Tuesday 20 April 2021 04:01 PM IST : By സ്വന്തം ലേഖകൻ

പാത്രങ്ങൾ ഇനി മെഷീൻ കഴുകും, ഉപകരണങ്ങൾ ഭരിക്കുന്ന മോഡേൺ അടുക്കളയിലെ ഇപ്പോഴത്തെ സൂപ്പർ താരമാണ് ഡിഷ്‌വാഷർ മെഷീൻ

dish 1

ലോക്ഡൗണിൽ ലോകമാകെ മാറിപ്പോയി. അടുക്കള ജോലികൾ സഹായികളെ ഏൽപ്പിച്ച് ജോലിക്കു പോയിരുന്നവരാണ് ലോക്ഡൗണിൽ ആകെ വലഞ്ഞത്. ദൈനംദിന ജീവിതത്തിന്റെ ഭാഗമല്ലാതിരുന്നതിനാൽ പാത്രം കഴുകൽ വലിയൊരു ഭാരമായി അനുഭവപ്പെട്ടു. അതുകൊണ്ടുതന്നെ ലോക്ഡൗൺ കഴിഞ്ഞതോടെ ഏറ്റവും ഡിമാൻഡ് ഉണ്ടായ ഗൃഹോപകരണം ഡിഷ്‌വാഷർ മെഷീൻ ആയി. വിപണിയിൽ എത്തുന്ന ഡിഷ്‌വാഷർ മെഷീനുകൾ ചൂടപ്പം പോലെ വിറ്റുപോവുകയാണ്.വാഷിങ് മെഷീനോട് വളരെ സാദൃശ്യമുള്ള ഉപകരണമാണ് ഡിഷ്‌വാഷർ. ഫുള്ളി ഓട്ടമാറ്റിക്, സെമി ഓട്ടമാറ്റിക് എന്നിങ്ങനെ രണ്ട് തരത്തിലുണ്ട്. ഫുള്ളി ഓട്ടമാറ്റിക് മെഷീൻ ആണ് മിക്കവരും തിരഞ്ഞെടുക്കുന്നത്. പാതകത്തിന്റെ അടിയിൽ വയ്ക്കാവുന്ന തരമാണ് ഏറ്റവും സാധാരണം. ടേബിൾ ടോപ്, പോർട്ടബിൾ മെഷീനുകളും ലഭിക്കും. അടുത്ത കാലം വരെ ഹോട്ടലുകാർ മാത്രമായിരുന്നു ഈ മെഷീൻ വാങ്ങിയിരുന്നത്. അതിനാൽ ഗൃഹോപകരണ വിപണിയിൽ ഉള്ളതിനേക്കാൾ മോഡലുകൾ ഓൺലൈൻ വ്യാപാര സൈറ്റുകളിൽ കാണാം.

dish 2

അടിസ്ഥാന മോഡലുകളിൽ എല്ലാ തരം പാത്രങ്ങളും കഴുകാൻ സാധിക്കില്ല. എന്നാൽ പുതുതായി ഇറങ്ങുന്ന, പൂർണമായും ഓട്ടമാറ്റിക് ആയ ഡിഷ്‌വാഷർ മെഷീനുകളിൽ എല്ലാവിധ പാത്രങ്ങളും കഴുകാം. ഡിഷ്‌വാഷറിൽ ഉപയോഗിക്കാം എന്ന് രേഖപ്പെടുത്തിയ പ്ലാസ്റ്റിക്, ഗ്ലാസ്, സെറാമിക് പാത്രങ്ങളും ലോഹപാത്രങ്ങളും കുക്കറും ഡിഷ്‌വാഷറിൽ വൃത്തിയാക്കിയെടുക്കാം. ഇന്ത്യൻ പാചകരീതിയിൽ ഉപയോഗിക്കുന്ന മെഴുക്കും മസാലകളുമൊക്കെ കളയാനുള്ള സംവിധാനങ്ങൾ ഇത്തരം മെഷീനുകളിൽ ഉണ്ട്. എത്രയിനം പാത്രങ്ങൾ ഒരേ സമയം വയ്ക്കാനുള്ള സൗകര്യമുണ്ട് എന്നതനുസരിച്ചാണ് (പ്ലേസ്) ഡിഷ്‌വാഷർ മെഷീനിന്റെ അളവ് കണക്കാക്കുന്നത്. 8 പ്ലേസ്, 12 പ്ലേസ്, 15 പ്ലേസ് എന്നിങ്ങനെ പോകുന്നു ഈ അളവുകൾ. പ്ലേറ്റുകളും സ്പൂണുകളും ഗ്ലാസുകളുമൊക്കെ വയ്ക്കാൻ പ്രത്യേകം സ്റ്റാൻഡുകൾ ഉണ്ട്. ഓരോ സ്റ്റാൻഡും പുറത്തെടുക്കാം, ആവശ്യാനുസരണം ക്രമീകരിക്കാം. വാഷിങ് മെഷീനിലേതു പോലെ പാത്രങ്ങളുടെ എണ്ണം അനുസരിച്ച് ലോഡ് ക്രമീകരിക്കാനും സൗകര്യമുണ്ട്.

