Tuesday 02 March 2021 02:48 PM IST

കണ്ണു തളളുന്ന മേക്കോവർ! വർഷങ്ങൾ പഴക്കമുള്ള ഗോഡൗൺ ഹോട്ടലാക്കി മാറ്റിയപ്പോൾ

Sunitha Nair

Sr. Subeditor, Vanitha veedu

ഉപയോഗശൂന്യമായ പഴയ കെട്ടിടങ്ങൾക്കെല്ലാം ഇനി ആശ്വസിക്കാം. കാരണം, അവയ്ക്കെല്ലാം ഇനിയുമൊരു അങ്കത്തിന് ബാല്യമുണ്ടെന്നതു തന്നെ! പുതിയ രൂപത്തിലും ഭാവത്തിലും അവതരിക്കാൻ സമയം വൈകിയിട്ടില്ല എന്നതിനുള്ള ഉദാഹരണമാണ് ആലപ്പുഴയിലെ ബെയ്റൂട്ട് റസ്റ്ററന്റും ടൈം സ്ക്വയർ ബുട്ടീക് ഹോട്ടലും.

അൻപത് വർഷത്തോളം പഴക്കമുള്ള ഗോഡൗണിനെ ഇങ്ങനെ മാറ്റിയെടുത്തത് കൊച്ചിയിലെ അകം ആർക്കിടെക്ട്സിലെ ഹീന ഷാരൂൺ ആണ്. അടിസ്ഥാന സ്ട്രക്ചർ അതേപടി നിലനിർത്തിയാണ് ആർക്കിടെക്ട് ഹീന മാറ്റങ്ങൾക്കു ചുക്കാൻപിടിച്ചത്. ഗോഡൗണിനു പിന്നിലെ ചെളി നിറഞ്ഞ പ്രദേശത്ത് ഒരു കിണറുണ്ടായിരുന്നു. കിണർ മൂടി ഇവിടം റിസപ്ഷൻ ഏരിയയാക്കി മാറ്റി.

താഴത്തെ നിലയിൽ റസ്റ്ററൻറ്, മുകളിലെ രണ്ടു നിലകളിലായി താമസിക്കാനുള്ള മുറികൾ, അതിനും മുകളിലെ ഓപൻ ഏരിയയുടെ കുറച്ചു ഭാഗത്തായി ഓഫിസ് സ്പേസ് എന്നിങ്ങനെയാണ് 11,000 ചതുരശ്രയടിയുള്ള കെട്ടിടത്തിന്റെ രൂപകൽപന. 75 പേർക്കിരിക്കാവുന്ന മിനി കോൺഫറൻസ് റൂമും ഒരുക്കിയിട്ടുണ്ട്. ഗോഡൗണിനു മുകളിലെ രണ്ടുനിലകളിലും കോറിഡോറിൽ നിന്നു പ്രവേശിക്കാവുന്ന വിധത്തിൽ പണിക്കാർക്കുള്ള മുറികളായിരുന്നു. കോറി‍ഡോർ ലേഒൗട്ട് ഹീന നിലനിർത്തി. കഷ്ടിച്ച് ഒരാൾക്കു മാത്രം താമസിക്കാവുന്ന മുറികളെ പാർട്ടീഷനുകൾ മാറ്റി വലുതാക്കി.

പ്രകൃതിയോടിണങ്ങുന്ന ഇന്റീരിയർ വേണമെന്ന ക്ലയന്റിന്റെ ആഗ്രഹത്തിലൂന്നിയാണ് ഹീന ബ്രൗൺ, നീല, പച്ച എന്നീ നിറങ്ങളെ കൂട്ടുപിടിച്ചത്. ഭൂമി, ആകാശം, കടൽ എന്നിവയെയാണ് ഈ നിറങ്ങൾ പ്രതിനിധാനം ചെയ്യുന്നത്. ഇന്റീരിയറിൽ നിറയെ ചെടികൾ വച്ചു മനോഹരമാക്കിയിട്ടുണ്ട്. കൂടാതെ, ഓപൻ സ്പേസ് നൽകി അവിടെയും ചെടികൾക്ക് ഇടം കൊടുത്തു.

പ്രകൃതിയെ അകത്തേക്കു വരവേൽക്കാനായി ഗ്ലാസ് ചുമരുകളും നൽകി. തേക്കും പ്ലൈവുഡ് ലാമിനേഷനുമാണ് തടിപ്പണികൾക്കുപയോഗിച്ചത്. ഇന്റീരിയറിന്റെ മോടി കൂട്ടാൻ വോൾപേപ്പറിന്റെ സാന്നിധ്യവുമുണ്ട്. ഫർണിച്ചർ എല്ലാം കസ്റ്റമൈസ് ചെയ്തതാണ്. ഒന്നര വർഷം കൊണ്ട് മേക്ക്ഓവർ പൂർത്തിയായി.

അകം ആർക്കിടെക്ട്സ് 99959 04934

Tags:
  • Vanitha Veedu