Wednesday 02 December 2020 12:46 PM IST : By സ്വന്തം ലേഖകൻ

തടി, ലോഹപ്പാളികൾ, ഗ്രാനൈറ്റ്... ഇവയിൽ എത്ര സങ്കീർണമായ ഡിസൈനും സൃഷ്ടിക്കാനുള്ള എളുപ്പവഴി, സിഎൻസി കട്ടിങ്ങിനെക്കുറിച്ച് അറിയേണ്ടതെല്ലാം

cnc

മനസ്സിൽ അല്ലെങ്കിൽ കംപ്യൂട്ടറിൽ കാണുന്ന ഡിസൈൻ അതേപടി പകർത്താനുള്ള മാർഗമാണ് ‘സിഎൻസി’ കട്ടിങ്. ഇതില്ലാത്ത ഇന്റീരിയർ ഇല്ല എന്നതാണ് ഇപ്പോഴത്തെ സ്ഥിതി. ഗെയ്റ്റ്, പാർട്ടീഷൻ, സീലിങ്... എവിടെയെങ്കിലും കാണും സിഎൻസിയുടെ ചിരിക്കുന്ന മുഖം. ‘കംപ്യൂട്ടർ ന്യൂമറിക്കൽ കൺട്രോൺ’ എന്നതാണ് സിഎൻസിയുടെ പൂർണരൂപം. കംപ്യൂട്ടർ നിയന്ത്രിക സംവിധാനത്തിലൂടെയാണ് കട്ടിങ് മെഷീൻ പ്രവർത്തിക്കുന്നത് എന്നതിനാൽ എത്ര സങ്കീർണമായ ഡിസൈനും അണുവിട വ്യത്യാസം കൂടാതെ സൃഷ്ടിച്ചെടുക്കാം. വളരെക്കുറച്ചു സമയം മതി എന്നതാണ് മറ്റൊരു സവിശേഷത.

cnc3

ആവശ്യമായ ഡിസൈനിന്റെ 2 ഡി രൂപം ‘കാഡ്’ (കംപ്യൂട്ടർ എയ്ഡഡ് ഡിസൈൻ) സോഫ്ട്‌വെയറിന്റെ സഹായത്താൽ തയാറാക്കുകയാണ് ആദ്യപടി. കട്ടിങ്, കാർവിങ് എന്നിങ്ങനെ രണ്ടുരീതിയിൽ ഡിസൈൻ നൽകാൻ കഴിയും. പ്രതലം മുറിച്ചു മാറ്റി ഡിസൈൻ നൽകുന്നതാണ് കട്ടിങ്. കടഞ്ഞെടുക്കുന്നതിനു സമമാണ് കാർവിങ്. റൗട്ടർ, ലേസർ, വാട്ടർജെറ്റ് എന്നിങ്ങനെ മൂന്നുതരം മെഷീൻ ഉപയോഗിച്ച് സിഎൻസി കട്ടിങ് സാധ്യമാകും. തടി, എംഡിഎഫ് തുടങ്ങിയവയിൽ ഡിസൈൻ നൽകാനാണ് റൗട്ടർ മെഷീൻ ഉപയോഗിക്കുന്നത്. ലോഹപ്പാളികളിൽ ഡിസൈൻ നൽകാൻ ലേസർ മെഷീൻ ഉപയോഗിക്കും. ഗ്രാനൈറ്റ് പോലെയുള്ളവയ്ക്ക് വാട്ടർജെറ്റ് മെഷീൻ ആണ് അഭികാമ്യം. ഒരു എംഎം മുതൽ നാലിഞ്ച് വരെ കനമുള്ള പ്രതലത്തിൽ ഡിസൈൻ നൽകാം.

cnc1

8 4 അടി മുതൽ 12 8 അടി വരെ വലുപ്പമുള്ള ഷീറ്റുകളിൽ ഒറ്റയ‍ടിക്ക് ഡിസൈൻ നൽകാൻ കഴിയുന്ന മെഷീൻ കേരളത്തിലുണ്ട്. മുറികളെ വേർതിരിക്കുന്ന പാർട്ടീഷൻ, സ്റ്റെയർകെയ്സിന്റെ കൈവരി, ഫോൾസ് സീലിങ്, ഗെയ്റ്റ് എന്നിവിടങ്ങളൊക്കെ ആകർഷകമാക്കാനാണ് സിഎൻസി കട്ടിങ് പ്രയോജനപ്പെടുത്തുന്നത്. മെറ്റീരിയലിന്റെ കനവും ഡിസൈനും അനുസരിച്ച് ചതുരശ്രയടിക്ക് 50 രൂപ മുതൽ 2,000 രൂപ വരെയാണ് ഇതിനുള്ള ചെലവ്.

cnc2
Tags:
  • Vanitha Veedu