Saturday 10 August 2019 04:11 PM IST : By സ്വന്തം ലേഖകൻ

തുള്ളി കുടിക്കാനില്ലെങ്ങും! പ്രളയകാലത്തെ കുടിവെള്ള പ്രശ്നം അതിജീവിക്കാം, ഈ മാർഗങ്ങളിലൂടെ

drinkz

കുടിവെള്ള സ്രോതസ്സുകൾ മലിനമായതുകൊണ്ട് ശുദ്ധമായ കുടിവെള്ളം കിട്ടാനില്ല എന്നതാണ് വെള്ളപ്പൊക്ക സമയത്തെ ഗുരുതരമായ പ്രശ്നങ്ങളിലൊന്ന്. വെള്ളം കയറിയ സ്ഥലങ്ങളിൽ പ്രാദേശികമായി കുടിവെള്ളം എത്തിക്കാനുള്ള സംവിധാനങ്ങൾ ഒരുക്കാവുന്നതാണ്. മലിനജലത്തിന്റെ ഉപയോഗം ജലജന്യ രോഗങ്ങളായ ഹെപ്പറ്റൈറ്റിസ് എ, കോളറ എന്നിവ പടരാൻ സാധ്യതയുണ്ട്. എലിപ്പനിയും പിടിപെടാം. ശുദ്ധമായ വെള്ളം മാത്രം കുടിക്കുക.

ക്ലോറിൻ ഉപയോഗിച്ച് വെള്ളത്തിലെ അണുക്കളെ നശിപ്പിക്കാം. 1000 ലിറ്റർ വെള്ളത്തിന് രണ്ട് തീപ്പെട്ടിക്കൂട് നിറച്ചും ബ്ലീച്ചിങ് പൗഡർ‌ എന്ന അളവിൽ ചേർത്ത് വെള്ളം ഉപയോഗിക്കാവുന്നതാണ്. അണുക്കളെ നശിപ്പിക്കുമെങ്കിലും ഇത് വെള്ളത്തിലെ മാലിന്യം ഇല്ലാതാക്കില്ല. അതു മാറ്റണമെങ്കിൽ വെള്ളം ഫിൽറ്റർ ചെയ്തെടുക്കണം. കലങ്ങിയ വെള്ളം വിപണിയിൽ ലഭ്യമായ ഫിൽറ്റര്‍ ഉപയോഗിച്ച് ശുദ്ധീകരിച്ചാൽ അത് ബ്ലോക്ക് ആവാൻ സാധ്യതയുണ്ട്. വെള്ളത്തിലെ അഴുക്ക് നീക്കാൻ വീട്ടിൽ ചെയ്യാവുന്ന മാർഗമുണ്ട്. പ്ലാസ്റ്റിക്ക് കുപ്പിയുടെ വായുടെ ഭാഗമല്ലാത്ത വശത്തിന്റെ മുകൾ ഭാഗം മുറിച്ചുമാറ്റുക. ഉള്ളിലേക്ക് വൃത്തിയുള്ള തുണി വയ്ക്കുക. അതിനു മുകളിൽ മണൽ, ചെറിയ കല്ല്, ഓടിന്റെ കഷ്ണങ്ങളഅ‍, കരിക്കട്ട/ചകിരി എന്നിവ ഓരോ പാളികളായി നിറയ്ക്കുക. അതിലേക്ക് വെള്ളം ഒഴിച്ചുകൊടുക്കുക. ഒഴിച്ച ഉടനെ തെളിവുള്ള വെള്ളം വരാനുള്ള സാധ്യത കുറവാണ്. എന്നാൽ ക്രമേണ ഇത് സാധ്യമാകും. ഈ വെള്ളത്തിലെ മാലിന്യം മാറിയിട്ടുണ്ടെങ്കിലും ഇത് അണുവിമുക്തമല്ല. അതിനു വെള്ളം നന്നായി തിളപ്പിക്കണം. അതിനു ശേഷം ഉപയോഹിക്കാം