dish 3

ചില മെഷീനുകളിൽ ഒന്നിൽ കൂടുതൽ ഡ്രോകൾ ഉണ്ട്. പാത്രങ്ങളുടെ എണ്ണവും വലുപ്പവും അനുസരിച്ച് അനുയോജ്യമായത് തിരഞ്ഞെടുക്കാം. ഒന്നര മണിക്കൂർ ആണ് ഡിഷ്‌വാഷർ ഒരു തവണ പ്രവർത്തിക്കാൻ എടുക്കുന്ന സമയം. ഓൺ ചെയ്തിട്ടു മറ്റു ജോലികളിൽ ഏർപ്പെടുകയോ രാത്രി ഉറങ്ങുകയോ ആകാം. പൂർണമായും ഓട്ടമാറ്റിക് ആയ മെഷീനുകളിൽ വെള്ളം ജെറ്റ് സ്പീഡിൽ തെറിപ്പിച്ചും നീരാവി ഉപയോഗിച്ചും പാത്രം വൃത്തിയാക്കുന്നതിനാൽ പാത്രങ്ങളിലെ അണുനശീകരണവും നടക്കും. മിക്ക മോഡലുകളിലും വെള്ളം താഴെ നിന്നായിരിക്കും സ്പ്രേ ചെയ്യുന്നത് . ചില മോഡലുകളിൽ മുകളിൽ നിന്നും താഴെ നിന്നും വെള്ളം സ്പ്രേ ചെയ്ത് പാത്രങ്ങൾ വൃത്തിയാക്കും. മെഷീൻ തന്നെ പാത്രങ്ങൾ ഉണക്കിത്തരികയും ചെയ്യും. സ്മാർട് ഫോൺ ഉപയോഗിച്ച് നിയന്ത്രിക്കാവുന്ന മോഡലുകൾ വരെ വിപണിയിൽ ഉണ്ട്. ഡിഷ്‌വാഷർ മെഷീനിൽ വെള്ളത്തിന്റെ ഇൻലെറ്റും ഔട്ട്‌ലെറ്റും താഴെയാണ്.

ഓരോ കമ്പനിയുടെ ഡിഷ്‌വാഷർ മെഷീനും ഓരോ മോഡലുകളും ഉപയോഗിക്കുന്ന വെള്ളത്തിന്റെ അളവിൽ വ്യത്യാസമുണ്ട്. സാധാരണ ഒരു വീട്ടിൽ 12 പാത്രം കഴുകാൻ 60 ലീറ്റർ വരെ വെള്ളം ഉപയോഗിക്കുമ്പാൾ 12 ലീറ്റർ മതി ഡിഷ്‌വാഷർ മെഷീന്. ഫ്രണ്ട് ലോഡിങ് വാഷിങ് മെഷീനിന്റേതിനു സമാനമാണ് ഡിഷ്‌വാഷർ മെഷീനിന്റെ ഘടന. 80 സെമീ ഉയരവും 60 സെമീ വീതിയും 60 സെമീ ആഴവും ആണ് സ്റ്റാൻഡേർഡ് വലുപ്പം. മിക്ക മോഡലുകളിലും ഡിജിറ്റൽ ബട്ടൺ പാഡ് ആണ്. അകത്ത് പാത്രങ്ങൾ വയ്ക്കാൻ മെറ്റൽ വയർബാസ്കറ്റുകളാണ്. സ്പൂണുകളും ഗ്ലാസും വയ്ക്കാനുള്ള സ്റ്റാൻഡ് മാത്രം ഫൈബറായിരിക്കും. 20,000 മുതൽ 60,000 രൂപ വരെ വിലയുണ്ട് ഡിഷ്‌വാഷർ മെഷീന്. ചില മോഡലുകൾക്ക് 10 വർഷം വരെ മോട്ടറിന് വാറന്റി ലഭിക്കും. കമ്പനിക്കാർ മെഷീൻ വീട്ടിൽ കൊണ്ടുവന്ന് ഘടിപ്പിച്ച്, പ്രവർത്തനങ്ങൾ വിവരിച്ചു തരും. n

കടപ്പാട്: അജ്മൽ ബിസ്മി,

പാലാരിവട്ടം & കോട്ടയം

റിലയൻസ് ഡിജിറ്റൽ, കോട്ടയം

Tags:
  • Vanitha Veedu