നിലം എന്നു രേഖപ്പെടുത്തിയ ഭൂമി പുരയിടമായി മാറ്റാനുള്ള അപേക്ഷകളാണ് കെട്ടിക്കിടക്കുന്നവയിൽ കൂടുതലും
ഭൂമി തരംമാറ്റ അപേക്ഷകൾ വേഗം തീർപ്പാക്കാൻ സർക്കാർ നടപടിയെടുക്കുന്നു. സംസ്ഥാനത്ത് 2.7 ലക്ഷം അപേക്ഷകളാണ് തീരുമാനമാകാതെ കെട്ടിക്കിടക്കുന്നത്. നിലവിൽ റവന്യൂ ഡിവിഷൻ ഓഫിസർ (ആർഡിഒ) ആണ് ഭൂമി തരംമാറ്റ അപേക്ഷകൾ തീർപ്പാക്കുന്നത്. ജൂലൈ ഒന്ന് മുതൽ ഡപ്യൂട്ടി കലക്ടർമാർ കൂടി അപേക്ഷ തീർപ്പാക്കും. ഓരോ താലൂക്കിനും ഒരു ഡപ്യൂട്ടി കലക്ട്ർ എന്ന നിലയിലായിരിക്കും ഉദ്യോഗസ്ഥരെ വിന്യസിക്കുക. നിലവിൽ 78 താലൂക്കുകളാണ് സംസ്ഥാനത്തുള്ളത്. തരംമാറ്റ അപേക്ഷകൾ കുറവായ ചില താലൂക്കുകളുടെ അധികചുമതല കൂടി നൽകുന്ന രീതിയിൽ 71 ഡപ്യൂട്ടി കലക്ടർമാരെയാണ് ഇതിനായി നിയമിച്ചിട്ടുള്ളത്.
നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമത്തിലെ ‘റവന്യൂ ഡിവിഷൻ ഓഫിസർ’ എന്ന നിർവചനം ‘ഡപ്യൂട്ടി കലക്ടർ തസ്തികയിൽ താഴെയല്ലാത്ത സർക്കാർ അധികാരപ്പെടുത്തുന്ന ഉദ്യോഗസ്ഥൻ’ എന്നു ഭേദഗതി ചെയ്തുകൊണ്ടാണ് സർക്കാർ പരിഷ്കാരം നടത്തുന്നത്. ഡപ്യൂട്ടി കലക്ടർമാരെ സഹായിക്കാൻ68 ജൂനിയർ സൂപ്രണ്ട്, 181 ക്ലാർക്ക് തസ്തികകൾ നേരത്തെ സൃഷ്ടിച്ചിരുന്നു. വസ്തു അളന്നു തിട്ടപ്പെടുത്തുന്നതിനായി 123 സർവേയർമാരെ താൽക്കാലികമായി നിയമിക്കാനും 220 വാഹനങ്ങൾ വാടകയ്ക്ക് എടുക്കാനും തീരുമാനമായതായി മന്ത്രി കെ.രാജൻ അറിയിച്ചു. ഇതോതെ തരംമാറ്റ അപേക്ഷകൾ വേഗത്തിൽ തീർപ്പാക്കാനാകും എന്നാണ് സർക്കാർ പ്രതീക്ഷിക്കുന്നത്. കെട്ടിക്കിടക്കുന്ന അപേക്ഷകൾ കൂടാതെ ഓരോ ദിവസവും പുതിയ അപേക്ഷകളും ആർഡിഒ ഓഫിസുകളിൽ ലഭിക്കുന്നുണ്ട്.
റവന്യൂ രേഖകളിൽ ഒരു ഇനത്തിൽപ്പെട്ട ഭൂമി മറ്റൊന്നായി മാറ്റുന്നതിനെയാണ് ‘തരംമാറ്റൽ’ എന്നു പറയുക. പുരയിടം, നിലം, തണ്ണീർത്തടം എന്നിങ്ങനെ പല ഇനങ്ങളായാണ് ഭൂമി രേഖപ്പെടുത്തുക. നെൽവയൽÐതണ്ണീർത്തട സംരക്ഷണ നിയമപ്രകാരം തയാറാക്കിയ ഡാറ്റാ ബാങ്കിൽ ഉൾപ്പെട്ട ഭൂമിയാണ് കൂടുതൃലും തരംമാറ്റുക. മൂന്ന് ഘട്ടങ്ങളായാണ് ഇതിനുള്ള നടപടിക്രമങ്ങൾ. ഡാറ്റാ ബാങ്കിൽ നിന്ന് ഭൂമി ഒഴിവാക്കുകയാണ് ഒന്നാമത്തേത്. അതിനു ശേഷം തരംമാറ്റലിനുള്ള ഉത്തരവ് സമ്പാദിക്കണം. എന്നിട്ട് റവന്യൂരേഖകളിൽ ‘ഇനംമാറ്റം’ വരുത്തണം.
റവന്യൂ വകുപ്പിന്റെ വെബ്സൈറ്റ് വഴി ആർഡിഒയ്ക്കാണ് അപേക്ഷ നൽകേണ്ടത്.