Tuesday 28 May 2019 04:50 PM IST : By സ്വന്തം ലേഖകൻ

കൊടുംവേനലിൽ കുടിനീരിന് അലയില്ല; മഴവെള്ളം തുറുപ്പുചീട്ടാക്കി അരവിന്ദാക്ഷൻ

water

ആലപ്പുഴ ജില്ലയുടെ പല ഭാഗത്തും രാവിലെ നീണ്ട ക്യൂ കാണാം. കുടിവെള്ളത്തിനുള്ള ക്യൂ ആണിത്. എന്നാൽ പാതിരാപ്പള്ളി കുറുവൻപറമ്പിൽ വീട്ടിലെ അരവിന്ദാക്ഷനെയോ കുടുംബാംഗങ്ങളെയോ ഈ ക്യൂവിൽ കാണാനാവില്ല. കിണറ്റിലെ വെള്ളം പാചകത്തിനും കുടിക്കാനുമൊന്നും ഉപയോഗിക്കാനാകില്ലെങ്കിലും അരവിന്ദാക്ഷന്റെ വീട്ടിൽ എപ്പോഴും ശുദ്ധജലമുണ്ട് എന്നതുതന്നെ കാരണം.

മഴവെള്ളം! അതാണ് അരവിന്ദാക്ഷന്റെ തുറുപ്പുചീട്ട്. വർഷം മുഴുവൻ കുടിക്കാനുള്ള മഴവെള്ളം അരിച്ച് ടാങ്കിൽ സംഭരിച്ചു വച്ചിരിക്കുകയാണ് അരവിന്ദാക്ഷൻ. സോളർ വാട്ടർഹീറ്ററിലൂടെ കടത്തിവിട്ട് ചൂടുള്ള വെള്ളം പാചകത്തിനും കുടിക്കാനുമെത്തും. ചൂടുവെള്ളം ലഭിക്കുന്നതിനാൽ പാചകത്തിനുവേണ്ട ഇന്ധനവും ലാഭിക്കാമെന്ന് അരവിന്ദാക്ഷന്റെ ഭാര്യ മഞ്ജു പറയുന്നു. ഇനി അൽപം ഇന്ധനം വേണ്ടിവന്നാൽതന്നെ അടുക്കളമാലിന്യം ഉപയോഗിച്ച് വീട്ടിൽത്തന്നെ ഉണ്ടാക്കുന്നുമുണ്ട്. ബയോഗ്യാസ് പ്ലാന്റിൽനിന്നു ലഭിക്കുന്ന സ്ലറി ഉപയോഗിച്ച് പച്ചക്കറിക്കൃഷിയുമുണ്ട്.

അരവിന്ദാക്ഷന്റെ വീടും പ്രകൃതിയോടു ചേർന്നു നിൽക്കുന്നതാണ്. വളരെ കുറച്ച് സിമന്റ് ഉപയോഗിച്ചു നിർമിച്ച ടെറാക്കോട്ട വീട്, ചൂട് ഉള്ളിലെത്തുന്നതു തടയുന്നു. സൂര്യപ്രകാശവും തണുത്ത കാറ്റും കയറിയിറങ്ങുന്ന വീട്ടിൽ അരവിന്ദാക്ഷനും കുടുംബവും സുതൃപ്തരാണ്. പ്രകൃതിയെ നോവിക്കാതെ പ്രകൃതിയുടെ തണലിൽ ജീവിക്കുന്നതിന്റെ സംതൃപ്തി.