Tuesday 01 June 2021 12:42 PM IST

ഹാങ്ങിങ് ലൈറ്റ്, ഗ്ലാസ് കണ്ടെയ്നറുകൾ, പ്ലാൻററുകൾ... കുപ്പി കൊണ്ട് ഈ ചെറുപ്പക്കാരൻ തീർക്കുന്ന അദ്ഭുതങ്ങൾ കണ്ടോ?

Sunitha Nair

Sr. Subeditor, Vanitha veedu

deepak 2

കഴിഞ്ഞ ലോക് ഡൗണിലാണ് മഞ്ചേരിക്കാരൻ പി.കെ. ദീപക് മിക്കവരെയും പോലെ ബോട്ടിൽ ആർട്ടിൽ കൈ വയ്ക്കുന്നത്.  ആർട്ടിസ്റ്റ് ആയ ദീപക്കിന് പക്ഷേ, കുറച്ചു കഴിഞ്ഞപ്പോൾ വേറിട്ട ചില ഐഡിയകൾ മിന്നി. ബോട്ടിൽ ആർട്ടിനു വേണ്ടി പഴയ കുപ്പികൾ ശേഖരിക്കുന്നുണ്ടായിരുന്നു ദീപക്കും സുഹൃത്തുക്കളും. അവ കൊണ്ട് ലൈറ്റ് ഉണ്ടാക്കിയാലോ എന്ന ആലോചനയാണ് ആദ്യം ഉദിച്ചത്. അങ്ങനെ കുപ്പി മുറിച്ച് ഹാങ്ങിങ് ലൈറ്റുകളുണ്ടാക്കി.

deepak 4

ഓൺലൈനിൽ തിരഞ്ഞ് ഇത്തരം മാതൃകകൾ കണ്ടു മനസ്സിലാക്കിയാണ് ചെയ്തത്. കുപ്പിയും തടിയും ചേർന്നുള്ള കോംബിനേഷനും ലഭ്യം. ഇവ വിജയം കണ്ടപ്പോഴാണ് തടി അടപ്പുള്ള ഭംഗിയുള്ള ജാറുകളുടെ നിർമാണത്തിലേക്ക് ചുവടു വയ്ക്കുന്നത്. അതിനും ജനപ്രീതി ലഭിച്ചതിന്റെ സന്തോഷത്തിലാണ് ദീപക്. ഭംഗിയുള്ള ചില്ലു കുപ്പികളിൽ പാചകക്കൂട്ടുകൾ നിരനിരയായി അടുക്കി വയ്ക്കുന്നത് ആധുനിക അടുക്കളകളിൽ ട്രെൻഡ് ആണ്. ഭംഗിക്കു വേണ്ടി മാത്രമല്ല ഇത്. ആരോഗ്യത്തിനു ഹാനികരമായ പ്ലാസ്റ്റിക്കിനെ പടിക്കു പുറത്തു നിർത്താനുള്ള മാർഗം കൂടിയാണ്. 

deepak 3

ഇന്റീരിയറിന് അഴക് കൂട്ടാനും ഗ്ലാസ് കണ്ടെയ്നറുകളും ബോട്ടിലുകളും ഉപയോഗിക്കാം. പ്ലാന്ററുകളായും ഇവ അകത്തളത്തിന് മാറ്റുകൂട്ടും.പഴയ കുപ്പികൾ പുനരുപയോഗം ചെയ്യുന്നതിലൂടെ പ്രകൃതിയോടുള്ള കരുതലിൽ ഭാഗമാകുന്നതിന്റെ ചാരിതാർഥ്യവുമുണ്ട് ദീപക്കിന്. ആവശ്യാനുസരണം തടി അടപ്പുള്ള ജാറുകളും ലൈറ്റുകളും നിർമിച്ച് നൽകുന്നതാണ്. പഴയ തടിയാണ് ഇതിനു വേണ്ടി ഉപയോഗിക്കുന്നത്. തിരുവനന്തപുരത്ത് വോൾ പെയിന്റിങ് ആർട്ടിസ്റ്റ് ആയി ജോലി നോക്കുകയാണ് ഇദ്ദേഹം.

deepak 1

പി.കെ. ദീപക്

ഫോൺ: 79943 09481

Tags:
  • Vanitha Veedu