Tuesday 22 September 2020 05:19 PM IST : By സ്വന്തം ലേഖകൻ

അഞ്ച് മിനിറ്റ് തികച്ചു വേണ്ട വാട്ടർ ടാങ്ക് വൃത്തിയാക്കാൻ; അറിയാം ഈസി ക്ലീൻ മോഡൽ വാട്ടർ ടാങ്കിന്റെ വിശേഷങ്ങൾ...

sinu

മെനക്കേടു പിടിച്ച പണിയാണ് വാട്ടർ ടാങ്ക് വൃത്തിയാക്കൽ. രണ്ടും മൂന്നും വർഷം കൂടുമ്പോഴായിരിക്കും പലരും ഇതിനിറങ്ങിപ്പുറപ്പെടുക. അതുകൊണ്ടെന്താ, വാട്ടർ ടാങ്കിൽ അടിഞ്ഞുകൂടിയിരിക്കുന്ന ചെളി ദാ ഇത്രയും വരും... അര ബക്കറ്റിൽ കൂടുതൽ! വീട്ടുകാരെ മുഴുവൻ രോഗികളാക്കാൻ അതുമതി.  അധികം സമയം പാഴാക്കാതെ വളരെ എളുപ്പം വൃത്തിയാക്കാവുന്ന തരം ‘ഈസി ക്ലീൻ  ടാങ്ക്’ ഉപയോഗിക്കുകയാണ് ഇതിനൊരു പോംവഴി. അടിഭാഗത്ത് ഒത്ത നടുവിലായുള്ള ‘ഡ്രെയിൻ വാൽവ്’ സംവിധാനമാണ് ഇതിന്റെ പ്രത്യേകത. വാൽവ് തുറന്ന ശേഷം വെള്ളം ഒഴിച്ചു കഴുകിയാൽ സകല അഴുക്കും ചെളിയും നിമിഷ നേരം കൊണ്ട് പുറത്തെത്തും. കുട്ടികളെ പൊക്കി ടാങ്കിനുള്ളിലിറക്കുകയും തുണികൊണ്ട് അഴുക്കും ചെളിയും ഒപ്പിയെടുക്കുകയും ചെയ്യുന്നതു പോലെയുള്ള പരിപാടികളൊന്നും ആവശ്യമില്ല. സ്റ്റെയിൻലെസ് സ്റ്റീൽ, എച്ച്ഡിപിഇ, എൽഎൽഡിപിഇ മെറ്റീരിയലുകളിലൊക്കെ ഈസി ക്ലീൻ മോഡലുകൾ ലഭ്യമാണ്.  വീടിനു മുകളിൽ കയറുക പോലും ചെയ്യാതെ ടാങ്ക് വൃത്തിയാക്കാനും വഴിയുണ്ട്. താഴെ നിന്നു പ്രവർത്തിപ്പിക്കാവുന്ന രീതിയിൽ ഡ്രെയിൻ വാൽവുമായി ബന്ധിപ്പിച്ച് ലിവർ സംവിധാനം നൽകിയാണ് ഇതു സാധ്യമാകുന്നത്. താഴെ നിന്ന് ലിവർ തിരിക്കുന്നതനുസരിച്ച് ടാങ്കിന്റെ ഡ്രെയിൻ വാൽവ് തുറക്കുകയും അടയ്ക്കുകയും ചെയ്യാവുന്ന സംവിധാനമാണ് ഇത്. സ്റ്റെയിൻലെസ് സ്റ്റീൽ ടാങ്കിലാണ് ഇതു കൂടുതൽ ഫലപ്രദമാകുക.

വിവരങ്ങൾക്കു കടപ്പാട്: നെക്സ്റ്റീൽ ഇൻഡസ്ട്രീസ്, ആലുവ, കൊച്ചി

സെൽസെർ പോളിമേഴ്സ്, തൃശൂർ