Friday 12 July 2019 05:17 PM IST : By സ്വന്തം ലേഖകൻ

‘പറഞ്ഞ സമയത്ത് വീട് പണി പൂർത്തിയാക്കി കിട്ടണം’ ;ബിൽഡർ വഞ്ചിച്ചാൽ ശരണം ഉപഭോക്തൃകോടതി

building-law

സാധനങ്ങൾ വാങ്ങിയ ശേഷമുള്ള പരാതികൾക്ക് ഉപഭോക്തൃ കോടതിയെ സമീപിക്കാം എന്ന കാര്യം എല്ലാവർക്കും അറിയാം. വീടുനിർമാണവുമായി ബന്ധപ്പെട്ട തർക്കങ്ങൾ പരിഹരിക്കാൻ ഉപഭോക്തൃ കോടതിയെ സമീപിക്കാനാകുമോ ?

വീടുനിർമാണവുമായി ബന്ധപ്പെട്ട കരാർ ലംഘനങ്ങൾക്ക് ഉപഭോക്തൃ കോടതി വഴി പരിഹാരം കാണാനാകും എന്ന് ലക്നൗ ഡവലപ്മെന്റ് അതോറിറ്റിയും എം.കെ . ഗുപ്തയും തമ്മിലുള്ള കേസിന്റെ വിധി പ്രസ്താ വനയിലൂടെ സുപ്രീം കോടതി വ്യക്തമാക്കിയിട്ടുണ്ട്.മാത്രമല്ല, കേന്ദ്രസർക്കാർ 1986 ലെ നിയമഭേദഗതിയിലൂടെ പാർപ്പിടനിർമാണവും അനുബന്ധ സേവനങ്ങളും ഉപഭോക്തൃ സംരക്ഷണ നിയമത്തിന്റെ പരിധിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതനുസരിച്ച് ബിൽഡർ, ആർക്കിടെക്ട്, എൻജിനീയർ, ഡിസൈനർ, മറ്റ് സേവനദാതാക്കൾ എന്നിവരുമായുള്ള തർക്കങ്ങൾക്കും പരാതികൾക്കുമൊക്കെ ഉപഭോക്തൃ കോടതിയെ സമീപിക്കാം.എല്ലാ ജില്ലകളിലും ഉപഭോക്തൃ തർക്കപരിഹാര സമിതികളുണ്ട്.

എന്തെല്ലാം പരാതിപ്പെടാം

കരാർ കാലാവധിക്കുള്ളിൽ കെട്ടിടംപൂർത്തിയാക്കി കൈമാറാതിരിക്കുക, കെട്ടിടത്തിന് വാഗ്ദാനം ചെയ്ത ഗുണമേന്മ ഇല്ലാതിരിക്കുക, വാഗ്ദാനം ചെയ്ത സൗകര്യങ്ങൾ ഉൾപ്പെടുത്താതിരിക്കുക തുടങ്ങിയ പരാതികൾക്കെല്ലാം ഉപഭോക്തൃകോടതിയെ സമീപിക്കാം. കെട്ടിടം കൈമാറി അതിൽ താമസം തുടങ്ങിയ ശേഷം മനസ്സിലാക്കുന്ന പോരായ്മകളായ ചുമരിലെ വിള്ളൽ, ചോർച്ച എന്നിവയ്ക്കും ഉപഭോക്തൃ കോടതിയിൽ പരാതിപ്പെടാനാകും. കൈമാറ്റ സമയത്ത് ‘കുഴപ്പങ്ങളൊന്നുമില്ല ബോധ്യപ്പെട്ടു’ എന്ന് സമ്മതപത്രം ഒപ്പിട്ടു നൽകിയിട്ടുണ്ടെങ്കിലും പരാതി നൽകാവുന്നതാണ്. പാർക്കിങ് സ്പേസ്, സ്വിമ്മിങ് പൂൾ, റിക്രിയേഷൻ ഹാൾ തുടങ്ങിയ പൊതുസൗകര്യങ്ങളുടെ കാര്യത്തിൽ കരാർ ലംഘനം ഉണ്ടായിട്ടുണ്ടെങ്കിലും പരാതിപ്പെടാം. ഏതെങ്കിലും കേസിൽപെട്ട സ്ഥലത്ത് കെട്ടിടം നിർമിച്ച് കൈ മാറിയാലും ഉപഭോക്തൃ കോടതിയിൽ പരാതി നൽകാം.

വിവരങ്ങൾക്ക് കടപ്പാട്; അൻസിൽ സക്കറിയ കോമാട്ട്, അഭിഭാഷകൻ