 വർഷം പഴക്കമുള്ള വീടിന്റെ പോരായ്മകൾ. മൂന്ന് കിടപ്പുമുറികൾ ഉണ്ടായിരുന്നെങ്കിലും സൗകര്യങ്ങൾ കുറവായിരുന്നു. മുൻപ് പല തവണയായി ചെറിയ ചെറിയ കൂട്ടിച്ചേർക്കലുകൾ നടത്തിയതിനാൽ ആകപ്പാടെ ‘കൂടിക്കുഴഞ്ഞ’ രീതിയിലായിരുന്നു വീട്. തടി മച്ച് മുതൽ കോൺക്രീറ്റ് മേൽക്കൂര വരെയും സിമന്റ് തറ മുതൽ ടൈൽ ഫ്ലോറിങ് വരെയും നീളുന്നതായിരുന്നു കാഴ്ചകൾ. 

renovation 4

ഇടക്കാലത്ത് കൂട്ടിച്ചേർത്തതായിരുന്നു വീടിനു മുന്നിലുള്ള കാർപോർച്ച്. ഇതിന്റെ തൂണുകളിൽ ഗ്രേ ഓക്സൈഡ് പൂശി. പിന്നിലായി നീളത്തിൽ ഇൻബിൽറ്റ് ഇരിപ്പിടം ഒരുക്കി. പോർച്ചിന്റെയും സിറ്റ്ഔട്ടിന്റെയും തറയിൽ ചാരനിറത്തിലുള്ള ടൈൽ ഒട്ടിച്ചു. ശ്രദ്ധ പതിയുന്ന ഭാഗത്തെ ചുമരും പുതുക്കി. ഇവിടെയുണ്ടായിരുന്ന ജനൽ മാറ്റി. വയർകട്ട് ഇഷ്ടികകൊണ്ട് ‘എക്സ്പോസ്ഡ്’ രീതിയിലാണ് പുതിയ ചുമര്. മേൽക്കൂരയിൽ ട്രസ്സ് പിടിപ്പിച്ച് ഓടു മേഞ്ഞു.

renovation 2

 ആർച്ച് വാതിൽ മാറ്റി. പകരം ചതുരാകൃതിയിൽ വലിയ ഓപനിങ് നൽകി. ചുമരിലെ ഷെൽഫ് ഒഴിവാക്കി. കടുംനീല, മഞ്ഞ നിറങ്ങളിലുള്ള പെയിന്റ് മാറ്റി ഇളംനിറത്തിലുള്ളത് നൽകി. പഴയ ടൈൽ മാറ്റി പുതിയത് വിരിച്ചു. തറനിരപ്പിൽ നിന്ന് തുടങ്ങുന്ന വലിയ ജനൽ പുതിയതായി നൽകി. കാറ്റും വെളിച്ചവും എത്തുന്നില്ല എന്ന പ്രശ്നത്തിന് ഇതോടെ പരിഹാരമായി. വയറിങ് മാറ്റിയതിനൊപ്പം ലൈറ്റുകളും പുതുക്കി. പഴയ ഫർണിച്ചറിന് രൂപമാറ്റം വരുത്തുകയും ഇൻഡോർ പ്ലാന്റ്സിന് ഇടംകിട്ടുകയും കൂടി ചെയ്തതോടെ ലിവിങ്ങിന്റെ പ്രൗഢി കൂടി.

renovation 6

കസേര ശരിക്കൊന്നു വലിച്ചിടാൻ പോലും സ്ഥലമില്ല എന്നതായിരുന്നു പഴയ ഡൈനിങ് സ്പേസിന്റെ പോരായ്മ. ഇരുവശങ്ങളിലെയും ചുമര് ഒഴിവാക്കിയതോടെ ഇതിനു പരിഹാരമായി. മുൻപ് ഡൈനിങ്ങിന് ഇരുവശവും ചെറിയ ഇടനാഴികളാണ് ഉണ്ടായിരുന്നത്. ചുമര് ഒഴിവായതോടെ ഇവിടം ഡൈനിങ്ങിന്റെ ഭാഗമായി. വഴി അടഞ്ഞുമില്ല. ചുമരിനോടു ചേർന്ന് നീളത്തിലുള്ള അലങ്കാരമത്സ്യക്കുളവും പുതിയതായി നൽകി. കേടുവന്ന തടികൾ മാറ്റി മച്ചും പുതുക്കി. തറയിലെ പഴയ ടൈലും മാറ്റി. കോറിഡോറിനോടു ചേർന്നുള്ള പുറംചുമരിൽ വലിയ ജനാലകൾ കൂടി നൽകിയതോടെ ഡൈനിങ് തിരിച്ചറിയാനാവാത്ത വിധം മാറി. സ്ഥലസൗകര്യം, വെളിച്ചം, ഭംഗി എന്നിവയെല്ലാം ആവശ്യത്തിനായി.

renovation 3

നീളത്തിലുള്ള അടുക്കളയും അപ്പാടെ മാറി. പഴയ പാതകവും ഷെൽഫുകളുമെല്ലാം പൊളിച്ചുകളഞ്ഞാണ് മോഡുലാർ അടുക്കള ഒരുക്കിയത്. തടികൊണ്ടുള്ളതാണ് പുതിയ കാബിനറ്റുകൾ എല്ലാം. ക്വാർട്സ് ഉപയോഗിച്ചു കൗണ്ടർടോപ്പ് നിർമിച്ചു. ‘U’ ആകൃതിയിലുള്ള അടുക്കളയുടെ നടുവിലുണ്ടായിരുന്ന ജനൽ മാറ്റി പകരം തറനിരപ്പ് തൊട്ടുതന്നെ വരുന്ന വലിയ ജനൽ നൽകി. ഇവിടെ കാബിനറ്റ് ഒഴിവാക്കിയതിനാൽ അടുക്കളയിലെ തിക്കും തിരക്കും ഒഴിവായി. ആവശ്യത്തിനു വെളിച്ചം എത്തുകയും ചെയ്യും. ഇരുണ്ട നിറത്തിലുള്ള ടൈൽ ആയിരുന്നു മുൻപുണ്ടായിരുന്നത്. ഇതിനു പകരം ഇളംനിറത്തിലുള്ള മാറ്റ് ഫിനിഷ് ടൈൽ നൽകി. കാബിനറ്റിനോട് ചേർന്നുളള ഓക്സൈഡ് പൂശിയ ഇൻബിൽറ്റ് തട്ട് ആണ് പുതിയ അടുക്കളയിലെ കൗതുകക്കാഴ്ച. ഇവിടെയാണ് ഭരണികൾ സൂക്ഷിച്ചിരിക്കുന്നത്.

renovation 5

ഡിസൈൻ: അവിനാഷ് ജോഷി, ജോഷി ജോസ്, സ്റ്റഫി തോമസ്

സ്റ്റുഡിയോ നിർവാണ, കാക്കനാട്, കൊച്ചി

studionirvana@hotmail.com