Thursday 07 January 2021 02:48 PM IST

ബാത്റൂമിലെ ഹെൽത് ഫോസറ്റ് ഇടയ്ക്കിടെ പണിമുടക്കുന്നുണ്ടോ? ഇക്കാര്യങ്ങൾ ശ്രദ്ധിച്ചാൽ ഇത് മറികടക്കാം

Sunitha Nair

Sr. Subeditor, Vanitha veedu

fosat1

ബാത്റൂമിൽ ഉപയോഗിക്കുന്ന ഹെൽത് ഫോസറ്റുകൾ പലപ്പോഴും പ്രശ്നക്കാരായി മാറാറുണ്ട്. ഇവ കേടാകുന്നതും ചോർച്ചയുമൊക്കെ മിക്കപ്പോഴും സംഭവിക്കുന്ന കാര്യങ്ങളാണ്. ഹെൽത് ഫോസറ്റ് വാങ്ങുമ്പോഴും ഉപയോഗിക്കുമ്പോഴും ശ്രദ്ധിച്ചാൽ ഇത്തരം പല തലവേദനകളും ഒരു പരിധി വരെ നിയന്ത്രിക്കാം. ക്ലോസറ്റിൽ ഇരിക്കുമ്പോൾ വലതുവശത്ത് വരുന്ന വിധം വേണം ഇവ പിടിപ്പിക്കാൻ. ടോയ്‌ലറ്റിന്റെ തറനിരപ്പിൽനിന്ന് 35 സെമീ ഉയരത്തിലാണ് പിടിപ്പിക്കുന്നത്. ഫോസറ്റ് ഹോൾഡർ ശരാശരി 80 സെമീ ഉയരത്തിലാണ് സാധാരണ പിടിപ്പിക്കാറുള്ളത്.നിലവാരമുള്ള ഫോസറ്റ് വാങ്ങിയാൽ കേടുപാടുകളും ചോർച്ചയും ഒഴിവാക്കാം. വിലക്കുറവു നോക്കി ഗുണമേന്മ കുറഞ്ഞത് തിരഞ്ഞെടുക്കരുത്. തുടക്കത്തിലെ ലാഭം ഭാവിയിൽ നഷ്ടമായിത്തീരും. ഭംഗിയല്ല ഉപയോഗക്ഷമതയാണ് നോക്കേണ്ടത്. സങ്കീർണമായ മെക്കാനിസം ഉള്ളവ ഒഴിവാക്കുകയാണ് നല്ലത്. 900 രൂപ മുതലാണ് നിലവാരമുള്ള ഫോസറ്റുകളുടെ വില.

fosat2

നോബ് ഒടിയുകയെന്നതാണ് ഫോസറ്റിന്റെസ്ഥിരം പ്രശ്നം. ഫോസറ്റിന്റെ ഞെക്കുന്ന ഭാഗം ലിവർ, സ്വിച്ച് എന്നിങ്ങനെ രണ്ടു രീതിയിലുള്ളവ കിട്ടും. ഇതിൽ ലിവർ രീതിയിലുള്ളതിനാണ് ഈടു കൂടുതൽ.ജെറ്റ്, സ്പ്രേ എന്നിങ്ങനെ രണ്ടു തരം ഫോസറ്റുണ്ട്. വെള്ളം ചീറ്റി വരുന്നത് ജെറ്റും ഷവറിലേതു പോലെ പതഞ്ഞു വരുന്നത് സ്പ്രേ മോഡലുമാണ്. ആവശ്യമനുസരിച്ച് തിരഞ്ഞെടുക്കാം. ഫോസറ്റിലെ ദ്വാരങ്ങളുടെ വലുപ്പം കൂടുന്നതനുസരിച്ച് വെള്ളത്തിന്റെ ശക്തി കുറയും.ഹെൽത് ഫോസറ്റിന്റെ ചോർച്ച വിദഗ്ധ സഹായമില്ലാതെ ശരിയാക്കാവുന്നതേയുള്ളൂ.വെള്ളം വരുന്ന, സുഷിരങ്ങളുള്ള ഔട്ട്ലെറ്റ് ഭാഗത്തു നിന്നോ അതിനൽപം താഴെയായുള്ള ഇൻലെറ്റ് ഭാഗത്തു നിന്നോ ആണ് ചോർച്ചയുണ്ടാകാറുള്ളത്. ചോർച്ചയുള്ള ഭാഗം പരിശോധിച്ച് പൊട്ടലോ വിള്ളലോ ഇല്ല എന്നുറപ്പു വരുത്തുക. ഈ രണ്ടു ഭാഗങ്ങളും തിരിച്ചാൽ ഊരാൻ സാധിക്കും. ഊരി അതിനുള്ളിലെ വാഷർ, തിന്നറിൽ 10–30 സെക്കൻഡ് വരെ മുക്കി വയ്ക്കുക. അതിനുശേഷം വെള്ളത്തിൽ കഴുകി യഥാസ്ഥാനം പിടിപ്പിക്കുക. ചോർച്ച കഴിവതും ഒഴിവാക്കാം.

Tags:
  • Vanitha Veedu