Tuesday 13 August 2019 03:39 PM IST : By സ്വന്തം ലേഖകൻ

വെള്ളം കയറിയ വീടും പരിസരവും വൃത്തിയാക്കുന്നവർ സ്വീകരിക്കേണ്ട ചില മുൻകരുതലുകൾ!

house-cleaning88765

പ്രളയജലം ഇറങ്ങിയതോടെ ദുരിതാശ്വാസ ക്യാമ്പിൽ നിന്നും തിരികെ വീട്ടിൽ കയറാനുള്ള ഒരുക്കത്തിലാണ് ഏറെപ്പേരും. ഈ സാഹചര്യത്തിൽ വീടും പരിസരവും അണുവിമുക്തമാക്കിയ ശേഷം മാത്രമേ വാസം തുടങ്ങാവൂ എന്നാണ് ആരോഗ്യവിദഗ്ധർ നിർദ്ദേശിക്കുന്നത്. വെള്ളം കയറിയ വീടും പരിസരവും വൃത്തിയാക്കുന്നവർ സ്വീകരിക്കേണ്ട ചില മുൻകരുതലുകളാണ് ചുവടെ കൊടുത്തിരിക്കുന്നത്.

1. ദിവസങ്ങളോളം വെള്ളത്തിനടിയിലായ വീടുകൾ വൃത്തിയാക്കുന്നതിന് ആവശ്യമായ സാധനങ്ങൾ കയ്യിൽ കരുതുക. വീടിനകത്തെല്ലാം ചെളി നിറഞ്ഞിരിക്കും. നെല്ല്, ധാന്യങ്ങൾ, പഴവർഗം, പച്ചക്കറി എന്നിവയിൽ നിന്ന് ദുർഗന്ധം വമിക്കാൻ സാധ്യതയുണ്ട്. 

2. ആദ്യം തന്നെ മെയിൻ ഫ്യൂസ് ഊരി വൈദ്യുതി ബന്ധം വിച്ഛേദിക്കുക. 

3. വീട് വൃത്തിയാക്കാൻ ബ്ലീച്ചിങ് പൗഡർ‌ നിർബന്ധമായും ഉപയോഗിക്കണം. കാരണം അതിനേക്കാൾ നല്ല അണുനാശിനി വേറെയില്ല. വീടിനകത്ത് കയറിയിരിക്കുന്ന ഇഴജന്തുക്കളെ അകറ്റാനും ഇത് സഹായിക്കും. 

4. വീടിനുള്ളിലേക്ക് പ്രവേശിക്കുന്നതിനു മുൻപ് വാതിൽക്കൽ നിന്നു തന്നെ അകത്തേക്കു ബ്ലീച്ചിങ് പൗഡർ വിതറുക. നനവുമായി ചേർന്ന് സൊലൂഷൻ ആകുന്നതാണ്. അതല്ലെങ്കിൽ ഒരു ബക്കറ്റ് വെള്ളത്തിൽ രണ്ട് ടീസ്പൂണ്‍ ബ്ലീച്ചിങ് പൗഡർ എന്ന അളവിൽ കലക്കി ഉപയോഗിക്കാം. ഇതിനു ശേഷം വിപണിയില്‍ ലഭ്യമായ ലായനികൾ ഉപയോഗിക്കാം. ഇടയ്ക്കിടെ കൈകൾ സോപ്പിട്ട് കഴുകാൻ പ്രത്യേകം ശ്രദ്ധിക്കണം. 

5. വെള്ളത്തിൽ ഇറങ്ങി നിന്ന് വീട് വൃത്തിയാക്കുന്നവർ ഉൾപ്പെടെ വെള്ളവുമായി സമ്പർക്കം പുലർത്തുന്നവരെല്ലാം 100mg ഡോക്സിസൈക്ലിൻ ടാബ്‍‍ലറ്റ് ആഴ്ചയിൽ രണ്ടെണ്ണം വീതം നാല് ആഴ്ച കഴിക്കുക. രണ്ടെണ്ണം ഒരുമിച്ച് കഴിക്കാവുന്നതാണ്. ഗർഭിണികളും 12 വയസ്സിൽ താഴെയുള്ള കുട്ടികളും കഴിക്കരുത്. പാലൂട്ടുന്ന അമ്മമാരും ശ്രദ്ധിക്കണം. 

6. വെള്ളം എലിമാളങ്ങളിലൂടെ കയറിയിറങ്ങാൻ സാധ്യതയുള്ളതിനാൽ എലിപ്പനി ഭീഷണിയു‍ണ്ടാവാം. കൈയുറകളും കാലുറകളും ധരിച്ചുവേണം വൃത്തിയാക്കാൻ. മുറിവുള്ളവര്‍ പ്രത്യേകം ശ്രദ്ധിക്കണം. കെട്ടിക്കിടക്കുന്ന വെള്ളത്തിൽ മണ്ണെണ്ണ ഒഴിച്ച് കൊതുകിനെ നശിപ്പിക്കുകയും വേണം. 

Tags:
  • Vanitha Veedu