Saturday 10 April 2021 03:00 PM IST

നേരമ്പോക്കിന് നെറ്റിപ്പട്ടമുണ്ടാക്കി, ഫെയ്സ്ബുക്ക് ചിത്രം കണ്ട് എത്തിയത് ആമസോൺ: നീനുവിന്റെ അമ്പരപ്പിക്കുന്ന വിജയഗാഥ

Sunitha Nair

Sr. Subeditor, Vanitha veedu

nattipatam new 2

ഏതു പ്രതിസന്ധിയും വിജയത്തിലേക്കുള്ള ചവിട്ടുപടിയാക്കണമെന്ന് പറയാറുണ്ട്. അത് അക്ഷരാർഥത്തിൽ പ്രാവർത്തികമാക്കിയിരിക്കുകയാണ് കൊച്ചി വൈറ്റിലയിലെ നീനു രതീഷ്. ലോക്ഡൗണ്‍ കാരണം വെറുതെ വീട്ടിലിരുന്നപ്പോഴാണ് നീനു വളരെക്കാലമായുള്ള തന്റെ ആഗ്രഹം പുറത്തെടുത്തത്. വീടിനകം അലങ്കരിക്കാൻ ഒരു നെറ്റിപ്പട്ടം വേണമെന്നതായിരുന്നു അത്. അങ്ങനെ നീനു തനിയെ നെറ്റിപ്പട്ടമുണ്ടാക്കി. അതിന്റെ ചിത്രമെടുത്ത് ഫെയ്സ്ബുക്കിലിട്ടപ്പോൾ ദാ വരുന്നു ആവശ്യക്കാർ. ആവശ്യക്കാരുടെ എണ്ണം കൂടിയതോടെ ‘നീനു ആർട്സ്’ എന്ന പേരിൽ നെറ്റിപ്പട്ട നിർമാണം ആരംഭിച്ചു.

nettippatam new 2

ആമസോണിലും നീനുവിന്റെ നെറ്റിപ്പട്ടങ്ങൾ വിൽക്കുന്നുണ്ട്. ചെറുതായി തയ്ക്കുകയും ബോട്ടിൽ പെയിന്റ് ചെയ്യുകയുമൊക്കെ ഹോബിയാക്കിയിരുന്ന നീനു ലോക്ഡൗൺ കാലത്താണ് ആദ്യമായി നെറ്റിപ്പട്ടം നിർമിക്കുന്നത്. ഒന്നര മുതൽ അഞ്ച് അടി വരെ വലുപ്പമുള്ള നെറ്റിപ്പട്ടങ്ങളാണ് നീനുവിന്റെ കരവിരുതിൽ വിരിയുന്നത്.സ്വർണനിറത്തിലുള്ള ഫൈബർ മൊട്ടുകൾ തുണിയിലേക്ക് ഒട്ടിക്കുകയാണ് ചെയ്യുന്നത്. അതിനു ശേഷം ചുറ്റിലും കമ്പിളി നൂൽ കെട്ടിയെടുത്ത് പിടിപ്പിക്കുന്നു.

Untitled

ആനയെ അണിയിക്കുന്ന യഥാർഥ നെറ്റിപ്പട്ടം പിച്ചളമൊട്ടുകൾ തുന്നി പിടിപ്പിച്ചാണ് ഉണ്ടാക്കുന്നത്. എന്നാൽ അലങ്കാരത്തിനു വേണ്ടിയായതു കൊണ്ട് ഇവിടെ അതിന്റെ ആവശ്യമില്ല.2.5 അടിയുള്ള നെറ്റിപ്പട്ടം നിർമിക്കാൻ തുടർച്ചയായ അഞ്ച് മണിക്കൂർ വേണമെന്ന് നീനു പറയുന്നു. കമ്പിളി നൂലും മൊട്ടുകളും വാങ്ങാൻ കിട്ടും. സ്വർണ മൊട്ടുകൾക്കു പകരം വെള്ളിയുടെ നിറത്തിലുള്ള മൊട്ടുകളും പിടിപ്പിക്കാറുണ്ട്.

nettipatam new 3

രണ്ട് അടിയുടെ നെറ്റിപ്പട്ടത്തിന് 2,500 രൂപയാണ് വില. അഞ്ച് അടിക്ക് 11,000 രൂപയും. കുരിശ്, ഓം എന്നിവ ആലേഖനം ചെയ്ത നെറ്റിപ്പട്ടങ്ങളുമുണ്ട്. ടൂറിസം മേഖലയിൽ ജോലി ചെയ്തിരുന്ന നീനുവിന് കൊറോണ ഒരു ഭീഷണിയായി മാറിയെങ്കിലും സ്വന്തമായി ഒരു വരുമാനമാർഗം കണ്ടെത്തിയതിന്റെ സന്തോഷത്തിലാണ്. ഭർത്താവ് രതീഷ് പൂർണ പിന്തുണയേകുന്നു. 

ഇ മെയിൽ: neenusarts@gmail.com

Tags:
  • Vanitha Veedu